ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് പുരസ്കാര സമിതി മികച്ച സിനിമാ സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ സദസ്സില്‍ കൂട്ടച്ചിരി. ഗുജറാത്തില്‍ കഴിഞ്ഞവര്‍ഷം എത്ര സിനിമകള്‍ റിലീസ് ചെയ്തു എന്നു തിരക്കിയപ്പോള്‍ അതു പരിഗണിച്ചല്ല അവാര്‍ഡ് തീരുമാനിച്ചതെന്ന് ജൂറിയുടെ മറുപടി.
സിനിമാ ഷൂട്ടിങ്ങിന് സൗകര്യങ്ങള്‍ ഒരുക്കിയതിന്‍െറ പശ്ചാത്തലത്തിലും നിര്‍മാതാക്കളുടെ അഭിപ്രായം തേടിയുമാണ് ഗുജറാത്തിന് അവാര്‍ഡ് നല്‍കിയതെന്ന് ഡോ. അശ്വിനി ലോഹാനി അറിയിച്ചു.
മികച്ച ഹോട്ടല്‍, അവശ്യസര്‍വിസ് സൗകര്യം, ഏകജാലക സൗകര്യം, അന്താരാഷ്ട്ര തലത്തില്‍ പ്രചാരം, വെബ്പോര്‍ട്ടലുകള്‍ എന്നിവയും ഗുജറാത്തിന്‍െറ പ്രത്യേകതയായി ജൂറി വിലയിരുത്തി. കേരളത്തിനും ഉത്തര്‍പ്രദേശിനും പ്രത്യേക പരാമര്‍ശമുണ്ട്. എന്നാല്‍, സിനിമാ ചിത്രീകരണത്തിന് ഏറ്റവുമധികം പിന്തുണയും സൗകര്യങ്ങളുമൊരുക്കുന്ന തെലങ്കാന, തമിഴ്നാട്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളെ തഴഞ്ഞ് ഗുജറാത്തിനെ പരിഗണിച്ചതിനു പിന്നില്‍ മറ്റു താല്‍പര്യങ്ങളാണെന്ന് വ്യക്തം.
വര്‍ഗീയ കലാപത്തിനെതിരെ നിര്‍മിച്ച പര്‍സാനിയ എന്ന ചിത്രത്തിന്‍െറ പ്രദര്‍ശനം തടഞ്ഞ ഗുജറാത്തില്‍ സംഘടിത തീട്ടൂരത്തെ തുടര്‍ന്ന് പല ചിത്രങ്ങളുടെയും ചിത്രീകരണങ്ങളുടെയും ഷൂട്ടിങ്ങും റിലീസും മുടങ്ങിയിട്ടുണ്ട്. നര്‍മദ സമരത്തെ പിന്തുണച്ചതിന് ആമിര്‍ ഖാന്‍െറയും രാജ്യത്ത് അസഹിഷ്ണുത ഉണ്ടെന്നു പറഞ്ഞതിന് ഷാറൂഖ് ഖാന്‍െറയും ചിത്രങ്ങള്‍ ഇവിടെ തടഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷമിറങ്ങിയ സഞ്ജയ് ലീലാ ബന്‍സാലിയുടെ ബാജിറാവു മസ്താനിക്കെതിരെയും ഇവിടെ പ്രതിഷേധമുയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.