മംഗളൂരു: യുവമോർച്ച ദക്ഷിണ കന്നട ജില്ല കമ്മിറ്റി അംഗം പ്രവീൺ നെട്ടാരു (32) കൊല്ലപ്പെട്ട കേസിൽ അഞ്ച് പ്രധാന പ്രതികളെ കണ്ടെത്താൻ കേന്ദ്ര അന്വേഷണ ഏജൻസി (എൻ.ഐ.എ) പൊതുജനങ്ങളുടെ സഹായം തേടി.
കേസിൽ മൊത്തം 21 പേരാണ് പ്രതികൾ. എം.ഡി. മുസ്തഫ, മസൂദ് അങ്കനഡി, മുഹമ്മദ് ശരീഫ്, ഉമ്മർ എന്ന ഉമർ ഫാറൂഖ്, അബൂബക്കർ സിദ്ദീഖ് എന്നിവരുടെ ഫോട്ടോകളും വിവരങ്ങളും പൊതുജന അറിവിലേക്ക് അന്വേഷണ ഏജൻസി പുറത്തുവിട്ടു. പ്രതികളോട് ഹാജരാകാൻ എൻ.ഐ.എ നടത്തിയ അഭ്യർഥനകളും വിളംബരങ്ങളും ഫലം കാണാത്ത സാഹചര്യത്തിലാണ് പൊതുജന സഹായം തേടുന്നത്.
ദക്ഷിണ കന്നട ജില്ലയിൽ ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ നെക്കിലാഡി ഗ്രാമത്തിൽ അഗ്നാഡി മനെയിൽ കെ.എ. മസൂദിനോട് കഴിഞ്ഞ ആഗസ്റ്റ് 18നകം കീഴടങ്ങാൻ നിർദേശിച്ച് എൻ.ഐ.എ ജൂലൈയിൽ നോട്ടീസ് പതിക്കലും ഉച്ചഭാഷിണിയിലൂടെ വിളംബരവും നടത്തിയിരുന്നു. കേസിൽ അഞ്ചാം പ്രതിയാണിയാൾ. നോട്ടീസിൽ പറയുന്ന തീയതിക്കകം കീഴടങ്ങിയില്ലെങ്കിൽ വീടും സ്ഥലവും കണ്ടുകെട്ടുമെന്ന മുന്നറിയിപ്പുമുണ്ടായിരുന്നു. നിരോധിത സംഘടന പോപ്പുലർ ഫ്രണ്ട് നേതാവായിരുന്നു മസൂദ്. ജൂൺ 30നകം കീഴടങ്ങണം എന്ന് ആദ്യ നോട്ടീസ് പതിച്ചും വിളംബരം നടത്തിയും ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു അത്.
2022 ജൂലൈ 26ന് ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യ താലൂക്കിൽ ബെല്ലാരെയിലാണ് പ്രവീൺ കൊല്ലപ്പെട്ടത്. കേസന്വേഷണം ആഗസ്റ്റ് 22ന് എൻ.ഐ.എ ഏറ്റെടുക്കുകയും ചെയ്തു.
ഇപ്പോൾ എൻ.ഐ.എ ജനങ്ങളുടെ സഹായം തേടിയ പ്രതികളായ ദക്ഷിണ കന്നട സുള്ള്യ പൊലീസ് സ്റ്റേഷൻ പരിധിയിലെ കല്ലു മുട്ലുവിൽ ഉമർ ഫാറൂഖ്, മുസ്തഫ പൈചാർ എന്നിവരോടും കഴിഞ്ഞ ആഗസ്റ്റ് 18നകം കീഴടങ്ങാൻ നിർദേശിച്ച് അവരുടെ വീടുകളിൽ നോട്ടീസ് പതിക്കുകയും വിളംബരം നടത്തുകയും ചെയ്തിരുന്നു. അതിനു മുമ്പുള്ള സമാന നടപടിയിൽ കഴിഞ്ഞ ജൂൺ 30നകം കീഴടങ്ങാനാണ് നിർദേശിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.