ബംഗളൂരു: മെട്രോ, ബി.എം.ടി.സി യാത്രകൾക്ക് ഉപയോഗിക്കുന്ന നാഷനല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് (എന്‍.സി.എം.സി) സാങ്കേതിക തകരാറുകള്‍ കാരണം ഏപ്രില്‍ 15 വരെ പ്രവര്‍ത്തനരഹിതമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കാര്‍ഡ് വിതരണം ചെയ്യുന്നത് മെട്രോ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മെട്രോ യാത്രക്കായി എന്‍.സി.എം.സി കാര്‍ഡ് റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കില്ല.
ചൊവ്വാഴ്ചക്കകം പ്രശ്നം പരിഹരിക്കുമെന്നും യാത്രക്കാര്‍ക്ക് അസൗകര്യം ഒഴിവാക്കുന്നതിനായി ക്ലോസ്ഡ് ലൂപ് കാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയതായും പഴയ കാര്‍ഡിലെ തുക പുതിയ കാര്‍ഡിലേക്ക് കൈമാറ്റം ചെയ്യുമെന്നും ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്പറേഷന് ലിമിറ്റഡ് (ബി.എം.ആര്.സി.എല്‍) അധികൃതര്‍ പറഞ്ഞു. എന്നാൽ, ഈ പ്രശ്നം മെട്രോ യാത്രക്കാർ കൂടുതലായി ഉപയോഗിക്കുന്ന സ്മാർട്ട് കാർഡ് സംവിധാനത്തെ ബാധിക്കില്ല. സ്മാര്‍ട്ട് കാര്‍ഡ്, ടോക്കണ്‍, ക്യു.ആര് കോഡ് എന്നിവയാണ് ജനങ്ങള്‍ മെട്രോ യാത്രക്കായി കൂടുതല്‍ ഉപയോഗിക്കുന്നത്. മെട്രോക്ക് പുറമെ ബി.എം.ടി.സി, പെട്രോള്‍ പമ്പ്, ഷോപ്പിങ് മാള്‍ എന്നിവിടങ്ങളിലടക്കം ഉപയോഗപ്പെടുത്താവുന്നതാണ് മെട്രോ മൊബിലിറ്റി കാര്‍ഡുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.