ബംഗളൂരു: പുലി ഭീഷണി ഒഴിയാതെ മൈസൂരു വൃന്ദാവൻ ഉദ്യാനം. നിലവിൽ പുള്ളിപ്പുലി ഭീഷണിയിൽ ഉദ്യാനം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഇതിനാൽ ഇതുവരെ രണ്ടുകോടിയിലേറെ രൂപയുടെ വരുമാന നഷ്ടമുണ്ടായെന്ന് അധികൃതർ പറയുന്നു. പുലിയെ പിടികൂടുകയോ പുലിയുടെ സാന്നിധ്യം ഇല്ലാതാവുകയോ ചെയ്താൽ മാത്രം ഉദ്യാനം തുറക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം ഇവിടെ വീണ്ടും പുലിയെത്തിയതോടെ ഉദ്യാനം തുറക്കുന്നത് ഇനിയും വൈകും. വെള്ളിയാഴ്ച വൈകീട്ട് 6.45ഓടെയാണ് പുലിയെത്തിയത്. മുള്ളൻപന്നിയെ പിടികൂടാൻ ശ്രമിക്കുന്ന പുലിയുടെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഒക്ടോബർ 22നാണ് ഉദ്യാനത്തിൽ ആദ്യം പുലിയെത്തിയത്. നവംബർ അഞ്ചുമുതൽ ഏഴുവരെ തുടർച്ചയായ മൂന്നു ദിവസങ്ങളിലും പുലിയെത്തി. തുടർന്നാണ് സുരക്ഷ കണക്കിലെടുത്ത് ഉദ്യാനം അടച്ചിട്ടത്. ഒമ്പതു കെണികൾ സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാനായിട്ടില്ല. വനപാലകരും ഉദ്യാനത്തിന്‍റെ ചുമതലയുള്ള കാവേരി നീരാവരി നിഗം ലിമിറ്റഡ് (സി.എൻ.എൻ.എൽ) അധികൃതരും തിരച്ചിൽ തുടരുകയാണ്.
അതേസമയം, കഴിഞ്ഞ ദിവസം നാഗർഹോളെ ദേശീയോദ്യാനത്തിനു സമീപം കന്നുകാലികൾക്കു നേരെ കടുവയുടെ ആക്രമണമുണ്ടായി. വനാതിർത്തിയിലെ ഹുൻസൂർ താലൂക്കിലുള്ള അബ്ബുർ ഗ്രാമത്തിലിറങ്ങിയ കടുവ പശുവിനെ കൊന്നു. ഗ്രാമത്തിലെ കർഷകനായ തിമ്മെഗൗഡയുടെ കന്നുകാലികൾക്കു നേരെയാണ് ആക്രമണമുണ്ടായത്.
വനത്തോടു ചേർന്ന കൃഷിയിടത്തിനുസമീപം മേയാൻ വിട്ട പശുവിനെ പട്ടാപ്പകൽ കടുവ ആക്രമിച്ചു കൊല്ലുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ആടിനെയും കടിച്ചെടുത്ത് വനത്തിലേക്കു പോയി. ഒരാഴ്ച മുമ്പ് നാഗർഹോളെക്ക് സമീപത്തെ ഗൗഡികെരെ ഗ്രാമത്തിൽ പശുവിനെ കടുവ കൊന്നിരുന്നു.
മൂന്നുദിവസം മുമ്പ് ഗൗഡികെരെക്ക് സമീപത്തെ ബീരത്തമ്മനഹള്ളിയിലും കടുവയെ കണ്ടു. വനാതിർത്തിയിലുള്ള ഗ്രാമങ്ങളായ ബില്ലെനഹൊസഹള്ളി, നേരാലക്കുപ്പ, കച്ചുവിനഹള്ളി, ഷെട്ടഹള്ളി, കോലാവി, നെഗട്ടുർ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ കടുവയുടെ കാൽപാടുകളുണ്ടെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.