തിരുവനന്തപുരം: ചിരിയും ചിന്തയും ഉണര്‍ത്തി കോമഡിയും പാരഡിയും സമാസമം ചേര്‍ത്ത് ആസ്വാദകന് സമ്മാനിക്കുകയായിരുന്നു വി.ഡി. രാജപ്പന്‍. പട്ടിണിയുടെയും ഒറ്റപ്പെടലിന്‍െറയും വേദനകള്‍ നിറഞ്ഞ കുട്ടിക്കാലത്ത് പാഠപുസ്തകങ്ങളിലെ കവിതകള്‍ക്ക് പാരഡി തയാറാക്കിയായിരുന്നു രാജപ്പന്‍ ശ്രദ്ധനേടിയത്. പിന്നീട് സിനിമാഗാനങ്ങളോടായി കമ്പം. വയലാറിന്‍െറയും ദേവരാജന്‍െറയും ഭാസ്കരന്‍ മാഷിന്‍െറയും പ്രണയഗാനങ്ങളുടെ നര്‍മംനിറഞ്ഞ പാരഡികള്‍ ക്ളാസ്മുറികളില്‍ രാജപ്പന്‍ അവതരിപ്പിച്ചു. പാരഡികള്‍ക്ക് താളമിട്ട് താളമിട്ട് ആറാം ക്ളാസില്‍ മൂന്നുവട്ടമിരുന്നപ്പോള്‍ വേറേ പണിനോക്കാനായിരുന്നു അധ്യാപകന്‍െറ കല്‍പന. അതോടെ രാജപ്പന്‍ സ്കൂളിന്‍െറ പടിയിറങ്ങി.പിതാവ് മരിച്ചതോടെ അമ്മ വേറേ വിവാഹം കഴിച്ചു. കോട്ടയം ചന്തക്കടുത്ത് ബാര്‍ബര്‍ ഷോപ് നടത്തുന്ന വലിയച്ഛനെ ആശ്രയിച്ചായിരുന്നു പിന്നീട് രാജപ്പന്‍െറ ജീവിതം. ബാര്‍ബറുടെ ജോലിയും പഠിച്ചു.
തമിഴ് കച്ചേരിയുടെയും ഭക്തിഗാനങ്ങളുടെയും കാസറ്റുകളുടെ ശേഖരം ബാര്‍ബര്‍ഷോപ്പിലുണ്ടായിരുന്നു. ഇവയെല്ലാം രാജപ്പന്‍െറ പാരഡിക്ക് പ്രചോദനമായി. അതുവരെ കാസറ്റ് കച്ചേരികളും ഭക്തിഗാനങ്ങളും കേട്ട് മുടിവെട്ടാനിരുന്നവര്‍ രാജപ്പന്‍െറ പാരഡികള്‍ കേള്‍ക്കാന്‍ മാത്രം കടയിലത്തെി.
പിന്നീട് രാജപ്പന്‍െറ പാട്ടുകള്‍ ബാര്‍ബര്‍ഷോപ്പിന് പുറത്തും അംഗീകരിക്കപ്പെട്ടു. സൈക്ക്ള്‍യജ്ഞക്കാരുടെ കൂടെയും നാടകട്രൂപ്പുകള്‍ക്കൊപ്പവും തന്‍െറ പാട്ടുകളുമായി രാജപ്പന്‍ സഞ്ചരിച്ചു. ഇതിനിടയിലാണ് കഥാപ്രസംഗത്തിലും ഒരുകൈ നോക്കുന്നത്. കോട്ടയം തിരുനക്കര ക്ഷേത്രമൈതാനിയില്‍ തവളയെ നായികയാക്കി അവതരിപ്പിച്ച ‘മാക്ക്... മാക്ക്’ ആയിരുന്നു ആദ്യ കഥാപ്രസംഗം.
കഥാപ്രസംഗകല കേരളത്തില്‍ ഏറ്റവും ജനകീയമായിരുന്ന സമയത്തായിരുന്നു രാജപ്പന്‍െ ഈ രംഗത്തേക്കുള്ള ചുവടുവെപ്പ്.
ഒഥല്ളോയെയും കാരമസോവ് സഹോദരന്മാരെയുംകുറിച്ച് സാംബശിവന്‍ കഥ പറഞ്ഞപ്പോള്‍ രാജപ്പന്‍ കഥാപാത്രങ്ങളാക്കിയത് കോഴി, തവള, പാമ്പ്, എരുമ എന്നിവയെയൊക്കെയായിരുന്നു.
തന്‍െറ കഥപറച്ചിലുകളെയും പാരഡിഗാനങ്ങളെയും ‘രാജപ്പനിസ’മെന്ന് വിമര്‍ശകര്‍ വിളിച്ചപ്പോള്‍ അത് പരിഭവമില്ലാതെ രാജപ്പന്‍ സ്വീകരിച്ചു.ഇതിനിടെ സിനിമകളിലും രാജപ്പന്‍െറ സാന്നിധ്യമുണ്ടായി.
രാജപ്പനിലെ ചലച്ചിത്രനടനെ മലയാളി ഏറെ ആസ്വദിച്ചു. ‘കുസൃതിക്കാറ്റി’ലെ ഭാര്യയെ സംശയിക്കുന്ന കറിയാച്ചനും ‘മുത്താരംകുന്ന് പി.ഒ’യിലെ സഹദേവന്‍ എന്ന ചായക്കച്ചവടക്കാരനും ‘പുതുക്കോട്ടയിലെ പുതുമണവാളനി’ലെ കളരിഗുരുക്കളുമൊക്കെ സിനിമാപ്രേമികള്‍ക്ക് മറക്കാനാവാത്തതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.