ബംഗളൂരു: കോൺഗ്രസ് സർക്കാർ തുടങ്ങാനിരിക്കുന്ന ‘അന്നഭാഗ്യ’ പദ്ധതിക്ക് പാരവെച്ച് കേന്ദ്ര സർക്കാർ. ബി.പി.എൽ കുടുംബങ്ങൾക്ക് പത്ത് കിലോ വീതം സൗജന്യ അരി നൽകുമെന്നത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഈ പദ്ധതി തുടങ്ങാനിരിക്കേ കേന്ദ്രം അരി നല്‍കാമെന്ന് ആദ്യം അറിയിച്ചിട്ട് പിന്നീട് പിന്മാറിയതാണ് വിവാദത്തിന് വഴിവെച്ചത്. കേന്ദ്ര സർക്കാർ നടപടിക്കെതിരെ വരുന്ന ചൊവ്വാഴ്ച എല്ലാ ജില്ല കേന്ദ്രങ്ങളിലും കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ അറിയിച്ചു. അന്നഭാഗ്യ പദ്ധതി നടപ്പാക്കുന്നതിനായി മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അരി ലഭ്യമാക്കാനുള്ള ശ്രമം നടത്തിവരുകയാണെന്നും ശിവകുമാര്‍ പറഞ്ഞു. വെള്ളിയാഴ്ച ബംഗളൂരുവില്‍ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാറിനെതിരെ നഗരത്തിൽ കഞ്ഞിവെക്കൽ സമരം നടത്തിയിരുന്നു. എന്നാൽ, ബി.ജെ.പി ആരോപണം നിഷേധിച്ചു. അരി നല്‍കാമെന്ന് അറിയിച്ച് ഫുഡ് കോർപറേഷന് ഓഫ് ഇന്ത്യ (എഫ്.സി.ഐ) അയച്ച കത്ത് കാണിക്കാന്‍ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതോടെ ആരോപണം തെളിയിക്കുന്ന കത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ പുറത്തുവിട്ടു. കര്‍ണാടകക്ക് അരി നല്‍കാമെന്ന് അറിയിച്ച് എഫ്.സി.ഐ അയച്ച കത്താണ് സിദ്ധരാമയ്യ പുറത്തുവിട്ടത്. കോൺഗ്രസ് സര്‍ക്കാറിനെ മോശമാക്കാന്‍ വേണ്ടി ബി.ജെ.പി നേതാക്കള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാറിന്റെ പരാജയം മറച്ചുവെക്കാനാണ് ശ്രമിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
‘അന്നഭാഗ്യ’ പദ്ധതിയിൽ സൗജന്യ അരി നൽകാനായി 2.28 ലക്ഷം മെട്രിക് ടൺ അരി ആവശ്യപ്പെട്ട് എഫ്.സി.ഐക്ക് ജൂൺ ഒമ്പതിന് സര്‍ക്കാര്‍ കത്തെഴുതിയിരുന്നു. ടണ്ണിന് 3,400 രൂപ നിരക്കില്‍ അരി നല്‍കാമെന്ന് അറിയിച്ച് 12ന് എഫ്.സി.ഐ മറുപടി നല്‍കിയിരുന്നു. ഈ കത്താണ് സിദ്ധരാമയ്യ പുറത്തുവിട്ടത്. എന്നാല്‍, പിന്നീട് അരി നല്‍കാനാവില്ലെന്ന് അറിയിച്ച് എഫ്.സി.ഐ വീണ്ടും സംസ്ഥാനത്തിന് കത്തെഴുതി. പാവപ്പെട്ടവർക്ക് സൗജന്യ അരി നൽകുന്ന പദ്ധതിക്കെതിരെ കേന്ദ്രം ഉടക്കുവെച്ചുവെന്നാണ് കോൺഗ്രസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.