ബംഗളൂരു: മഴ നിന്നിട്ടും മരം പെയ്യുന്ന പോലെയാണ് പ്രവാസികൾക്ക് ഓണക്കാലം. മാസങ്ങൾ നീളുന്ന ആഘോഷ നാളുകൾ. അവധി ദിനങ്ങളായ ശനി, ഞായർ ദിവസങ്ങളിലാണ് മലയാളി സംഘടനകളുടെയും കൂട്ടായ്മകളുടെയും ആഘോഷങ്ങൾ കൂടുതലും നടക്കുന്നത്.
കേരള സമാജം ഓണാഘോഷങ്ങൾക്ക് ഇന്നു തുടക്കം
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജത്തിന്റെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ആഘോഷം കേരള സമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തിൽ ‘ഓണക്കാഴ്ചകൾ 2023’ എന്ന പേരിൽ ഞായറാഴ്ച നടക്കും. ലിംഗരാജപുരം ഇന്ത്യ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ആഘോഷം കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്യും. കേരള സമാജം ഈസ്റ്റ് സോൺ ചെയർമാൻ ജി. വിനു അധ്യക്ഷത വഹിക്കും.
കർണാടക ഊർജ മന്ത്രി കെ.ജെ. ജോർജ്, ടി.എൻ. പ്രതാപൻ എം.പി, പി.സി. മോഹൻ എം.പി, എൻ.എ. ഹാരിസ് എം.എൽ.എ, ബൈരത്തി ബസവരാജ് എം.എൽ.എ, ഗോകുലം ഗോപാലൻ, മുൻ എം.എൽ.എ നന്ദീഷ് റെഡ്ഡി, ഡി.കെ. മോഹൻ ബാബു, നാരായണ പ്രസാദ്, സി.പി. ബാലു, പി.വി. പ്രസാദ്, ഉല്ലാസ്, സിജോ ജോർജ്, ഡോ. ഷഫീഖ്, ഡോ. പ്രശാന്ത്, സി.പി. രാധാകൃഷ്ണൻ, റജി കുമാർ, പി.വി.എൻ. ബാലകൃഷ്ണൻ, ചന്ദ്രശേഖരൻ നായർ, രാജീവൻ, സജി പുലിക്കോട്ടിൽ എന്നിവർ സംബന്ധിക്കും. ശിങ്കാരിമേളം, സമാജം അംഗങ്ങളുടെ കലാപരിപാടികൾ, ഓണസദ്യ, സിനിമ താരം രമ്യ നമ്പീശനും സംഘവും അവതരിപ്പിക്കുന്ന സംഗീതസന്ധ്യ എന്നിവയും നടക്കും. ഫോൺ: 98860 80105, 99802 14430, 99869 56410.
കെ.എൻ.എസ്.എസ് ജക്കൂർ കരയോഗം ഓണാഘോഷം
ബംഗളൂരു: കെ.എൻ.എസ്.എസ് ജക്കൂർ കരയോഗം ഓണാഘോഷം ഞായറാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കും. ജക്കൂർ ഉഡുപ്പി ഗാർഡന് സമീപം നെഹ്റു സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ആഘോഷം ചെയർമാൻ രാമചന്ദ്രൻ പാലേരി ഉദ്ഘാടനം ചെയ്യും. കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ, ഓണസദ്യ, ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങുസംഘത്തിന്റെ മെഗാ ഷോ എന്നിവ ഉണ്ടായിരിക്കും. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് രാമചന്ദ്രൻ നായർ അധ്യക്ഷത വഹിക്കും. റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, ചലച്ചിത്ര സംവിധായകൻ രഞ്ജി പണിക്കർ എന്നിവർ മുഖ്യാതിഥികളാവും. ജനറൽ സെക്രട്ടറി ആർ. മനോഹര കുറുപ്പ്, ട്രഷറർ മുരളീധർ നായർ എന്നിവർ പങ്കെടുക്കുമെന്ന് സെക്രട്ടറി എം. മഹേഷ് അറിയിച്ചു.
പൂക്കള മത്സരം ഇന്ന്
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റിയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്റർ കരയോഗം പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ ജക്കൂർ ഉഡുപ്പി ഗാർഡന് സമീപമുള്ള നെഹ്റു സെന്റർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പൂക്കള മത്സരങ്ങളുടെ ഉദ്ഘാടനം ചെയർമാൻ രാമചന്ദ്രൻ പാലേരി നിർവഹിക്കും. വിജയികൾക്ക് കാഷ് അവാർഡും പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനവും നൽകും. ഫോൺ: 9448771531, 9342503626.
രാജരാജേശ്വരി നഗർ മലയാളി സമാജം ഓണാഘോഷം
ബംഗളൂരു: രാജരാജേശ്വരി നഗർ മലയാളി സമാജം ഓണാഘോഷം ഞായറാഴ്ച നടക്കും. വാസവി കല്യാണ മണ്ഡപത്തിൽ രാവിലെ ഏഴിന് പൂക്കള മത്സരത്തോടെ ആഘോഷത്തിന് തുടക്കമാവും. ഉച്ചക്ക് 12 മുതൽ ഓണസദ്യ, 1.30ന് ചെണ്ടമേളം, 2.30ന് സമ്മേളനം, 3.30 മുതൽ തിരുവാതിര, കലാപരിപാടികൾ. തുടർന്ന് നീലേശ്വരം നാദം ഓർക്കസ്ട്രയുടെ ഗാനമേളയോടെ ആഘോഷത്തിന് സമാപനമാവും.
ധ്വനി വനിതാവേദി ഓണാഘോഷം
ബംഗളൂരു: ധ്വനി വനിതാവേദി ഓണാഘോഷം സെപ്റ്റംബർ 16ന് ജാലഹള്ളി നോർത്ത് വെസ്റ്റ് കേരള സമാജം ഹാളിൽ നടക്കും. രാവിലെ 10 മുതൽ നടക്കുന്ന പരിപാടിയിൽ എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ കെ. കവിത മുഖ്യാതിഥിയാവും. പൂക്കളം, തിരുവാതിര, ധ്വനി ടീമിന്റെ കലാപരിപാടികൾ എന്നിവ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.