പേരാമ്പ്ര: ഭീഷണിയെ തുടർന്ന് ചന്ദ്രിക ആഴ്ചപ്പതിപ്പിലെ ലേഖനം പിൻവലിച്ചു. പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളജ് അധ്യാപകനും ചരിത്ര ഗവേഷകനുമായ പി.ആർ. ഷിത്തോർ എഴുതിയ 'തിയ്യരും ഹിന്ദുവത്കരണവും' എന്ന ലേഖനമാണ് പിൻവലിച്ചത്.
ജൂൺ 20ന് ഓൺലൈനായി ഇറങ്ങിയ ആഴ്ചപ്പതിപ്പിലായിരുന്നു ലേഖനം. ലേഖകനെയും ചിലർ വിളിച്ച് ഭീഷണിപ്പെടുത്തി. എന്നാൽ, സംഭവം വിവാദമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി ഷിത്തോർ ഫേസ്ബുക്കിലൂടെ ചന്ദ്രികയോട് ലേഖനം പിൻവലിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ലേഖനം പിൻവലിച്ചതായി 'ചന്ദ്രിക'യും അറിയിച്ചു. ഒ.ബി.സി മോർച്ച ഉപാധ്യക്ഷൻ റിഷി പൽപ്പു ലേഖനത്തിനെതിരെ രംഗത്തുവന്നിരുന്നു. തിയ്യ സ്ത്രീകളെ മോശമായാണ് ലേഖനത്തിൽ പരാമർശിക്കുന്നതെന്നാണ് റിഷിയുടെ വാദം. മലബാറിലെ തിയ്യ സമുദായം നേരിടേണ്ടി വന്ന സാമൂഹിക അനുഭവങ്ങളും ആ സമുദായം മറ്റു കീഴാള സമുദായങ്ങളോട് അനുവർത്തിച്ച സമീപനങ്ങളുമാണ് ലേഖനത്തിൽ പ്രതിപാദിക്കുന്നത്.
വിവാദ ഭാഗം മുൻ തിരുക്കൊച്ചി മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം സെക്രട്ടറിയുമായിരുന്ന സി. കേശവെൻറ ആത്മകഥയിൽനിന്ന് അതേപടി എടുത്തതാണെന്നാണ് ലേഖകൻ പറയുന്നത്. ഇതേ പരാമർശങ്ങൾ 'ജാതിവ്യവസ്ഥയും കേരളവും' എന്ന പുസ്തകത്തിൽ ഇതേ സമുദായാംഗവും എഴുത്തുകാരനുമായിരുന്ന പി.കെ. ബാലകൃഷ്ണൻ വിദേശ സഞ്ചാരികളെ ഉദ്ധരിച്ച് വിശദമായി എഴുതിയിട്ടുണ്ട്. അന്നത്തെ സാമൂഹിക പിന്നാക്കാവസ്ഥയും ചൂഷണവും വെളിപ്പെടുത്തുന്ന ഈ വസ്തുതകളെ ലേഖനത്തിൽ ഉൾപ്പെടുത്തിയത് ഏറെ തെറ്റിദ്ധരിപ്പിക്കും വിധം പ്രചാരണം നടത്തുന്നുണ്ട്.
പിന്നാക്ക സമുദായങ്ങളെ അവഹേളിക്കുന്ന നിലപാട് കൈക്കൊണ്ടിട്ടില്ല. ഈ വിഭാഗങ്ങൾ അനുഭവിച്ച പീഡനങ്ങളും ചൂഷണങ്ങളും രേഖപ്പെടുത്താനാണ് ശ്രമിച്ചത്. ഇത്തരം വിഷയങ്ങളെ സംവാദാത്മകമാക്കുന്നതിനു പകരം സെൻസിറ്റീവാക്കുന്നത് തുടരുകയാണെങ്കിൽ പുനരാലോചന നടത്തേണ്ടിവരും. ഇത് പല രീതിയിലും പലരും മുതലെടുക്കാൻ സാധ്യത ഉണ്ടെന്ന സൂചനകളുണ്ട്. അതുകൊണ്ട് എസ്.എൻ.ഡി.പി, തിയ്യ മഹാസഭ എന്നിവരുടെ പ്രസ്താവന കണക്കിലെടുത്തും മൊത്തത്തിലുള്ള സാമൂഹിക രാഷ്ട്രീയ അവസ്ഥയുടെ പശ്ചാത്തലത്തിൽ ലേഖനം സ്വമേധയാ നീക്കാൻ ആവശ്യപ്പെടുകയാണെന്നും ഷിത്തോർ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.