'കരിയറിലെ മോശം സമയത്ത് ലാലായിരുന്നു വലിയ ശക്തി'

ഒരുകാലത്ത് മലയാള സിനിമയുടെ ഹിറ്റ് കൂട്ടുകെട്ടുകളാണ് മോഹൻലാലും പ്രിയദർശനും. ഇരുവരും ഒന്നിച്ച ചിത്രങ്ങളിലെ തമാശകൾ ട്രോളുകളായും കമന്‍റുകളായും സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലാകുന്നത് തന്നെ ഈ ഹിറ്റ് കൂട്ടുകെട്ടിനെ മലയാളികൾ ഹൃദയത്തിൽ ഇപ്പോഴും സൂക്ഷിക്കുന്നതിന്‍റെ തെളിവാണ്. കരിയറിൽ മോശം സമയങ്ങളിൽ തന്‍റെ ശക്തി മോഹൻലാലായിരുന്നുവെന്ന് പ്രിയദർശൻ വ്യക്തമാക്കി. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രിയൻ ഇക്കാര്യം പറഞ്ഞത്.

''കഴിഞ്ഞ 34 വര്‍ഷത്തിനിടെ കുറഞ്ഞത് മൂന്ന് തവണയെങ്കിലും കരിയറില്‍ എനിക്ക് മോശം കാലം ഉണ്ടായിട്ടുണ്ട്. ഇക്കാലത്തെല്ലാം ലാല്‍ ആയിരുന്നു ഏറ്റവും വലിയ ശക്തി. എണ്‍പതുകളുടെ അവസാനം എനിക്കൊരു ഹാട്രിക് വിജയം ലഭിച്ചു. വെള്ളാനകളുടെ നാട് 150 ദിവസം ഓടി. തുടര്‍ന്നുവന്ന ആര്യന്‍ 200 ദിവസവും ചിത്രം 366 ദിവസവും ഓടി.  പക്ഷേ അതിനുശേഷം ചില പരാജയങ്ങള്‍ സംഭവിച്ചു. അക്കരെ അക്കരെ അക്കരെയും കടത്തനാടന്‍ അമ്പാടിയും ബോക്‌സ് ഓഫീസില്‍ കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ല. ലാല്‍ എന്നോട് അക്കാലത്ത് പറഞ്ഞു, 'അടുത്ത ആറ് മാസത്തേക്ക് സിനിമകളൊന്നും ചെയ്യേണ്ടെന്ന്'. അത് കേട്ടപ്പോള്‍ ഒരു വിഷമം തോന്നിയെങ്കിലും അതൊരു നല്ല ഉപദേശമായിരുന്നെന്ന് പിന്നീട് തോന്നി. ഞാന്‍ സിനിമയില്‍ നിന്നൊരു ഇടവേളയെടുത്തു. അതിനുശേഷം ലാലുമൊത്ത് ചെയ്യുന്ന സിനിമയാണ് കിലുക്കം. ഞാന്‍ പിന്നീട് ലാലിനോട് ചോദിച്ചിട്ടുണ്ട്, എന്തുകൊണ്ടാണ് എന്നോട് അന്നങ്ങനെ പറഞ്ഞതെന്ന്. തുടര്‍ വിജയങ്ങള്‍ അമിത ആത്മവിശ്വാസത്തിലേക്ക് നയിക്കുമെന്നായിരുന്നു ലാല്‍ പറഞ്ഞത്''.

തൊണ്ണൂറുകളുടെ അവസാനവും കരിയറില്‍ എനിക്കൊരു മോശം കാലമുണ്ടായി.  അന്നും ലാല്‍ പറഞ്ഞതോര്‍ത്ത് ഞാന്‍ ഒരു ഇടവേള സ്വയം നിശ്ചയിച്ചു -പ്രിയൻ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.