ബംഗളൂരു: സംസ്ഥാനത്തെ സ്കൂൾ ബസ് നിരക്കുകൾ വർധിപ്പിക്കാൻ സ്കൂള്‍ ബസ് ഓപറേറ്റര്‍മാരുടെ സംഘടനയുടെ തീരുമാനം. ഇന്ധന വില വര്‍ധന, റോഡ് ടാക്സ്, വാഹനങ്ങളുടെ വില വര്‍ധന, മോട്ടോര്‍ ഇന്‍ഷുറന്‍സ്, റോഡ് ടാക്സ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ചാര്‍ജ്, ആര്.ടി.ഒയുമായി ബന്ധപ്പെട്ട ചെലവുകള്‍, സ്പെയര്‍ പാർട്സ്, അറ്റകുറ്റപ്പണികള്‍ എന്നിവ മുൻനിർത്തിയാണ് നിരക്ക് വര്‍ധനയെന്നും ലാഭം മുന്‍നിര്‍ത്തിയല്ലെന്നും കര്‍ണാടക യുനൈറ്റഡ് സ്കൂള്‍ ആന്‍ഡ് ലൈറ്റ് മോട്ടോര്‍സ് വെഹിക്ള്‍ ഡ്രൈവേഴ്സ് അസോസിയേഷന് പ്രസിഡന്റ് പി. ഷണ്മുഖം പറഞ്ഞു.
നിരക്ക് വർധന രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നതിനാല്‍തന്നെ ദൂരത്തിനനുസരിച്ച് ഓരോ കുട്ടിക്കും 300 രൂപ മുതല്‍ 500 രൂപ വരെ വര്‍ധനയാണ് ഉദ്ദേശിക്കുന്നതെന്നും സാധാരണ രീതിയിൽ വര്‍ഷത്തില്‍ മൂന്നു മുതല്‍ ഏഴു വരെ ശതമാനം സ്കൂള്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാറുണ്ടെന്നും ഈ വര്‍ഷം ഏഴു മുതല്‍ 10 ശതമാനം വരെ ചാര്‍ജ് വര്‍ധനയാണ് നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നതെന്നും കര്‍ണാടക അസോസിയേഷന് ഓഫ് മാനേജ്മെന്റ് ഓഫ് സ്കൂള്‍ (കെ.എ.എം.എസ്) ജനറല്‍ സെക്രട്ടറി ഡി. ശശികുമാര്‍ പറഞ്ഞു.
അതേസമയം, എല്ലാ വര്‍ഷവും രണ്ടു മുതല്‍ മൂന്നു വരെ ശതമാനം വര്‍ധന നടപ്പില്‍ വരുത്താറുണ്ടെന്നും പെട്ടെന്നുള്ള ചാര്‍ജ് വര്‍ധന രക്ഷിതാക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതിനാലും കഴിഞ്ഞ വര്‍ഷത്തെ നിരക്കില്‍ ബസ് ഓടിക്കുമെന്ന് കര്‍ണാടക സംസ്ഥാന സ്വകാര്യ സ്കൂള്‍ ഡ്രൈവര്‍മാരുടെ സംഘടന പ്രസിഡന്റ് ജി. രവികുമാര്‍ പറഞ്ഞു. നഗരത്തില്‍ 15,000ത്തോളം സ്കൂള്‍ ബസുകളും വാനുകളും സർവിസ് നടത്തുന്നുണ്ടെന്നാണ് കണക്ക്. ദൂരം അടിസ്ഥാനമാക്കി നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ വര്‍ഷത്തില്‍ 24,000 രൂപ ലഭിക്കുന്ന സ്ഥാനത്ത് ഇത്തവണ 30,000 രൂപ ലഭിക്കും.
ഡീസല്‍ നിരക്ക് ലിറ്ററിന് 3.5 രൂപയും റോഡ് ടാക്സ് 3000 മുതല്‍ 10,000 വരെ വർധിച്ചതും ജി.പി.എസ്, പാനിക് ബട്ടണ്‍, വാട്ടര്‍ സ്പ്രേ, തീയണക്കാനുള്ള സംവിധാനം എന്നിവക്കായി അധിക തുക ചെലവഴിക്കേണ്ടിവരുന്നുവെന്നതും സുരക്ഷാ സംവിധാനങ്ങള്‍ വാഹനങ്ങളില്‍ സ്ഥാപിക്കാന്‍ രണ്ടര ലക്ഷത്തോളം രൂപ ചെലവിടണം എന്നതിനാലും നിരക്ക് വര്‍ധന മാത്രമാണ് ഏക വഴിയെന്നും ബസ്, കാര്‍ ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് മനോക് പടിക്കല്‍ പറഞ്ഞു.
ബസ്, കാര്‍ ഓപറേറ്റേര്‍സ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ (ബി.ഒ.സി.ഐ) 15 ഓപറേറ്റർമാര്‍ കോണ്‍ഫെഡറേഷനിൽ അഗങ്ങളാണ്. 6000ത്തോളം സ്കൂള്‍ ബസുകൾ ഇവരുടെ നിയന്ത്രണത്തിലാണ്. സ്വകാര്യ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.ജി.സി.എസ്.ഇ, ഐ.ബി സ്കൂളുകളിലും ബസ് നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.