ഒട്ടും അച്ചടക്കമില്ലാത്തൊരു കടലില്‍ ഇടംവലമാടുന്ന ബോട്ടിന്‍െറ അറ്റത്ത് നില്‍ക്കുന്ന മേരിയെ നോക്കി ചാര്‍ലി പറഞ്ഞു ‘അതാ ടൈറ്റാനിക്കിലെ നായിക...ക്വീന്‍ മേരി...’ മരുന്നില്ലാത്ത രോഗത്തിന്‍െറ ഒടുവിലത്തെ പിത്തലാട്ടത്തില്‍ കടലില്‍ കര്‍ത്താവിനെ കാണാനുള്ള ഒടുക്കത്തെ ആഗ്രഹവുമായി ചാര്‍ലിക്കൊപ്പം വന്നതായിരുന്നു മേരി. ഒന്നു തിരിഞ്ഞ് മത്തായിയോട് രണ്ട് വര്‍ത്തമാനം പറഞ്ഞുവരുമ്പോഴേക്കും ബോട്ടിന്‍െറ അറ്റത്തുനിന്ന് മേരി മാഞ്ഞുപോയിരുന്നു.
ആ വേഷം ചെയ്ത കല്‍പന ദാ, ഇപ്പോള്‍ പെട്ടെന്ന് മാഞ്ഞുപോകുമ്പോള്‍ ചാര്‍ലിയിലെ കടല്‍ യാത്ര മാത്രം മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. അനേകമനേകം കഥാപാത്രങ്ങള്‍ തിങ്ങിനിറഞ്ഞ ആ സിനിമ കണ്ടിറങ്ങിയപ്പോള്‍ മനസ്സില്‍ പിടിമുറുക്കിയത് ദുല്‍ഖര്‍ സല്‍മാനോ, പാര്‍വതിയോ, അപര്‍ണ ഗോപിനാഥോ, നെടുമുടി വേണുവോ ഒന്നുമായിരുന്നില്ല. കല്‍പനയുടെ മേരി മാത്രമായിരുന്നു. മരണം വന്നുവിളിക്കുന്നതിന് തൊട്ടുമുമ്പുള്ള മനുഷ്യാവസ്ഥയുടെ മിന്നലാട്ടങ്ങള്‍ അവര്‍ ആ കഥാപാത്രത്തിലേക്ക് പകര്‍ന്നത് തന്നില്‍നിന്നു തന്നെയായിരുന്നില്ളേ എന്ന് ഇപ്പോള്‍ തോന്നിപ്പോകുന്നു. ഉള്ളില്‍ കടലുപോലെ പേറുന്ന വേദനയുടെ വേലിയേറ്റം മുഖത്തത്തെിക്കാന്‍ കല്‍പനക്ക് തന്നിലേക്ക് ഒന്നു വളഞ്ഞ് കൂമ്പിയ ഒരു നേര്‍ത്ത ചിരി മാത്രം മതിയായിരുന്നു. അത് ചിരിയല്ല, പൊട്ടിച്ചിതറാതിരിക്കാന്‍ അടക്കിപ്പിടിച്ച തേങ്ങലായിരുന്നു.
ചെയ്തുപോയ ഒട്ടനേകം കഴമ്പില്ലാത്ത കഥാപാത്രങ്ങളുടെ ഒരേ അച്ചിലിട്ട വഴുവഴുപ്പന്‍ ഹാസ്യാനുസഞ്ചാരത്തിനിടയില്‍ അഭിനയത്തിന്‍െറ സങ്കീര്‍ണ ഭാവങ്ങള്‍ അവതരിപ്പിക്കാന്‍ കിട്ടിയ ഒരവസരത്തിലും കല്‍പ്പന അത് പാഴാക്കിയിട്ടില്ല. ‘കേരള കഫേയിലെ’ അലക്കുകാരന്‍െറ ഭാര്യയെ (സലിംകുമാറിന്‍െറ ഭാര്യാ വേഷം) ഓര്‍ക്കുക. കെട്ടിപ്പൊക്കിയ നഗരത്തിന്‍െറ പിന്നാമ്പുറങ്ങളിലെ മനുഷ്യരുടെ നിസ്സഹായാവസ്ഥ ചിത്രീകരിക്കാന്‍ അന്‍വര്‍ റഷീദ് കണ്ടത്തെിയത് ചിരിപ്പിച്ചുകൊല്ലുന്ന ഈ രണ്ട് കഥാപാത്രങ്ങളെയായിരുന്നു എന്നത് അവരിലെ അഭിനേതാവിനെ ആ സംവിധായകന്‍ കാലേക്കൂട്ടി തിരിച്ചറിഞ്ഞിരുന്നു എന്നതിന് തെളിവാണ്. പിന്നീട് അവര്‍ രണ്ടുപോരും ദേശീയ അവാര്‍ഡിന് അര്‍ഹരായി എന്നത് വെറുമൊരു യാദൃച്ഛികതയായിരുന്നില്ല.
