കൊച്ചി: മിമിക്രിയിൽനിന്നെത്തിയ പലരും സിനിമയിൽ ചുവടുറപ്പിച്ചിട്ടും മാറിനിൽക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് അബിയുടെ മറുപടി ഇതായിരുന്നു: ‘മാറിനിൽക്കുന്നതല്ല. അവസരങ്ങൾ കിട്ടാത്തതാണ്. എനിക്കുപറ്റിയ വേഷങ്ങളും സംവിധായകരുടെ കൈയിലില്ല. ആരോടും അവസരം ചോദിച്ചുപോകാറില്ല. കിട്ടിയാൽ ചെയ്യും. സിനിമയിൽ അധികം സുഹൃത്തുക്കളുമില്ല. കുടുംബത്തിൽ ഒതുങ്ങാൻ ശ്രമിക്കുന്ന ആളാണ് ഞാൻ’. പിന്നീട് ഒരിക്കൽ പറഞ്ഞു: ‘ഞാൻ മദ്യപിക്കില്ല. അതുകൊണ്ട് സിനിമയിലെ അത്തരം സദസ്സുകളിൽ പെങ്കടുത്തിരുന്നില്ല. ഇതും അവസരങ്ങൾ കുറയാൻ കാരണമാണ്. എനിക്കെതിരെ സിനിമയിൽനിന്ന് പാരകൾ ഉയർന്നപ്പോൾ പ്രതിരോധിക്കാൻ ആരും ഉണ്ടായിരുന്നില്ല’. അബി എന്ന കലാകാരനിലെ പച്ച മനുഷ്യേൻറതാണ് ഇൗ വാക്കുകൾ.
ദിലീപ്, നാദിർഷ, കലാഭവൻ മണി, ഹരിശ്രീ അശോകൻ ഇങ്ങനെ അബിയോടൊപ്പം മിമിക്രി വേദികളിലുണ്ടായിരുന്ന പലരും പിന്നീട് തിരക്കുള്ള നടന്മാരായി. അപ്പോഴും അബിയുടെ ലോകം മിമിക്രിയായിരുന്നു. അതിലെ പരീക്ഷണങ്ങളായിരുന്നു. അദ്ദേഹത്തെ മിമിക്രിയിലെ മെഗാസ്റ്റാർ ആക്കിയതും അതാണ്. പല സിനിമയിലും മികച്ച പ്രകടനം കാഴ്ചെവച്ചിട്ടും കൈപിടിച്ചുയർത്താൻ ആളില്ലാത്തതിനാൽ പിന്തള്ളപ്പെട്ടു. അപ്പോഴും ആരെയും കുറ്റപ്പെടുത്തിയില്ല.
മിമിക്രി കുട്ടിക്കാലം മുതൽ അബിയോടൊപ്പമുണ്ട്. മൃഗങ്ങളുടെ ശബ്ദം അനുകരിക്കലായിരുന്നു പ്രധാനം. പ്രീഡിഗ്രിക്കുശേഷം ഫുഡ് ഇൻസ്പെക്ടർ കോഴ്സ് പഠിക്കാൻ മുംബൈയിലെത്തി. അപ്പോഴും മിമിക്രി കൈവിട്ടില്ല. നാലുവർഷത്തിനുശേഷം മടങ്ങിയെത്തി കോതമംഗലം എം.എ കോളജിൽ ഡിഗ്രിക്ക് ചേർന്നു. എം.ജി. സർവകലാശാല കലോത്സവത്തിൽ രണ്ടുതവണ മിമിക്രിയിൽ ഒന്നാം സ്ഥാനം നേടി. തുടർന്നാണ് മിമിക്രി ട്രൂപ്പുകളിൽ സജീവമായത്.
മിമിക്രിയിൽ വേറിട്ട ശൈലിയായിരുന്നു. താരങ്ങളുടെയും രാഷ്ട്രീയനേതാക്കളുടെയും ശബ്ദത്തിന് പുറമെ അവരുടെ ശരീരഭാഷയും പെരുമാറ്റ ശൈലിയുമെല്ലാം അബി തന്നിലേക്ക് പകർത്തി. മിമിക്രിയിൽ അതൊരു പുതിയ വഴിയായിരുന്നു. കേരളത്തിൽ മിമിക്രി കാസറ്റുകളെ ജനകീയമാക്കിയത് അബിയുടെ ഇത്തരം പുതുമയുള്ള പരീക്ഷണങ്ങളാണ്. ദിലീപ്, നാദിർഷ തുടങ്ങിയവരുമായി ചേർന്ന് പുറത്തിറക്കിയ ‘ഒാണത്തിനിടക്ക് പൂട്ടുകച്ചവടം’, ‘ദേ മാവേലി കൊമ്പത്ത്’ തുടങ്ങി മുന്നൂറോളം മിമിക്രി കാസറ്റുകൾ വിപണിയിൽ ചൂടപ്പമായിരുന്നു. തൊണ്ണൂറുകളിൽ കേരളത്തിലെയും വിദേശരാജ്യങ്ങളിലെയും നിരവധി വേദികളിൽ ചിരിപ്പിക്കുന്ന ഒറ്റയാനായിനിന്ന് അബി കൈയടി നേടി. ‘നയം വ്യക്തമാക്കുന്നു’ എന്ന ആദ്യ ചിത്രത്തിൽതന്നെ ജഗദീഷിനൊപ്പം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ‘രസികനി’ൽ ദിലീപിനൊപ്പം ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നു. കിട്ടിയ കഥാപാത്രങ്ങളെയെല്ലാം ‘അബി ടച്ചി’ലൂടെ ഗംഭീരമാക്കിയിട്ടും എന്തുകൊണ്ടോ മലയാളസിനിമ അകറ്റിനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.