'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ കൈയ്യടി നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തെ പ്രശംസിച്ചു നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ ചിത്രം കണ്ട എക്സൈസ് കമീഷണർ ഋഷിരാജ് സിങ് നടൻ അലൻസിയറോട് ചോദിച്ചത് എന്തേ ഇത്രയും കാലം സിനിമയിൽ വരാൻ വൈകിയത് എന്നായിരുന്നു. അതിന് അലൻസിയറുടെ മറുപടി ഇതായിരുന്നു:
'സർ മലയാളത്തിലിറങ്ങിയ ഒരുപാട് നല്ല സിനിമകളുടെ ഭാഗമായിരുന്നു ഞാൻ. പുരസ്കാരങ്ങൾ ഏറെ നേടിയവ, മലയാളി പ്രേക്ഷകൻ മനപൂർവമോ അല്ലാതെയോ തിരസ്കരിച്ച സിനിമകൾ. അന്വേഷിച്ചാൽ കണ്ടെത്താൻ പറ്റില്ല. അതാണ് സർ സിനിമയുടെ മാജിക്ക്'.
അലൻസിയർ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അർത്ഥവത്തായ ഒരു കലാ പ്രവർത്തനത്തിൽ കൂട്ടാളിയാകുമ്പോൾ ഒരു നടനെന്ന നിലയിൽ അഭിമാനവും സന്തോഷവും തോന്നുന്ന നിമിഷങ്ങളാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
ഒരു നടനെന്ന നിലയിൽ അഭിമാനവും സന്തോഷവും തോന്നുന്ന നിമിഷങ്ങൾ.... അർത്ഥവത്തായ ഒരു കലാ പ്രവർത്തനത്തിൽ കൂട്ടാളിയാകുമ്പോൾ.... ആ അർത്ഥം പ്രേക്ഷകൻ തിരിച്ചറിയുകയും അതിനു അംഗീകാരവും അനുമോദനവും കിട്ടുമ്പോൾ..... അതെ, 'ഞാൻ സ്റ്റീവ് ലോപ്പസ്' എന്ന സിനിമയോടൊത്ത് ഞാൻ ഈ ആനന്ദം അനുഭവിക്കുന്നു. അർത്ഥമറിയാതെ തിരസ്കരിക്കപ്പെട്ട സിനിമകൾ, പുരസ്കാരങ്ങൾ നേടിയ സിനിമകൾ.. പത്തൊമ്പതു വർഷം ഞാൻ ഈ സിനിമകളുടെ ഭാഗമായിരുന്നു. ഇന്ന് മലയാളികൾ ഏറെ ആദരിക്കുന്ന ഋഷി രാജ്‌സിങ് എന്ന പൊലീസ് ഓഫീസർ തൊണ്ടിമുതലും ദൃക്സാക്ഷിയും കണ്ട ശേഷം ഫോൺ സംഭാഷണത്തിൽ എന്നോട് ചോദിച്ചു, മഹേഷിന്റെ പ്രതികാരം എന്ന സിനിമ വരുന്നത് വരെ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു, എന്തേ ഇത്രയും കാലം സിനിമയിൽ വരാൻ വൈകിയത്. ഞാൻ ആദരവോടേയും സ്നേഹത്തോടേയും സിനിമയെ സ്നേഹിക്കുന്ന ആ പൊലീസ് ഓഫീസറോട് പറഞ്ഞു, 'സർ മലയാളത്തിലിറങ്ങിയ ഒരുപാട് നല്ല സിനിമകളുടെ ഭാഗമായിരുന്നു ഞാൻ. പുരസ്കാരങ്ങൾ ഏറെ നേടിയവ, മലയാളി പ്രേക്ഷകൻ മനപൂർവമോ അല്ലാതേയോ തിരസ്കരിച്ച സിനിമകൾ. അന്വേഷിച്ചാൽ കണ്ടെത്താൻ പറ്റില്ല. അതാണ് സർ സിനിമയുടെ മാജിക്ക്'. അദ്ദേഹം ചിരിച്ചു. ആ ചിരിയുടെ അർത്ഥം എനിക്കൂഹിക്കാനാകും. ഒരു സിനിമാപ്രേമിയായ അദ്ദേഹത്തിനു പോലും എത്രയോ നല്ല സിനിമകൾ മിസ്സായിരിക്കുന്നു.
നന്ദി സർ, നല്ല സിനിമകളെ അകമഴിഞ്ഞു സ്നേഹിക്കുന്നതിനും തീരെ പരിചിതമല്ലാത്ത എന്നെപ്പോലുള്ള കലാകാരന്മാരെ തുറന്നു പ്രോത്സാഹിപ്പിക്കുന്നതിനും. എഎസ്‌ഐ ചന്ദ്രന്റെ നൊമ്പരങ്ങൾ കണ്ണീരോടെ സ്വീകരിച്ചതിനും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.