2013 മാര്‍ച്ച് 20ന് ആലപ്പുഴ പ്രസ് ക്ളബ്ബില്‍ മീറ്റ് ദ പ്രസിന് ഒരു സംവിധായകനും രണ്ട് സാധാരണ മനുഷ്യരും കയറിവന്നത് ഓര്‍ക്കുന്നു. ബാബു തിരുവല്ല എന്ന സംവിധായകനും ഒരു ചെല്ലമ്മ അന്തര്‍ജനവും റസിയാ ബീവിയും. ഒരു മിന്നാമിനുങ്ങിന്‍െറ നുറുങ്ങുവെട്ടം, അമരം എന്നീ ചിത്രങ്ങളുടെ നിര്‍മാതാവു കൂടിയായിരുന്നു ബാബു. ഉറ്റവരും ഉടയവരും ഉപേക്ഷിച്ച് ആത്മഹത്യ ചെയ്യാനായി റെയില്‍പാളത്തില്‍ കയറിനിന്നിടത്തുനിന്ന് റസിയാ ബീവി സ്വന്തം മാതാവായി വീട്ടിലേക്ക്, ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോന്നതായിരുന്നു ചെല്ലമ്മ അന്തര്‍ജനത്തെ. മതത്തിന്‍െറ പേരില്‍ തല്ലിമരിക്കുന്നവരുടെ വാര്‍ത്തക്കിടയില്‍ ഈ അമ്മയുടെയും മകളുടെയും വര്‍ത്തമാനമറിഞ്ഞ്, അവരെക്കുറിച്ച് ബാബു സിനിമ ചെയ്തു. ‘തനിച്ചല്ല ഞാന്‍..’ എന്ന ആ സിനിമക്ക് ദേശീയേദ്ഗ്രഥനത്തിനുള്ള 2012 ലെ നര്‍ഗീസ് ദത്ത് അവാര്‍ഡ് കിട്ടി.
പക്ഷേ, ആ സിനിമ അറിയപ്പെടുക കല്‍പ്പന എന്ന നടിയുടെ പേരിലാണ്. ആ ചിത്രത്തിലൂടെയാണ് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം കല്‍പനക്ക് കിട്ടിയത്. വെള്ളിത്തിരയില്‍ കല്‍പന റസിയയായപ്പോള്‍ കെ.പി.എ.സി ലളിതയായിരുന്നു ചെല്ലമ്മ അന്തര്‍ജനത്തെ അവതരിപ്പിച്ചത്. റസിയയുടെ കഥാപാത്രം കല്‍പന ചോദിച്ചുവാങ്ങിയതായിരുന്നു. സഹോദരി ഉര്‍വശി അഭിനയിക്കേണ്ടിയിരുന്ന വേഷം.
