‘എസ്.ഐ’യെ കണ്ട് ആഭ്യന്തരമന്ത്രി എഴുന്നേറ്റു; പിന്നെ ചിരി, ആശ്ലേഷം

തിരുവനന്തപുരം:  ഓഫിസില്‍ കയറിവന്ന ‘എസ്.ഐ’യെ കണ്ട് ആഭ്യന്തരമന്ത്രി പെട്ടെന്ന് എഴുന്നേറ്റു. പിന്നെ നിറചിരിയോടെ ഹസ്തദാനം. അതുകഴിഞ്ഞ് തോളില്‍ കൈയിട്ട് കുശലം പറച്ചില്‍, ആശ്ളേഷം. ഓഫിസിലാകെ ചിരിയുടെ തിരയിളക്കം.
ചെന്നിത്തലയെ കാണാന്‍ വന്നത് കേരള പൊലീസിലെ എസ്.ഐ ആയിരുന്നില്ല. ‘ആക്ഷന്‍ ഹീറോ എസ്.ഐ ബിജു’വായി സിനിമയില്‍ നിറഞ്ഞ നിവിന്‍ പോളിയായിരുന്നു ആ സന്ദര്‍ശകന്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരള പൊലീസിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സൈബര്‍ഡോമിന്‍െറ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനത്തെിയതായിരുന്നു നടന്‍. ബുധനാഴ്ച വൈകീട്ട് ആറിന് ടെക്നോപാര്‍ക്ക് ആംഫി തിയറ്ററിലാണ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. എന്നാല്‍, രാവിലെതന്നെ നിവിന്‍ പോളി തലസ്ഥാനത്തത്തെി. തിരക്കുകള്‍ക്കിടയിലും പൊലീസ് മന്ത്രിയെ നേരില്‍ക്കാണാന്‍ സിനിമയിലെ എസ്.ഐക്കൊരു മോഹം. തുടര്‍ന്ന് സംഘാടകരോട് കാര്യം പറഞ്ഞു. തുടര്‍ന്ന്, ആഭ്യന്തരമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചക്ക് അവസരമൊരുക്കുകയായിരുന്നു.

 12.30ന് എം.എല്‍.എ അന്‍വര്‍ സാദത്തിനൊപ്പമാണ് നിവിന്‍ പോളി രമേശ് ചെന്നിത്തലയുടെ ഓഫിസില്‍ എത്തിയത്. ‘ആക്ഷന്‍ ഹീറോ ബിജു’വിന്‍െറ സംവിധായകന്‍ എബ്രിഡ് ഷൈനും ഒപ്പമുണ്ടായിരുന്നു. നര്‍മം നിറഞ്ഞ തന്‍റെ പുതിയ ചിത്രം പൊതുജനങ്ങള്‍ക്ക് പൊലീസിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റുന്നതാണെന്ന് നിവിന്‍ പറഞ്ഞു. നായകനൊപ്പം ചിത്രത്തിന്‍റെ സംവിധായകനെയും മന്ത്രി അഭിനന്ദിച്ചു. എത്രയുംവേഗം ചിത്രം തിയറ്ററില്‍ പോയി കാണുമെന്ന ഉറപ്പും മന്ത്രി അവര്‍ക്ക് നല്‍കി. അതേസമയം, അപ്രതീക്ഷിതമായത്തെിയ താരത്തെ കാണാന്‍ മന്ത്രിയുടെ ചേംബറിലേക്ക് ജീവനക്കാര്‍ ഇടിച്ചുകയറി. സെല്‍ഫിയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും അവര്‍ തിക്കിത്തിരക്കി. എല്ലാവരോടും കുശലം പറഞ്ഞ് സെല്‍ഫിക്ക് പോസ് ചെയ്ത നിവിന്‍, ചിത്രം ഇതിനകം കണ്ടവര്‍ക്ക് നന്ദി പറഞ്ഞാണ് മടങ്ങിയത്.

 

 

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ നായകനായ നിവിന്‍ പോളിയും മറ്റു അണിയറ പ്രവര്‍ത്തകരും ഇന്ന് എന്നെ സന്ദര്‍ശിക്കാനെത്ത...

Posted by Ramesh Chennithala on Wednesday, February 17, 2016
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.