ബംഗളൂരു: കോവിഡ് കാലത്ത് ചാമരാജ് നഗർ ജില്ല ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ 36 രോഗികൾ മരിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ആരോഗ്യ മന്ത്രി ഉത്തരവിട്ടു. 2021 മേയ് മൂന്നിനാണ് ചാമരാജ് നഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (ജില്ല ആശുപത്രി) വെന്റിലേറ്റർ സഹായത്തോടെ കഴിഞ്ഞിരുന്ന 36 കോവിഡ് രോഗികൾ മെഡിക്കൽ ഓക്സിജന്റെ വിതരണം തടസ്സപ്പെട്ടതിനാൽ മരിച്ചത്.
സംഭവത്തിൽ ഇതുവരെ കുറ്റമറ്റ അന്വേഷണം നടക്കാത്തതിൽ ആശങ്ക അറിയിച്ച ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടുറാവു പുനരന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുമെന്നും മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ദുരന്തത്തിന് കാരണക്കാരായവരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. വകുപ്പുതല അന്വേഷണവും നടന്നിട്ടില്ല. ഇതിനാലാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ രണ്ടാം തരംഗസമയത്തായിരുന്നു ചാമരാജ് ജില്ലയിൽ ദാരുണസംഭവം ഉണ്ടായത്. തുടർന്ന് കർണാടക ഹൈകോടതി അന്വേഷണത്തിന് സമിതി രൂപവത്കരിച്ചിരുന്നു. എന്നാൽ, അന്നത്തെ ബി.ജെ.പി സർക്കാർ കമ്മിറ്റിയുടെ കണ്ടെത്തലുകൾ തള്ളിക്കളയുകയാണുണ്ടായത്. ആശുപത്രി അധികൃതരുടെ വീഴ്ചയെ ഓക്സിജൻ ദൗർലഭ്യമായി ചിത്രീകരിക്കരുതെന്നായിരുന്നു അന്നത്തെ ഉപമുഖ്യമന്ത്രി സി.എൻ.അശ്വത് നാരായൺ പറഞ്ഞത്.
എന്നാൽ, കോടതി രൂപവത്കരിച്ച സംസ്ഥാനതല ലീഗൽ സർവിസ് അതോറിറ്റിയുടെ കണ്ടെത്തൽ ഇതിന് വിപരീതമായിരുന്നു. ആശുപത്രിയിൽ ആ വർഷം മേയ് നാലിനും മേയ് പത്തിനും ഉണ്ടായ 62 മരണങ്ങളിൽ 36 രോഗികളും മരിച്ചത് മേയ് രണ്ട്, മൂന്ന് തീയതികളിൽ രാത്രിയാണെന്നും ഇത് ഓക്സിജൻ കിട്ടാതെയാണെന്നുമായിരുന്നു സമിതിയുടെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.