മലയാളസിനിമയില്‍ നിലനില്‍ക്കുന്ന ഒരു ദുര്യോഗമുണ്ട്. ശേഷിയുള്ള അഭിനേതാക്കള്‍ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നുവെന്ന ദൗര്‍ഭാഗ്യം. തികച്ചും താരകേന്ദ്രിതമായി മാത്രം സിനിമ ചിന്തിക്കുന്നതിനിടയില്‍ ചിലപ്പോള്‍ മാത്രം സംഭവിക്കുന്ന മാജിക്കിലൂടെ ചില നല്ല വേഷങ്ങള്‍ ജനിക്കുന്നു. അത് അതുവരെയുള്ള അവരുടെ തിരജീവിതത്തെ മാറ്റിയെഴുതിയെന്നുവരാം. സലിംകുമാര്‍ ‘ആദാമിന്‍െറ മകന്‍ അബു’ ആകുന്നതും സുരാജ് വെഞ്ഞാറമൂട് ‘പേരറിയാത്തവര്‍’ ആയതും ദേശീയ പുരസ്കാരങ്ങള്‍ നേടിയതും അപ്രകാരമായിരുന്നു. ജീവിതത്തിന്‍െറ ഒടുവിലത്തെ കാലത്തായിരുന്നു പ്രേം നസീര്‍ ഒരു നടനായത്. ചോക്ളേറ്റ് നായകന്‍ എന്ന പതിവ് ഇമേജ് പൊളിച്ചു തുടങ്ങിയപ്പോള്‍ കാലം നസീറിനെ തിരികെ വിളിച്ചു. കൊച്ചിന്‍ ഹനീഫയും അങ്ങനെയായിരുന്നു. വില്ലനില്‍നിന്ന് കൊമേഡിയനിലേക്കും സ്വഭാവ നടനിലേക്കും ചുവടുമാറുമ്പോഴായിരുന്നു അന്ത്യം. ഒടുവില്‍ ഇതാ കല്‍പനയും. നടിയെന്ന നിലയില്‍ ഇനിയും പലതും ബാക്കിനില്‍ക്കെ അവര്‍ ഇറങ്ങിപ്പോയി.
അഭിനയത്തിന്‍െറ കെട്ടഴിച്ച് കല്‍പന അവതരിപ്പിച്ച കഥാപാത്രങ്ങള്‍ മിക്കപ്പോഴും ജീവിതത്തിന്‍െറ അടിത്തട്ടിലെ മനുഷ്യവേഷങ്ങളായിരുന്നു. സ്പിരിറ്റിലെ മദ്യപാനിയായ പ്ളംബര്‍ മണിയുടെ ഭാര്യ പങ്കജം ആട്ടും തുപ്പുമേറ്റ് ജീവിതം ഗാഗുല്‍ത്താ മല കയറ്റമായി തള്ളിവിടുന്ന, നമുക്കിടയില്‍ എവിടെയോ ഉള്ള ഒരാളായിരുന്നു എന്ന് തോന്നിപ്പോകും. സ്വഭാവികത നമ്മുടെ സിനിമയില്‍ ഒരു അനിവാര്യതയല്ല. പലപ്പോഴും കല്‍പനയുടെ കഥാപാത്രങ്ങള്‍ക്ക് അതാവശ്യവുമില്ലായിരുന്നു. കാണികളെ ചിരിപ്പിക്കാന്‍ തറ വിറ്റുകള്‍ അടിക്കുന്ന സര്‍ക്കസിലെ കോമാളിയുടെ കേവല റോള്‍ മാത്രമായിരുന്നു അവരുടെ കഥാപാത്രങ്ങള്‍ക്ക് തിരക്കഥയില്‍ സ്ഥാനം. സര്‍ക്കസ് തമ്പിനകത്ത് ചായമിട്ട കോമാളിയുടെ ചിരി പുതപ്പിച്ച വേഷത്തിനകത്തിരുന്ന് നെഞ്ചുതകരുന്ന മനുഷ്യന്‍െറ മുഖം രാജ്കപൂര്‍ തുറന്നുകാണിക്കുന്നതുവരെ നമ്മള്‍ ചിരിച്ചുമറിയുകയായിരുന്നു. മേരാ നാം ജോക്കര്‍ കണ്ടിറങ്ങിയവര്‍ പിന്നീട് അത്ര ലാഘവത്തോടെ സര്‍ക്കസ് കണ്ടിരിക്കാനിടയില്ല.
കല്‍പനയുടെ നോവിപ്പിക്കുന്ന വേഷങ്ങള്‍ അപൂര്‍വമായെങ്കിലും കണ്ട ശേഷം അടുത്ത ചിത്രത്തില്‍ അവര്‍ ചില്ലിട്ട കോമഡി കാഴ്ചയിലേക്ക് മടങ്ങിപ്പോകുമ്പോള്‍ അത്ര വേഗം ചിരിക്കാന്‍ തോന്നിയിട്ടില്ല. സിനിമയുടെ പ്രധാന കഥയുമായി യാതൊരു ബന്ധവുമില്ലാതെ സമാന്തരമായി നീങ്ങുന്ന അത്തരം കോമഡി ട്രാക്കുകളില്‍ കല്‍പനയും ജഗതിയും ഒപ്പത്തിനൊപ്പം നിന്ന എത്രയോ സിനിമകള്‍. പക്ഷേ, ഒന്നും ചെയ്യാനില്ലാതെ നായകദേഹത്ത് ചാരിവെച്ച ഏണികളായ നായികാ വേഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കല്‍പന ഒരു താരസാന്നിധ്യം തന്നെയായിരുന്നു. വെറും ടൈപ്പായ, ഇത്തിരിമാത്രയുള്ള വേഷങ്ങളിലും അവര്‍ എന്തൊക്കെയോ ചെയ്യാനുണ്ടെന്ന് തോന്നിപ്പിച്ചു.
