ഉദയ പിക്ചേഴ്സ് വീണ്ടും; 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ'

30 വർഷങ്ങൾക്ക് ശേഷം 'ഉദയ പിക്ചേഴ്സ്' വീണ്ടും വരുന്നു. കുഞ്ചാക്കോ ബോബനാണ് മുത്തച്ഛന്‍ കുഞ്ചാക്കോയും പിതാവ് ബോബന്‍ കുഞ്ചാക്കോയും നടത്തി വന്ന ഉദയ സ്റ്റുഡിയോയുമായി നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചെത്തുന്നത്. 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സിദ്ധാർഥ് ശിവയാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രത്തിൽ മുഖ്യകഥാപാത്രമായ  കൊച്ചൗവ്വയെ  അവതരിപ്പിക്കുന്നതും  കുഞ്ചാക്കോ ബോബനാണ്. നെടുമുടി വേണു, മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, മണിയന്‍പിള്ള രാജു എന്നിവരും ചിത്രത്തിലുണ്ട്. കെ.പി.എ.സി എന്നാണ് ചിത്രത്തിന്‍റെ ചുരുക്കപ്പേര്. സൂരജ് എസ്. കുറുപ്പാണ് സംഗീതം, നീല്‍ ഡി. കുഞ്ഞയാണ് ക്യാമറ.

ഒരു സിനിമ ചെയ്യുക എന്നതിനേക്കാൾ നല്ലൊരു സിനിമ നിർമിക്കുകയായിരുന്നു തന്‍റെ  ലക്ഷ്യമെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഉദയ ബാനർ തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെ  ഏറെ മുൻപു തന്നെ സിനിമ നിർമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാൽ, നല്ല സിനിമ നിർമിക്കുക എന്ന ലക്ഷ്യത്തോടെയാണ്  അൽപം കാത്തിരുന്നത്. ഉദയയുടെ മൂന്നാം തലമുറയില്‍പെട്ട താന്‍ മുന്നൊരുക്കങ്ങള്‍ക്ക് ശേഷമാണ് നിര്‍മാണ രംഗത്ത് എത്തുന്നത്. പാരമ്പര്യത്തിന്‍െറ മഹത്വം എത്രത്തോളമുണ്ടെന്ന് മനസിലാക്കാനാവാതെ പോയ ആളാണ് താന്‍. എന്‍െറ ബുദ്ധിശൂന്യത സിനിമയില്‍ വന്ന ശേഷമായിരുന്നു തിരിച്ചറിഞ്ഞത്. ലാല്‍ ജോസ്, അന്‍വര്‍ റഷീദ് എന്നിവരുടെ രണ്ട് സിനിമകള്‍ കൂടി ഉദയ ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പഴയ ലോഗോയില്‍ കാലാനുസൃതമായി ചില മാറ്റങ്ങള്‍ ഉണ്ടാവുമെങ്കിലും കൂവിയുണര്‍ത്തുന്ന പൂവന്‍കോഴി ഉദയയുടെ ഭാഗമായി തുടരും. ‘അനശ്വരഗാനങ്ങള്‍’ എന്ന പേരില്‍  1986ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ശേഷം ഉദയയുടെ പേരിലുള്ള 67-ാമത്തെ ചിത്രമാണ് ‘കൊച്ചൗവ പൗലോ അയ്യപ്പ കൊയ് ലോ’. മാര്‍ച്ച് 14ന് അടിമാലിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ബംഗളൂരു, ഗോവ എന്നിവിടങ്ങളിലായി ജൂലൈയില്‍ പൂര്‍ത്തിയാക്കും. ബിഗ്ബജറ്റ് ചിത്രങ്ങളുടെ പരമ്പരയിലുള്ളതാവും പുതിയ ചിത്രമെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

1942ല്‍ കുഞ്ചാക്കോ തുടക്കമിട്ട ഉദയ പിക്ച്ചേഴ്സ് 1947ലാണ് ഉദയ സ്റ്റുഡിയോ ആലപ്പുഴയില്‍ ആരംഭിച്ചത്. 1949ല്‍ പുറത്തിറങ്ങിയ ആദ്യ സിനിമ ‘വെള്ളി നക്ഷത്രം’ വന്‍ പരാജയമായിരുന്നു. പിന്നീട് പുറത്തിറങ്ങിയ ‘ജീവിതനൗക’ വമ്പന്‍ ഹിറ്റായതോടെയാണ് ഉദയ ചരിത്രം കുറിക്കുന്നത്. 265 ദിവസമാണ് ‘ജീവിതനൗക’ തിയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചത്. മുസ് ലിം ജീവിത പശ്ചാത്തലത്തിലുള്ള ആദ്യ മലയാള ചിത്രം ‘ഉമ്മ’ പുറത്തിറക്കിയതും ഉദയയാണ്. വടക്കന്‍പാട്ടുകളെ അടിസ്ഥാനമാക്കിയ സിനിമകളായിരുന്നു ഉദയയുടെ വിജയരഹസ്യം.

 

ഉദയയുടെ ബാനറിൽ വിണ്ടും ഒരു ചിത്രം ജനിക്കുന്നു :) "കൊച്ചവ്വപൗലോ അയ്യപ്പകൊയ്‌ലോ"More Details Coming Soon <3

Posted by Kunchacko Boban on Friday, March 4, 2016
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.