കണ്ണൂര്‍ വിമാനത്താവളം: റണ്‍വേ നീളംകൂട്ടല്‍ വൈകും

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യവിമാനം പറന്നിറങ്ങാന്‍ ഇനി 59 ദിവസം മാത്രം അവശേഷിക്കേ റണ്‍വേ 3050 മീറ്ററില്‍ നിന്നു 3400 ആയി വര്‍ധിപ്പിക്കാന്‍ നാലാംഘട്ട സ്ഥലം ഏറ്റെടുക്കലിനും റണ്‍വേ വികസിപ്പിക്കുന്നതിനും കാലതാമസം നേരിടാന്‍ സാധ്യത.
മൂന്നാംഘട്ടത്തില്‍ വിജ്ഞാപനം പുറപ്പെടുവിച്ച ഭൂമി ഇതിനകം പൂര്‍ണമായും ഏറ്റെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് നാലാംഘട്ടത്തിലെ സ്ഥലമേറ്റെടുക്കലിനു കാലതാമസം നേരിടാന്‍ സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നത്. 
വീണ്ടും ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നതും നാലാംഘട്ട ഭൂമി ഏറ്റെടുക്കല്‍ വൈകിപ്പിക്കും. അതിനാല്‍, അടുത്ത വര്‍ഷം മേയ് മുതല്‍ കണ്ണൂരില്‍ നിന്നു വാണിജ്യാടിസ്ഥാനത്തില്‍ സര്‍വിസ് ആരംഭിക്കുന്നത് 3050 മീറ്റര്‍ റണ്‍വേയിലായിരിക്കും.
കണ്ണൂര്‍ വിമാനത്താവള ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി മട്ടന്നൂരില്‍ മൂന്ന് ലാന്‍ഡ് അക്വിസിഷന്‍ സ്പെഷല്‍ തഹസില്‍ദാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവിടെ ഇപ്പോള്‍ മൂന്നാം ഘട്ടത്തിലെ ഭൂമി ഏറ്റെടുക്കല്‍ നടപടിയാണ് നടന്നുവരുന്നത്.
ഇതിനകം 2600 മീറ്ററോളം പൂര്‍ണമായെങ്കിലും 2015 ഡിസംബര്‍ 31ന് പരീക്ഷണാര്‍ഥം വിമാനമിറക്കുന്നത് 2400 മീറ്റര്‍ റണ്‍വേയിലാണ്. മൂന്നാം ഘട്ടത്തിലായിരിക്കും 3400 മീറ്റര്‍ റണ്‍വേ നിര്‍മാണം പൂര്‍ത്തിയാക്കുകയെന്നാണ് അധികൃതര്‍ പറയുന്നത്.
റണ്‍വേ നീളം 3400 മീറ്ററായി വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി നാലാംഘട്ട ഭൂമിക്കുള്ള സര്‍വേ ഇതിനകം പൂര്‍ണമായിട്ടുണ്ട്. 3050 മീറ്ററില്‍ നിന്ന് 3400 മീറ്ററായി വര്‍ധിപ്പിക്കുമ്പോള്‍ 350 മീറ്റര്‍ റണ്‍വേക്കാവശ്യമുള്ള മുഴുവന്‍ ഭൂമിയും കാനാട് മേഖലയില്‍ നിന്നായിരിക്കും ഏറ്റെടുക്കുക.
കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ കല്ളേരിക്കര മേഖലയില്‍ സമര രംഗത്തുണ്ടായിരുന്ന കുടിയിറക്കു വിരുദ്ധ കര്‍മസമിതിയുടെ നിബന്ധനകള്‍ തത്വത്തില്‍ അംഗീകരിച്ചതോടെ ലൈറ്റ് അപ്രോച്ചിനായി മാത്രം കല്ളേരിക്കരയില്‍ ഏറ്റെടുക്കുന്ന 10.6 ഏക്കര്‍ സ്ഥലത്തിന്‍െറ സര്‍വേ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.