എന്നെ എപ്പോഴും ആശ്വസിപ്പിക്കാറുള്ള മണിയെയാണ് നഷ്ടപ്പെട്ടത്. രോഗാവസ്ഥയില്‍ എപ്പോഴും ആശ്വസിപ്പിക്കുമായിരുന്നു. ‘ചേട്ടന്‍ വിഷമിക്കരുത്, ഞങ്ങളൊക്കെയില്ളേ കൂടെ?’ എന്ന് വന്നു കാണുമ്പോഴൊക്കെ പറയാറുണ്ട്. അങ്ങേയറ്റം അടുത്ത ബന്ധമാണ് അവനോട്. അവന്‍െറ മരണത്തില്‍ വലിയ വിഷമമുണ്ട്. മലയാള സിനിമയുടെ വലിയ നഷ്ടത്തെക്കുറിച്ച് ഞാന്‍ പറയേണ്ടതില്ലല്ളോ. എന്‍െറ വ്യക്തിപരമായ നഷ്ടത്തെക്കുറിച്ച് മാത്രമാണ് പറയുന്നത്.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായപ്പോള്‍, നാട്ടുകാരോട് വോട്ടു ചോദിക്കാന്‍ കൂടെ നേരിട്ടുവന്ന് സഹായിച്ചതിനെക്കാള്‍, ഞാനറിയാതെ എനിക്കുവേണ്ടി കഷ്ടപ്പെട്ടുനടന്നവനാണ് മണി. എനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഞാന്‍ അറിയണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നില്ല. ബോധിപ്പിക്കേണ്ട കാര്യമില്ളെന്നാണ് കരുതിപ്പോന്നത്. എങ്കിലും അതൊക്കെ ഞാന്‍ അറിയുന്നുണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എന്നോട് ഒരു ആവശ്യം പറഞ്ഞു: അച്ഛനെപ്പോലെ, പ്രായംചെന്നവര്‍ക്ക് സമയം ചെലവിടാന്‍ ഒരു വിശ്രമകേന്ദ്രം ചേട്ടന്‍ മുന്‍കൈയെടുത്ത് ചാലക്കുടിയില്‍ നിര്‍മിക്കണം. അത് തന്‍െറ ഒരാഗ്രഹമാണ്. അങ്ങനെ 17 ലക്ഷം ചെലവിട്ട് ചാലക്കുടിയില്‍ മണിയുടെ വീടിനടുത്ത് ഒരു കെട്ടിടം പണിതു. അന്നേരം അവന്‍ എന്നോട് കാര്യമായ നന്ദി പറഞ്ഞു. അവന്‍െറ ഒരാഗ്രഹം സാധിക്കാന്‍ കഴിഞ്ഞല്ളോ എന്നാണ് ഇപ്പോള്‍ എന്‍െറ ചിന്ത.

തെരഞ്ഞെടുപ്പു കാലത്ത് വളരെക്കുറച്ച് വേദികളില്‍ മാത്രമാണ് എനിക്കൊപ്പം വന്നത്. വലിയ ജനസമൂഹത്തിനു മുന്നിലേക്ക് കൈപിടിച്ചു വലിച്ചുനിര്‍ത്തി കൂടുതലൊന്നും പറഞ്ഞില്ല. ‘എന്‍െറ ജ്യേഷ്ഠനാണ്. ഞങ്ങളുടെ രാഷ്ട്രീയം എന്താണെന്നും മനസ്സിലായല്ളോ. എനിക്ക് വളരെ വേണ്ടപ്പെട്ട ഈ ചേട്ടനുവേണ്ടി വോട്ടു ചെയ്യണം’ എന്നിങ്ങനെയായിരുന്നു രാത്രി വൈകി ഓടിയത്തെി പങ്കെടുത്ത ഒരു യോഗത്തില്‍  പറഞ്ഞത്. ആവശ്യമുള്ള നേരത്ത് ഓടിയൊളിക്കുന്ന ആളുകളുണ്ട്. അക്കൂട്ടത്തിലായിരുന്നില്ല മണി. ഞാനറിയാതെ എനിക്കുവേണ്ടി പ്രവര്‍ത്തിക്കുക മാത്രമല്ല മണി ചെയ്തത്. സാമ്പത്തികമായി സഹായിക്കാനും തയാറായിരുന്നു.

സുന്ദര്‍ദാസിന്‍െറ ‘സല്ലാപം’ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട മണി ഹാസ്യനടനും സ്വഭാവനടനും നായകനടനുമായി. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമകളിലും തിളങ്ങി. തമിഴ്നാട്ടില്‍ ഏറെ പോപ്പുലറായി. ദേശീയതലത്തില്‍ പ്രത്യേക ജൂറി അവാര്‍ഡ് കിട്ടി. മലയാള സിനിമക്കും പ്രേക്ഷകര്‍ക്കുമൊപ്പം,  എന്‍െറ സഹപ്രവര്‍ത്തകനെ, അനുജനെ, കൈത്താങ്ങായി നിന്നവനെയാണ് നഷ്ടമായത്.

