കൊച്ചി: യുവനടിയെ ഉപദ്രവിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച പൊലീസിന്‍റെ അന്വേഷണം ശക്തമായതോടെ കേസിൽ ആരോപണ വിധേയരായ ദിലീപും നാദിർഷായും നിയമോപദേശം തേടി. ഇരുവരും കൊച്ചിയിലെ പ്രമുഖ അഭിഭാഷകരുമായി ഇവർ ചർച്ച നടത്തിയതായാണ് സൂചന. മുൻകൂർ ജാമ്യത്തിന്‍റെ സാധ്യതകൾ തേടി ഇവർ ഹൈകോടതിയെ സമീപിച്ചേക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ മുൻകൂർ ജാമ്യത്തിനുള്ള അപേക്ഷ കോടതി തള്ളുകയാണെങ്കിൽ കൂടുതൽ സങ്കീർണതകളിലേക്ക് നീങ്ങുമെന്നാണ് ഇവർക്ക് ലഭിച്ച നിയമോപദേശം.
മുഖ്യപ്രതി സുനിൽകുമാർ ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ സംസാരിച്ചതു ദിലീപാണെന്ന നിഗമനത്തിലാണു പൊലീസ്. നിയമപരമായി ഇതു കോടതി മുൻപാകെ സമർഥിക്കാനുള്ള തെളിവുകൾ തേടുകയാണ് അന്വേഷണ സംഘം. സംശയിക്കപ്പെടുന്ന വ്യക്തികളെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ ഇതുവരെ പൊലീസിനു ലഭിക്കാത്തതിനാലാണ് അറസ്റ്റ് വൈകുന്നതെന്ന് സൂചന.
അതേസമയം, കേസിലെ പ്രതി സുനിൽകുമാറിന്‍റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഇയാളുടെ മറ്റ് ക്വട്ടേഷൻ കേസുകളും പൊലീസ് അന്വേഷിക്കും. മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോയതും പൊലീസ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താനും ഉദ്ദേശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.