െകാച്ചി: യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ തെൻറ അറസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും അന്വേഷണ സംഘത്തിനും സിനിമ വ്യവസായത്തിലെ ശക്തർക്കും മാധ്യമങ്ങൾക്കുമെതിരെ നടൻ ദിലീപ്. മുൻ ഭാര്യ മഞ്ജു വാര്യരെയും ഹരജിയിൽ പരാമർശിക്കുന്നുണ്ട്. യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിക്കാൻ ശ്രമിച്ച കേസിൽ ഹൈകോടതിയിൽ നൽകിയ ജാമ്യ ഹരജിയിലാണ് ദിലീപ് വ്യാപക ആരോപണങ്ങളുന്നയിച്ചത്. ആദ്യ ജാമ്യ ഹരജി തള്ളിയ സാഹചര്യം ഇപ്പോഴില്ലെന്നും കൂടുതൽ തടങ്കൽ ആവശ്യമില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹരജിയിെല ആവശ്യം.
സിനിമ വ്യവസായത്തിലെ ഒരു വിഭാഗത്തിെൻറ ഗൂഢാലോചനയെത്തുടർന്ന് കെട്ടിച്ചമച്ച കേസാണിതെന്ന് ഹരജിയിൽ പറയുന്നു. മികച്ച നടനുള്ള അവാർഡ് പലതവണ വാങ്ങിയ, സിനിമയുടെ എല്ലാ മേഖലയിലും പ്രവർത്തിച്ചിരുന്ന തന്നെ തകർക്കാനുള്ള ശ്രമമാണുണ്ടായത്. മാധ്യമങ്ങളെയും പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും സ്വാധീനിക്കാൻ കഴിവുള്ള ചിലർ മാസങ്ങളായി ദുരുദ്ദേശ്യത്തോടെ വ്യാജ പ്രചാരണങ്ങൾ നടത്തിയാണ് അറസ്റ്റിലേക്കെത്തിച്ചത്. ഒന്നാം പ്രതി പൾസർ സുനിയുടെ പേരിലുള്ള കത്ത് താൻ വായിച്ച ദിവസം തന്നെ ഡി.ജി.പിക്ക് വാട്സ്ആപ് സന്ദേശമായി അയച്ചു നൽകിയിട്ടുണ്ട്. അദ്ദേഹവുമായി സംസാരിക്കുകയും ചെയ്തു. എന്നിട്ടും സുനിയുടെ ബ്ലാക്ക് മെയിലിങ് സംബന്ധിച്ച് താൻ ഏറെ ൈവകി പരാതി നൽകിയത് കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമത്തിെൻറ ഭാഗമായിരുന്നുവെന്ന പ്രോസിക്യൂഷൻ നിലപാട് ആസൂത്രിതമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
ഹരജിയിൽ നിറഞ്ഞു നിൽക്കുന്നത് വ്യക്തികൾക്കെതിരായ ആരോപണങ്ങൾ
നിരപരാധിയാണെന്ന് സ്വയം തെളിയിക്കാനുള്ള ശ്രമത്തിനപ്പുറത്തേക്ക് വ്യക്തികൾക്കെതിരെയും ശക്തമായ ആരോപണങ്ങളാണ് രണ്ടാം ജാമ്യഹരജിയിൽ ദിലീപ് ഉന്നയിക്കുന്നത്. ആദ്യ ജാമ്യഹരജി തള്ളാനിടയായ സാഹചര്യം നിലവിലില്ലെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെടുന്ന ഹരജി പ്രതീക്ഷിച്ചവരെ ഞെട്ടിച്ചാണ് വിപുലമായ ആരോപണങ്ങളുൾപ്പെടെ ഉൾപ്പെടുത്തിയുള്ള ജാമ്യ ഹരജി ദിലീപ് കോടതിയുടെ പരിഗണനക്ക് എത്തിച്ചിരിക്കുന്നത്.
