കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ നടൻ ദിലീപിന് മുഖ്യപ്രതി പൾസർ സുനി കൈമാറിയിരുന്നെന്ന് പൊലീസ്. എന്നാൽ, വാഗ്ദാനം ചെയ്ത പ്രതിഫലം സുനിക്ക് ദിലീപ് നൽകിയില്ല. ദിലീപിെൻറ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് വെള്ളിയാഴ്ച അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അഞ്ച് പേജുള്ള റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
ജാമ്യം നൽകിയാൽ പ്രതി നടിയുടെ തൊഴിൽ മേഖലയിലെത്തി അപമാനിക്കാൻ ശ്രമിക്കുമെന്നും ഇത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. വാഗ്ദാനം ചെയ്ത പണം ദിലീപ് നൽകാതിരുന്നതുകൊണ്ട് മറ്റുപ്രതികളുടെ സഹായത്തോടെ ബ്ലാക്ക്മെയ്ലിങ് വഴി വാങ്ങിയെടുക്കാനാണ് സുനി ശ്രമിച്ചത്. സുനിക്ക് അഭിഭാഷകനായ പ്രതീഷ് ചാക്കോയെ പരിചയപ്പെടുത്തിക്കൊടുത്തത് ദിലീപാണെന്നാണ് പൊലീസ് പറയുന്നത്. നടിയെ ആക്രമിച്ചതിെൻറ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ പ്രതീഷ് ചാക്കോ വഴിയാണ് ദിലീപിന് സുനി കൈമാറിയത്. ഫോൺ പ്രതീഷ് ചാക്കോയെ ഏൽപിച്ചതായി സുനി മൊഴി നൽകിയിരുന്നു. എന്നാൽ, കേസിലെ സുപ്രധാന തെളിവായ ഇൗ ഫോൺ കണ്ടെത്താനായിട്ടില്ല. സുനിയുടെ ആദ്യ അഭിഭാഷകനായ പ്രതീഷ് ചാക്കോ സിനിമവിതരണക്കാരുടെ സംഘടനയുടെ നിയമോപദേഷ്ടാവാണ്. ഇയാളെ ചോദ്യം ചെയ്യാനായിട്ടില്ല.
അതേസമയം, ദിലീപ് അറസ്റ്റിലായതോടെ കേസന്വേഷണം കൂടുതൽ ശക്തമാക്കുകയാണ് പൊലീസ്. ഗൂഢാലോചനയിലടക്കം മറ്റുചില പ്രമുഖർക്കുകൂടി പങ്കുണ്ടാകാമെന്ന് സംശയിക്കുന്നു. ദിലീപുമായി അടുത്ത ബന്ധമുള്ള ചിലരുടെ പങ്ക് സംബന്ധിച്ച പ്രാഥമികവിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യും. ഇതിെൻറ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.