ബംഗളൂരു: തക്കാളിയിൽ വിരിഞ്ഞ കോലാറിലെ കർഷകരുടെ മോഹങ്ങൾ വിലയിടിവിൽ പൊലിഞ്ഞു. സെഞ്ച്വറി കടന്ന തക്കാളി വില മൂന്നിലൊന്നായി കുറഞ്ഞു. ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് കർഷകരെ ബാധിച്ചത്. പശ്ചിമ ബംഗാളിലെ വ്യാപാരികൾക്ക് ബംഗ്ലാദേശിലേക്ക് കൊണ്ടുപോകാൻ കഴിയാതെ വന്നതോടെ തക്കാളി വില തകർന്നുവെന്നാണ് പറയുന്നത്.
ബംഗ്ലാദേശിൽ കലാപം ആരംഭിക്കുന്നതിന് മുമ്പ് 1100 രൂപ മുതൽ 1200 രൂപ വരെ 15 കിലോഗ്രാം തൂക്കമുള്ള ഒരു പെട്ടി തക്കാളിക്ക് ഇപ്പോൾ 350 രൂപ മുതൽ 480 രൂപ വരെയാണ് വില. കോലാർ എ.പി.എം.സിയിൽ രണ്ടാഴ്ച മുമ്പ് കിലോഗ്രാമിന് 40 രൂപയുണ്ടായിരുന്ന തക്കാളി വില 12 രൂപയായി കുറഞ്ഞു. ഇവിടെ മൊത്തവില ഒരു പെട്ടിക്ക് 100 മുതൽ 400 രൂപ വരെയാണ്. പശ്ചിമ ബംഗാളിലെ വ്യാപാരികളുടെ തക്കാളി വാങ്ങൽ ശേഷി പകുതിയായി കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ മാസങ്ങളിൽ പ്രതിദിനം 40 മുതൽ 50 വരെ ട്രക്ക് തക്കാളി കോലാറിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് കയറ്റിയയച്ചിരുന്നതായി കോലാർ എ.പി.എം.സി സെക്രട്ടറി കിരൺ നാരായണ സ്വാമി പറഞ്ഞു. ഇത് 20 ട്രക്കുകളായി കുറഞ്ഞു. കടത്തുകൂലി പോലും കിട്ടാത്തത് കാരണം പാതയോരത്ത് തള്ളിയ കാലം കടന്നായിരുന്നു തക്കാളി വില സെഞ്ച്വറിയും കടന്ന് കുതിച്ചത്. തക്കാളി വണ്ടി തട്ടിക്കൊണ്ടുപോവാതിരിക്കാൻ അതി ജാഗ്രത പുലർത്തുന്ന സ്ഥിതിയടക്കമുണ്ടായി. കിലോ തക്കാളി വില 100 രൂപയിൽനിന്ന് താഴാതെയാണ് കടന്നു പോയിരുന്നത്. ബാങ്ക് വായ്പ തിരിച്ചടവ്, മുൻകാല നഷ്ടങ്ങൾ നികത്തൽ, കൃഷിവ്യാപനം തുടങ്ങി വിവിധ കാര്യങ്ങൾ ആസൂത്രണം ചെയ്ത കർഷകർക്ക് വിലത്തകർച്ച ഇടിത്തീയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.