ആഴവും കഴമ്പുമില്ലാത്ത കഥാപാത്രങ്ങളായിരുന്നു ഏറെ അവതരിപ്പിക്കേണ്ടിവന്നതെങ്കിലും ആ കഥാപാത്രങ്ങള്‍ക്കകത്തും മറ്റാര്‍ക്കും പകരമാകാന്‍ കഴിയാത്ത മികവോടെ അത് ചെയ്തു തീര്‍ത്തു. ചിലപ്പോള്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്നതൊക്കെയും അഭിനയത്തിരയില്‍ മുങ്ങി സമാധാനമടയുന്ന ഒരു ധ്യാനത്തിന് സമാനമായിരുന്നു ആ വേഷപ്പകര്‍ച്ചകള്‍.
ബാലതാരമായി സിനിമയില്‍ എത്തിയതാണ് കല്‍പന. പില്‍ക്കാലത്ത് സിനിമാ താരങ്ങളായി മാറിയ തന്‍െറ രണ്ട് സഹോദരിമാര്‍ കലാരഞ്ജിനിക്കും ഉര്‍വശിക്കും മുമ്പേ അവര്‍ സിനിമയില്‍ എത്തി. നാടകം ജീവശ്വാസമായിരുന്ന കുടുംബത്തിലായിരുന്നു കല്‍പനയുടെ ജനനം. നാടകക്കാരായ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകള്‍. 1977 ല്‍ ‘വിടരുന്ന മൊട്ടുകള്‍’ എന്ന ചിത്രത്തില്‍ ബാലനടിയായി അരങ്ങേറി. കല്‍പ്പനയുടെ ടൈപ്പ് കോമഡി കഥാപാത്രങ്ങള്‍ കണ്ടവര്‍ക്ക് അവിശ്വസനീയമായി തോന്നാവുന്ന ഒന്നാണ് മലയാള സിനിമയിലെ ഏക്കാലത്തെയും പ്രഗല്‍ഭ സംവിധായകരില്‍ ഒരാളായ അരവിന്ദന്‍െറ ‘പോക്കുവെയില്‍’. ബാലചന്ദ്രന്‍ ചുള്ളിക്കാട് നായകനായ ആ സിനിമയില്‍ നായിക കല്‍പനയായിരുന്നു. എം.ടിയുടെ മഞ്ഞിലും കല്‍പന വേഷമിട്ടു.
നിരവധി കോമഡി നടന്മാരുള്ള സിനിമയില്‍ അതേ തീവ്രതയോടെ കോമഡി രംഗങ്ങള്‍ ചെയ്യാന്‍ കെല്‍പ്പുള്ള നടിമാരുടെ കുറവ് നികത്തിയത് ഫിലോമിനയും കല്‍പനയുമായിരുന്നു. 'പഞ്ചവടിപ്പാലം' എന്ന അതുല്ല്യ ഹാസ്യ ചിത്രം കല്‍പനയുടെ ജീവിതത്തില്‍ വഴിത്തിരിവായി. ഇപ്പോള്‍ 51ാം വയസ്സില്‍ കല്‍പന വേര്‍പെടുമ്പോള്‍ അഭിനയത്തിന്‍െറ വെളിപ്പെടാത്ത ഖനികള്‍ അവരില്‍ പിന്നെയും ബാക്കി കിടക്കുന്നതായി തോന്നുന്നു. കുറേക്കൂടി നല്ല വേഷങ്ങള്‍ അവര്‍ക്ക് നല്‍കാമായിരുന്നുവെന്ന് ചിലപ്പോള്‍ ചില സംവിധായകരെങ്കിലും ഓര്‍മിക്കാനും മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.