പൾസർ സുനി പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും നടിയെ ആക്രമിച്ച കേസിൽ ദിലീപിെൻറ പേരു പറയാൻ സിനിമ രംഗത്തെ ചിലർ സുനിയെ നിർബന്ധിക്കുന്നുവെന്നും പറഞ്ഞാണ് വിഷ്ണു എന്നയാൾ ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ നാദിർഷയെ ഫോണിൽ വിളിച്ചതെന്ന് ദിലീപിെൻറ ഹരജിയിൽ പറയുന്നു. രണ്ടു നടന്മാരുടെയും ഒരു നടിയുടെയും ഒരു സംവിധായകെൻറയും പേരു പറഞ്ഞു. ഇത് റെക്കോഡ് ചെയ്ത് നാദിർഷ തനിക്ക് അയച്ചു നൽകി. അന്നുതന്നെ ഡി.ജി.പി ലോക്‌നാഥ് ബെഹ്റയെ മൊബൈലിൽ വിളിച്ച് ഇക്കാര്യം അറിയിച്ചു. വോയ്സ് ക്ലിപ് വാട്സ്ആപ്പിൽ അയച്ചു കൊടുത്തു. പിന്നീട് അപ്പുണ്ണിക്ക് വന്നതടക്കം ഫോൺ കാളുകളുടെ വിവരങ്ങൾ ഏപ്രിൽ 18, 20,21 തീയതികളിൽ ഷൂട്ടിങ്ങിെൻറ തിരക്കിനിടയിലും ഡി.ജി.പിയെ വിളിച്ച് അറിയിച്ചു. വിവരങ്ങൾ വാട്ട്സ് ആപ്പിലൂടെയും നൽകി. ഏപ്രിൽ 16ന് പ്രഫ. ഡിങ്കൻ എന്ന തെൻറ ചിത്രത്തിെൻറ പൂജക്ക് എത്തിയ ഡി.ജി.പിയോട് ഇക്കാര്യങ്ങൾ വിശദീകരിച്ചു. അദ്ദേഹം നിർദേശിച്ചത് പ്രകാരമാണ് ഏപ്രിൽ 20ന് ഇമെയിലിൽ -പരാതി നൽകിയത്. പിന്നീട് നിർമാതാവ് രഞ്ജിത്ത് മുഖേന രേഖാമൂലവും പരാതി നൽകി. ഏപ്രിൽ 17ന് നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം നൽകിയെങ്കിലും തെൻറ പരാതിയിൽ ഡി.ജി.പി കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയില്ല. അതിനാൽ, 20 ദിവസത്തോളം കഴിഞ്ഞാണ് ബ്ലാക്ക് മെയിൽ പരാതി നൽകിയതെന്ന പൊലീസിെൻറ ആരോപണം അടിസ്ഥാനരഹിതമാണ്.
നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് മഞ്ജു വാര്യർ ആവശ്യപ്പെട്ടിരുന്നു. കേസന്വേഷണത്തിെൻറ മേൽനോട്ടം വഹിക്കുന്ന എ.ഡി.ജി.പി സന്ധ്യക്ക് ഇൗ നടിയുമായി അടുപ്പമുണ്ട്. തനിക്കെതിരായ അന്വേഷണ നടപടികളെക്കുറിച്ച് അന്വേഷണ സംഘത്തലവൻ ദിനേന്ദ്ര കശ്യപ്പിന് അറിവുണ്ടായിരുന്നില്ല. അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നില്ലെന്ന മുൻ ഡി.ജി.പി സെൻകുമാറിെൻറ വാക്കുകൾ സത്യമാണെന്ന് താൻ വിശ്വസിക്കുന്നു. തന്നെ ചോദ്യം ചെയ്തപ്പോൾ പരസ്യചിത്ര സംവിധായകനായ ശ്രീകുമാർ മേനോനുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. വൻകിട മാധ്യമ കോർപറേറ്റുകളുമായതടക്കം അടുത്ത ബന്ധമുള്ള വ്യക്തിയാണ് ശ്രീകുമാർ മേനോൻ. ഒരുപാട് വ്യവസായ ബന്ധങ്ങളുള്ള ഇയാൾക്ക് തന്നോടു ശത്രുതയുണ്ട്. തനിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ ഇയാളുടെ പങ്കും വ്യക്തമാക്കിയിരുന്നു. അത്രയുംനേരം പ്രവർത്തിച്ചിരുന്ന അന്വേഷണ സംഘത്തിെൻറ കാമറ ഇക്കാര്യങ്ങൾ പറയുമ്പോൾ ഒാഫാകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ലെന്നും ജാമ്യഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
ലിബർട്ടി ബഷീർ സ്വന്തം സംഘടനയായി കൊണ്ടുനടന്നിരുന്ന തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ 2016 ലെ ക്രിസ്മസ് കാലത്ത് സമരം നടത്തിയിരുന്നു. ഇവരുടെ സമരം സിനിമ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്ന അവസ്ഥയുണ്ടായപ്പോൾ മുഖ്യമന്ത്രിയുടെ ഇടപെടലും ഫലം കണ്ടില്ല. ഇതിനിടെ ചില തിയറ്റർ ഉടമകളുടെ ആവശ്യ പ്രകാരം തിയറ്റർ ഉടമ കൂടിയായ താനുൾപ്പെടെയുള്ളവർ ചേർന്ന് ഫിയോക്ക് എന്നപേരിൽ പുതിയ സംഘടനയുണ്ടാക്കി. ഇതേതുടർന്ന് ബഷീർ തനിക്കെതിരെ തിരിഞ്ഞെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.