മംഗളൂരു: മംഗളൂരു നഗരത്തിൽ കുലശേഖരയിലെ വൈറ്റ് ഡൊവ്സ് മനോരോഗ കേന്ദ്രത്തിൽ മാതൃമനസ്സിൽ ശാന്തിയുടെ വെള്ളരിപ്രാവുകൾ ചിറകടിച്ചു. 15 വർഷങ്ങൾക്ക് ശേഷം മകൻ ആസിഫിനെ പേരക്കുട്ടിക്കൊപ്പം കണ്ട സന്തോഷത്തിൽ ഫർസാന തൂവിയ ആനന്ദക്കണ്ണീർ ചുറ്റും നിന്നവരുടേയും കണ്ണുകൾ നനയിച്ചു. മംഗളൂരു നഗരത്തെരുവിൽ നിന്നാണ് മാണ്ഡ്യ ജില്ലയിലെ മധൂർ സ്വദേശിനി ഫർസാനയുടെ കഥ തുടങ്ങുന്നത്.
2009ൽ മാർക്കറ്റ് ഭാഗത്ത് തലങ്ങും വിലങ്ങും അലയുന്ന യുവതിയെക്കുറിച്ച് വിവരം ലഭിച്ച വൈറ്റ് ഡൊവ്സ് സ്ഥാപക കൊറിനെ അന്റോയ്നെറ്റെ റാസ്ഖ്വിൻഹ തന്റെ സ്ഥാപനത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. പേര് ഫർസാന, മദ്ദൂരിലെ ഇറച്ചിക്കടക്കടുത്ത് വീട് എന്നതിനപ്പുറം ഒരു വിവരവും നൽകാൻ കഴിയാത്ത മാനസികാവസ്ഥയിലായിരുന്നു യുവതി.
കാസർകോട്ടും കർണാടകയിൽ പല ഭാഗങ്ങളിലും മദ്ദൂർ നാമ സ്ഥലങ്ങൾ ഉണ്ട്. ഫർസാന സമനില കൈവരിക്കുന്നതിനിടെ ഉറ്റവരെ കണ്ടെത്താൻ അന്വേഷണവും തുടർന്നു. എന്നാൽ, അവരെ ഏൽപിച്ചുകൊടുക്കാവുന്ന കൈകൾ എവിടെയും തടഞ്ഞില്ല.
രണ്ടാഴ്ച മുമ്പാണ് മാണ്ഡ്യയിൽനിന്ന് ഒരു സ്ത്രീയുടെ വിളി വന്നത്. അടയാളങ്ങൾ പറഞ്ഞപ്പോൾ മറുതലക്കൽനിന്ന് പ്രത്യാശയുടെ വാക്കുകൾ കേൾക്കാനായി. ഉമ്മയെ കൂടെക്കൊണ്ടുപോവാൻ മാണ്ഡ്യ മദ്ദൂരിൽ നിന്ന് ഭാര്യക്കും മകനും ഒപ്പം കാറുമായി ആസിഫ് വന്നു. ആശുപത്രിയിൽ അണിയുന്ന വെള്ള വസ്ത്രത്തിൽ തലമുടി ക്രോപ് ചെയ്ത നിലയിലായിരുന്നെങ്കിലും ഉമ്മയെ ആസിഫ് തിരിച്ചറിഞ്ഞു. പതിയെ ഫർസാന മകനെയും. ഉമ്മയെ കാണാതായ മുതൽ ബന്ധുക്കൾ തിരയുന്നുണ്ടായിരുന്നു എന്ന് ആസിഫ് പറഞ്ഞു. താനും അനുജത്തിയും അന്ന് കുട്ടികളായിരുന്നു. വീട്ടിലെ പ്രശ്നങ്ങൾ കാരണം ഇറങ്ങി നടക്കുമായിരുന്നു ഉമ്മ. അന്ന് തിരിച്ചു വരുന്ന പതിവ് തെറ്റി. തങ്ങളുടെ പിതാവ് പിന്നീട് മരിച്ചെന്നും ആസിഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.