ബംഗളൂരു: ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി തിങ്കളാഴ്ച സോപാധിക ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ജെ.ഡി.എസ് എം.എൽ.എയും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണ ചൊവ്വാഴ്ച ഉച്ചക്കുശേഷം ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങി. താനും മകൻ ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയും പ്രതിയായ ലൈംഗിക അതിക്രമക്കേസിലെ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് രേവണ്ണ ജയിലിലായത്.
ജാമ്യവ്യവസ്ഥ പ്രകാരം രേവണ്ണക്ക് മൈസൂരു കെ.ആർ. നഗറിലെ തന്റെ വീട്ടിലോ കെ.ആർ. നഗർ താലൂക്കിലോ കേസ് അന്വേഷണ ഉദ്യോഗസ്ഥരുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ പ്രവേശിക്കാൻ പാടില്ല. ജയിലിൽനിന്നിറങ്ങിയ രേവണ്ണ പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ ബംഗളൂരു പത്മനാഭ നഗറിലെ വസതിയിലേക്കാണ് പോയത്. രേവണ്ണയെ കാത്തുനിന്ന ജെ.ഡി.എസ് നേതാക്കളും പ്രവർത്തകരും അഭിവാദ്യം അർപ്പിച്ച് ജയിൽ പരിസരത്ത് ആഘോഷം സംഘടിപ്പിച്ചു. ജയിൽ മോചനം ആഘോഷമാക്കിയവരെ പൊലീസ് ഉടൻ സ്ഥലത്തെത്തി ലാത്തിച്ചാർജ് നടത്തി ഒഴിവാക്കി.
രേവണ്ണക്കോ പാർട്ടിക്കോ ഒട്ടും ആഘോഷിക്കാവുന്ന സമയമല്ല ഇതെന്ന് രേവണ്ണയുടെ സഹോദരനും ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി. കുമാരസ്വാമി മാധ്യപ്രവർത്തകരോട് പറഞ്ഞു. തനിക്ക് തീരെ സന്തോഷം തോന്നുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഹാസൻ ലൈംഗിക അതിക്രമക്കേസിൽ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രേവണ്ണയുടെ കൂട്ടുപ്രതി ബാബണ്ണയെ എസ്.ഐ.ടി ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്. രേവണ്ണയുടെ സഹായിയായ ബാബണ്ണയാണ് തന്റെ മാതാവിനെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയതെന്ന് മകൻ മൈസൂരു ജില്ലയിലെ കെ.ആർ. നഗർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.