ബംഗളൂരു: വ്യവസായിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. മാലമാരുതി മഹന്തേഷ് ആഞ്ജനേയ നഗർ സ്വദേശി സന്തോഷ് ദുണ്ടപ്പ പദ്മന്നവർ (47) എന്നയാളുടെ മൃതദേഹമാണ് അസി. കമീഷണറുടെ സാന്നിധ്യത്തില്‍ പുറത്തെടുത്തത്.
മരണത്തിൽ ദുരൂഹത പ്രകടിപ്പിച്ച് മകള്‍ പരാതി നല്‍കിയതിനെത്തുടർന്നാണിത്. ഈ മാസം ഒമ്പതിനാണ് സന്തോഷ് ദുണ്ടപ്പ മരിച്ചത്.
ഹൃദയാഘാതത്തെതുടർന്നാണ് മരണമെന്നാണ് അറിയിച്ചിരുന്നത്. മുൻ നിശ്ചയിച്ച പ്രകാരം നേത്രദാനത്തിന് ശേഷം സംസ്കാരം അടുത്ത ദിവസം സദാശിവനഗർ ശ്മശാനത്തില്‍ നടത്തുകയും ചെയ്തു.
അതേസമയം, ബംഗളൂരുവില്‍ എൻജിനീയറിങ് വിദ്യാർഥിയായ മൂത്തമകള്‍ സഞ്ജന പദ്മന്നവർ വീട്ടില്‍ എത്തി സംഭവ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും മാതാവ് ഉമ മകളെ ശകാരിക്കുകയായിരുന്നു.
പിന്നീട് നടത്തിയ പരിശോധനയില്‍ മണിക്കൂറോളം ദൈർഘ്യമുള്ള ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതായി സഞ്ജന കണ്ടെത്തി. തുടർന്നാണ് മാതാവിനേയും രണ്ട് വീട്ടുജോലിക്കാരെയും മറ്റു രണ്ടുപേരെയും പേരെടുത്ത് പറഞ്ഞ് യുവതി പരാതി നല്‍കിയത്. താൻ ശ്മശാനത്തില്‍നിന്ന് മടങ്ങിയ ശേഷം, കുളിക്കാൻ പറഞ്ഞതിനാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാൻ കഴിഞ്ഞില്ല. കുളിച്ചുകഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും മണിക്കൂറോളം സി.സി.ടി.വി ദൃശ്യങ്ങള്‍ മായ്ച്ചിരുന്നു.
ഇതിൽ സംശയം തോന്നി രണ്ട് വീട്ടുജോലിക്കാർ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്ന എല്ലാവരുടെയും പേരുകള്‍ പറഞ്ഞ് താൻ പരാതി നല്‍കുകയും ചെയ്തു.
അജ്ഞാതരായ രണ്ടുപേർ വീടിന് പുറത്തേക്ക് പോകുന്നത് എതിർ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാം. തന്റെ മാതാവ് സി.സി.ടി.വി ദൃശ്യങ്ങള്‍ ഇല്ലാതാക്കി. പിതാവ് മരിക്കുമ്പോള്‍ തന്റെ രണ്ട് ഇളയ സഹോദരന്മാരെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും സഞ്ജന മാധ്യമങ്ങളോട് പറഞ്ഞു.
സഞ്ജനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അസി. കമീഷണർ ശരവണ്‍ കുമാർ, പൊലീസ് ഉദ്യോഗസ്ഥർ, എഫ്.എസ്.എല്‍ സംഘം എന്നിവരുടെ സാന്നിധ്യത്തിലാണ് സന്തോഷ് പദ്മന്നവറിന്റെ മൃതദേഹം പുറത്തെടുത്തത്. സംഭവത്തില്‍ കേസെടുത്ത മലമരുതി പൊലീസ് സന്തോഷ് പദ്മന്നവറിന്റെ ഭാര്യ ഉമയെ ചോദ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.