മസ്കത്ത്: കാലത്തിന്‍െറ രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്ന സിനിമകളാണ് തന്‍െറ തിരക്കഥയിലൂടെയും സംവിധാനത്തിലൂടെയും പുറത്തുവന്നതെന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍. വര്‍ത്തമാനകാല രാഷ്ട്രീയത്തെ സിനിമയിലൂടെ കാണാനും വിമര്‍ശിക്കാനും പരിഹസിക്കാനുമാണ് ശ്രമിച്ചത്. എഴുതിയ എല്ലാ സിനിമകളിലും രാഷ്ട്രീയമുണ്ട്. സിനിമക്ക് വേണ്ടിയുള്ള വിഷയ സമീപനത്തില്‍ രാഷ്ട്രീയംതന്നെയാണ് ഇപ്പോഴും ഇഷ്ടം. സാധാരണ മനുഷ്യജീവിതത്തിന്‍െറ കഥകള്‍ പറയുന്ന എഴുത്ത് തനിക്ക് വശമില്ളെന്നും മസ്കത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മലയാളം വിഭാഗത്തിന്‍െറ ഓണാഘോഷ പരിപാടിയുടെ വിശിഷ്ടാതിഥിയായത്തെിയ രണ്‍ജി പണിക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

പറയാന്‍ അവസരങ്ങളും അവകാശങ്ങളും ഇല്ലാത്തവന്‍െറയും, പറഞ്ഞാല്‍ അടിച്ചമര്‍ത്തപ്പെടുന്നവന്‍െറയും ആശയങ്ങള്‍ തന്‍െറ സിനിമകളിലെ നായക കഥാപാത്രങ്ങള്‍ പ്രതിനിധാനം ചെയ്തിട്ടുണ്ടാകും. പ്രകടിപ്പിക്കാന്‍ കഴിയാതെ മനസ്സില്‍ അടക്കിപ്പിടിച്ച ആവേശത്തെ ഏതെങ്കിലും രീതിയില്‍ സ്ക്രീനില്‍ കാണുമ്പോള്‍ അത് ഏറ്റുവാങ്ങാന്‍ സാധാരണക്കാരന് കഴിയും. അതുകൊണ്ടാകാം തന്‍െറ പല കഥാപാത്രങ്ങളുടെയും ഡയലോഗുകള്‍ ജനങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചതെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു. 

കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെക്കുറിച്ച നടന്‍ ശ്രീനിവാസന്‍െറ പ്രസ്താവനയോട് യോജിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് നേതാക്കന്മാര്‍ കര്‍ശനമായി നിര്‍ദേശിച്ചാല്‍ തീരാവുന്നതാണ് കണ്ണൂരിലെ പ്രശ്നങ്ങളെന്നായിരുന്നു രണ്‍ജി പണിക്കരുടെ  അഭിപ്രായം. സുസംഘടിതമായ സംഘടനാ ചട്ടക്കൂടും കൃത്യമായ അച്ചടക്കവുമുള്ള രണ്ടു പാര്‍ട്ടികളാണ് കണ്ണൂരിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കുടിപ്പകയുടെ തുടര്‍ച്ചയും ജാതിഘടനയും തൊഴിലാളി പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ആദ്യകാലങ്ങളില്‍ ഉണ്ടായ അടിച്ചമര്‍ത്തലുകളും അതിനെതിരായ പ്രതിഷേധങ്ങളുമെല്ലാമാണ് കണ്ണൂരിലെ സംഘര്‍ഷാന്തരീക്ഷത്തിന്‍െറ ചരിത്രപരമായ കാരണങ്ങള്‍. വര്‍ത്തമാന കാലഘട്ടത്തില്‍നിന്നുകൊണ്ട് ഈ സംഘര്‍ഷാവസ്ഥക്ക് എങ്ങനെ അറുതിവരുത്താമെന്നത് രാഷ്ട്രീയ പാര്‍ട്ടികളിലെ സ്വാധീനമുള്ള മുതിര്‍ന്ന നേതാക്കള്‍ ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

യാദൃച്ഛികമായാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. പൊതുവെ ഭാരമില്ലാത്ത ജോലിയാണ് അഭിനയം. ട്രെന്‍ഡില്ലായ്മയാണ് ന്യൂജനറേഷന്‍ സിനിമയുടെ ട്രെന്‍ഡ്. മുമ്പ് കൃത്യമായ ഫോര്‍മുലകളിലൂടെയാണ് സിനിമ ചെയ്തിരുന്നത്. ഇന്നത്തെ സംവിധായകരും എഴുത്തുകാരും മുന്‍ ധാരണയുടെ അടിസ്ഥാനത്തിലല്ല തികച്ചും വ്യത്യസ്തമായ രീതിയിലാണ് സിനിമയെ സമീപിക്കുന്നത്. മകന്‍ സാവിധാനം ചെയ്ത കസബ സ്ത്രീവിരുദ്ധമാണെന്ന അഭിപ്രായം തനിക്കില്ല. അതിനേക്കാള്‍ സ്ത്രീവിരുദ്ധത സിനിമയില്‍ ഉണ്ടായിട്ടുണ്ടെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു. 

മലയാള വിഭാഗം നല്‍കുന്ന സാംസ്കാരിക അവാര്‍ഡ് ഇത്തവണ രണ്‍ജി പണിക്കര്‍ക്കാണ് സമ്മാനിക്കുന്നത്. ഏകദേശം മൂന്നു ദശാബ്ദമായി മലയാള സിനിമക്ക് നല്‍കിവരുന്ന സംഭാവനകള്‍ മാനിച്ചാണ് രഞ്ജി പണിക്കര്‍ക്ക് പുരസ്കാരം സമ്മാനിക്കുന്നത് എന്ന് കണ്‍വീനര്‍ ഗോപാലന്‍കുട്ടി കാരണവര്‍ പറഞ്ഞു. ഓണാഘോഷത്തിന്‍െറ ഒൗപചാരിക ഉദ്ഘാടനം വ്യാഴാഴ്ച രാത്രി അല്‍ ഫലാജ് ഹോട്ടലില്‍ നടന്നു. ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ മുഖ്യാതിഥിയും രഞ്ജി പണിക്കര്‍ വിശിഷ്ടാതിഥിയുമായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.