കൊച്ചി: ഫോർട്ട്കൊച്ചി മേഖലയിൽ ആലുവയിലേതിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. കർഫ്യൂ അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. വ്യാപനം വർധിക്കാതിരിക്കാൻ പൊലീസിെൻറ നേതൃത്വത്തിൽ മാപ്പിങ് നടത്തിയിട്ടുണ്ട്.
ഫോർട്ട്കൊച്ചി, തോപ്പുംപടി, മട്ടാഞ്ചേരി മേഖലയിൽ വ്യാപനം വർധിക്കുന്ന സാഹചര്യമാണ്. ബുധനാഴ്ച രാവിലെ കോർപറേഷൻ മേയറും മറ്റ് അധികൃതരുമായി ചേർന്ന് യോഗം വിളിച്ചിട്ടുണ്ട്. ഇതിൽ നടപടികൾക്ക് തീരുമാനമെടുക്കും. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവർക്ക് വീടുകളിൽ താമസിക്കാൻ അസൗകര്യമുണ്ടെങ്കിൽ ക്വാറൻറീൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. ജില്ലയിൽ പ്രധാനപ്പെട്ട ക്ലസ്റ്ററുകളിൽനിന്ന് നിലവിലുള്ള ഒരു കണ്ടെയ്ൻമെൻറ് സോണും ഒഴിവാക്കാറായിട്ടില്ല. ചെല്ലാനം മേഖലയിൽ രോഗികളുടെ എണ്ണത്തിൽ കുറവ് വന്നുവെന്നതാണ് ഏക ആശ്വാസം. ജില്ല ലോക്ഡൗണിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല.
ആലുവയിലെ ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട രീതിയിലാണെങ്കിലും രോഗം കാണുന്നുണ്ട്. എടത്തല, കടുങ്ങല്ലൂർ, തോട്ടക്കാട്ടുകര, ആലുവ, കീഴ്മാട്, ശ്രീമൂലനഗരം, കാലടി, ചൂർണിക്കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കോവിഡ് ബാധിതരുണ്ട്. അതിനാൽ കർഫ്യൂ തുടരും. ഇവിടങ്ങളിൽ പെരുന്നാൾ പ്രാർഥന കർഫ്യൂ നിയന്ത്രണങ്ങൾ പ്രകാരം മാത്രമായിരിക്കും. കളമശ്ശേരി, ഏലൂർ, ചേരാനല്ലൂർ പ്രദേശങ്ങളിലും കേസുകൾ വർധിക്കുന്നുണ്ട്. കളമശ്ശേരി വ്യവസായ മേഖല ആയതിനാൽ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഇളവുകൾ നൽകും. ജില്ലയിൽ ഒരുലക്ഷത്തിലധികം പരിശോധനകൾ നടത്തുന്നുണ്ട്. ഇത് വർധിപ്പിക്കാനാണ് തീരുമാനം. ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളെ ആശുപത്രികളാക്കി മാറ്റാൻ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.