മംഗളൂരു: ആരധാനലയങ്ങളിൽ വിഐപി ദർശനം എന്ന ആശയം ദൈവികതക്കെതിരാണെന്ന് അഭിപ്രായപ്പെട്ട ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഈ ഏർപ്പാട് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു. ധർമസ്ഥല മഞ്ജുനാഥ ക്ഷേത്രപരിസരത്ത് മൂന്ന് നിലകളുള്ള ക്യൂ കോംപ്ലക്സ് 'ശ്രീ സാന്നിദ്ധ്യ' ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
വി.ഐ.പി എന്ന് മുദ്രകുത്തുന്നതിലൂടെ സമത്വ സങ്കൽപ്പത്തെ ഇകഴ്ത്തുകയാണ്. വി.ഐ.പി സംസ്കാരം ഒരു അപഭ്രംശമാണ്. സമത്വത്തിന്റെ അങ്കണത്തിൽ അതിനെ കടന്നുകയറ്റമായാണ് കാണേണ്ടത്. അതിന് സമൂഹത്തിൽ ഒരു സ്ഥാനവും ഉണ്ടാകരുത്. സമത്വത്തിന്റെ ഉദാഹരണമായി വർത്തിക്കുന്ന ധർമസ്ഥല എല്ലാ കാലത്തും വി.ഐ.പി സംസ്കാരത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നു.
രാജ്യത്ത് സമീപ വർഷങ്ങളിൽ ആശ്വാസകരമായ മാറ്റം നമ്മുടെ മതപരമായ സ്ഥലങ്ങൾക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യ വികസനമാണ്. മതസ്ഥാപനങ്ങൾ സമത്വത്തിന്റെ പ്രതീകമാണ്. കാരണം സർവശക്തന്റെ മുമ്പിൽ ഉയർന്ന വ്യക്തികളില്ല. മതസ്ഥാപനങ്ങളിൽ സമത്വം എന്ന ആശയം നാം പുനഃസ്ഥാപിക്കണം.
കാലാവസ്ഥാ വ്യതിയാനം പോലെ തന്നെ വെല്ലുവിളിയാണ് രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഹ്രസ്വകാല നേട്ടങ്ങൾക്കായി നമ്മുടെ ദീർഘകാല നേട്ടങ്ങളും ദേശീയതയോടുള്ള പ്രതിബദ്ധതയും അവഗണിക്കാനാവില്ല. രാഷ്ട്രീയത്തിന്റെ ലക്ഷ്യം അധികാരം മാത്രമായിരിക്കരുത്. അത് സമൂഹത്തെയും രാജ്യത്തെയും സേവിക്കുന്നതായിരിക്കണം- ഉപരാഷ്ട്രപതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.