നഷ്ടമാകുന്നത് സഹോദരനെ– സിദ്ദീഖ്
മനസ്സ് നിറയെ നന്മമാത്രം നിറച്ച മഹാനായ കലാകാരനായിരുന്നു മണി. വന്ന പാത മറക്കാതെ ഇടക്കിടെ അത് ഓര്‍ത്തും ഓര്‍മിപ്പിച്ചും ജീവിച്ച അപൂര്‍വം ചിലരില്‍ ഒരാള്‍. താനുമായി വളരെ അടുത്ത ബന്ധമാണ് മണി പുലര്‍ത്തിയിരുന്നത്. എനിക്ക് ഒരു സഹോദരനെപോലെയായിരുന്നു. മണിയും ഞാനുമുള്‍പ്പെടുന്ന കലാഭവന്‍ എന്ന വലിയ പ്രസ്ഥാനത്തിന്‍െറ ഭാഗമായിരുന്ന ഞങ്ങളെല്ലാവരും പ്രത്യേകബന്ധം പുലര്‍ത്തിയിരുന്നു. അടുത്തിടെ അവശ മിമിക്രി കലാകാരന്മാര്‍ക്കുള്ള ധനശേഖരണാര്‍ഥം നടത്തിയ ടി.വി ഷോയിലാണ് ഞങ്ങള്‍ ഒരുമിച്ച് കണ്ടുമുട്ടിയതും പരിപാടികള്‍ അവതരിപ്പിച്ചതും. അപ്പോഴൊക്കെ ഏറെ സംസാരിച്ചിരുന്നു.

സിനിമയില്‍ എത്ര വളര്‍ന്നിട്ടും എന്നും മിമിക്രി കലാകാരന്മാര്‍ക്കുവേണ്ടി നല്ലത് ചെയ്യുകയും കൂടുതല്‍ ചെയ്യണമെന്നാഗ്രഹിക്കുകയും ചെയ്യുന്നവരില്‍ ഒരാളായിരുന്നു മണി. അവസാനം കാണുമ്പോള്‍ ആരോഗ്യം അത്ര മോശാവസ്ഥയിലായിരുന്നില്ല. വലിയ കഴിവുകളുള്ള കലാകാരനായിരുന്നു മണി. സുഹൃദ്ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധചെലുത്തി. പൊലീസും ഫോറസ്റ്റ് ഓഫിസര്‍മാരുമൊക്കെയായുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ ചെറിയ കേസുകളിലും കുടുങ്ങി. അതിലെല്ലാം, ഏറെ ദു$ഖിതനായിരുന്നു അദ്ദേഹം. ഇക്കാര്യങ്ങളെല്ലാം താനുമായി പലപ്പോഴും പങ്കുവെച്ചിട്ടുമുണ്ട്. മണി കേസുകളില്‍ കുടുങ്ങിയതുപോലും സുഹൃത്തുക്കള്‍ക്കുവേണ്ടിയായിരുന്നു. സ്വന്തം കാര്യത്തിനുവേണ്ടി ആരുമായും കയര്‍ക്കുന്ന പ്രകൃതം മണിക്കില്ല. മണിയെ കാണുമ്പോഴെല്ലാം ആരോഗ്യം സംരക്ഷിക്കണമെന്ന് ഞാന്‍ പറയുമായിരുന്നു. മണി മണിയുടെ മാത്രം സ്വത്തല്ളെന്നും പൊതുസമൂഹത്തിന്‍െറ സ്വത്താണെന്നും പറയുമായിരുന്നു. മണിയുടെ മരണത്തിലൂടെ എനിക്ക് ഇല്ലാതാകുന്നത് ഒരു സഹോദരനെയാണ്.

അഭിനയകലയുടെ വലിയ പര്‍വതം –വിനയന്‍
കലാഭവന്‍ മണിയെന്ന വലിയ കലാകാരനെ ഓര്‍ക്കുമ്പോഴെല്ലാം മലയാളിയുടെ മനസ്സിലേക്ക് കടന്നുവരുന്ന സിനിമയാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. അത്യുഗ്ര അഭിനയരംഗങ്ങളിലൂടെ പ്രേക്ഷകമനസ്സിന്‍െറ അവാര്‍ഡ് ലഭിച്ചിട്ടും അക്കൊല്ലത്തെ സംസ്ഥാന അവാര്‍ഡ് നിര്‍ണയസമിതിയുടെ അംഗീകാരം പ്രത്യേക ജൂറി അവാര്‍ഡിലൊതുങ്ങി. അവാര്‍ഡ് ലഭിക്കാതായപ്പോള്‍ തലചുറ്റി വീണ മണി എത്രത്തോളം നിഷ്കളങ്കനാണെന്ന് അതില്‍നിന്നുതന്നെ വ്യക്തമാണ്. ഇതേ സംഭവത്തെ പിന്നീട് മണിതന്നെ ഹാസ്യരൂപമായി അവതരിപ്പിക്കുകയും ചെയ്തു. പ

ലതും ചെയ്യാന്‍ അസാധ്യകഴിവുകളുള്ള മണിയെ മലയാള സിനിമലോകം വേണ്ടവിധം ഉപയോഗിച്ചില്ളെന്നതാണ് സത്യം. അഭിനയകലയുടെ വലിയൊരു പര്‍വതമായിരുന്നു മണി. ആ പര്‍വതത്തെ പൂര്‍ണതോതില്‍ സംസ്കരിച്ച് ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോയി. ‘കല്യാണസൗഗന്ധികം’ മുതല്‍ ‘ഇന്‍ഡിപെന്‍ഡന്‍സ്’ വരെയുള്ള എന്‍െറ സിനിമകളില്‍ ഹാസ്യതാരമായി പ്രത്യേക ചിരിയിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ മണിയില്‍ ഗൗരവമുള്ള വലിയ കഥാപാത്രങ്ങളുടെ സാധ്യത ഞാന്‍ കണ്ടത്തെിയിരുന്നു. തുടര്‍ന്നാണ് ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനി’ലും ‘കരുമാടിക്കുട്ടനി’ലും ഉള്‍പ്പെടെ മണിയെ നായകനാക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.