ബംഗളൂരു: കർണാടകയിൽ 2028നു മുമ്പ് താൻ വീണ്ടും മുഖ്യമന്ത്രിയാവുമെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ശനിയാഴ്ച മാണ്ഡ്യയിൽ കാർഷിക മേഖലയിൽ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിലെ അസംതൃപ്തിമൂലം സിദ്ധരാമയ്യ സർക്കാർ കാലാവധി പൂർത്തിയാക്കാതെ താഴെ വീഴുമെന്നും അദ്ദേഹം പറഞ്ഞു. ‘‘ഈ സർക്കാർ 2028 വരെ നീളില്ല. ജനങ്ങൾ വീണ്ടും എനിക്കൊരവസരം തരുമെന്നും ഞാൻ വീണ്ടും മുഖ്യമന്ത്രിയാവുമെന്നും എനിക്ക് ആത്മവിശ്വാസമുണ്ട്’’ -കുമാരസ്വാമി പറഞ്ഞു.
2006 ഫെബ്രുവരി മുതൽ 2007 ഒക്ടോബർ വരെയും 2018 മേയ് മുതൽ 2019 ജൂലൈ വരെയും കർണാടകയിൽ സഖ്യ സർക്കാറുകളെ എച്ച്.ഡി. കുമാരസ്വാമി നയിച്ചിരുന്നു. ഇരു സർക്കാറുകളും കാലാവധി പൂർത്തിയാക്കിയിരുന്നില്ല. ‘‘2028ന് മുമ്പ് ഒരിക്കൽകൂടി മുഖ്യമന്ത്രിയാവാൻ അവസരമൊരുങ്ങുന്നുണ്ട്. ഞാനൊരു പ്രവചകനല്ല. എന്നാലും ഞാനിത് പറയുകയാണ്.
ജനങ്ങൾ അത് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞാനെന്തിന് മുഖ്യമന്ത്രിയാവാതിരിക്കണം? എനിക്ക് അഞ്ചുവർഷം മുഖ്യമന്ത്രി പദത്തിൽ തികക്കാൻ അവസരം നൽകണമെന്നാണ് ജനങ്ങളോട് എന്റെ അഭ്യർഥന. കോൺഗ്രസ് സർക്കാർ വീഴും. എപ്പോഴാണ് അത് പൊട്ടിത്തെറിക്കുക എന്നറിയില്ല. കാത്തിരുന്ന് കാണാം’’ - കുമാരസ്വാമി പറഞ്ഞു. കോൺഗ്രസിന്റെത്തന്നെ എം.എൽ.എമാരാണ് സർക്കാറിനെ വീഴ്ത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.