കൊച്ചി: സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ ദിലീപ്, ഡബ്ല്യു.സി.സി വിഷയങ്ങളിലുള്ള വ്യത്യസ്ത നിലപാടുകളുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ചേരിതിരിവ് രൂക്ഷമാകുന്നു.പ്രശ്നം ചര്‍ച്ച ചെയ്യാൻ അമ്മ ഭാരവാഹികളുടെ അനൗദ്യോഗിക യോഗം ശനിയാഴ്ച കൊച്ചിയില്‍ ചേര്‍ന്നേക്കും. പ്രശ്നങ്ങൾ പരിഹരിച്ചശേഷം മുന്നോട്ടുപോയാൽ മതിയെന്ന നിലപാടിലാണ് നേതൃത്വവും.
വനിത കൂട്ടായ്മയായ ഡബ്ല്യു.സി.സി ഉയർത്തിയ വിഷയങ്ങൾ പരിഗണിക്കേണ്ട ആവശ്യമില്ലെന്നും ഇനിയൊരു ചർച്ച അവരുമായി നടത്തേണ്ടതില്ലെന്നും ഒരു പ്രബല വിഭാഗം ആവശ്യപ്പെടുന്നുണ്ട്. അതേസമയം, രാജിെവച്ചവരെ തിരിച്ചെടുക്കണമെന്നതടക്കം നിലപാടിലുറച്ച് നിൽക്കുകയാണ് നടൻ ജഗദീഷ്. സിദ്ദീഖിെൻറ കഴിഞ്ഞ ദിവസത്തെ വാർത്ത സമ്മേളനം സ്ഥിതി വഷളാക്കിയെന്ന ചർച്ചയും സജീവമാണ്. വ്യക്തിപരമായ അഭിപ്രായം സംഘടനയുടെ അഭിപ്രായമായി സിദ്ദീഖ് പറയാൻ പാടില്ലായിരുന്നുവെന്നാണ് ഇവരുടെ പക്ഷം.
പ്രസിഡൻറ് മോഹൻലാലുമായി സംസാരിച്ചശേഷമാണ് താൻ അഭിപ്രായം പറഞ്ഞതെന്നും അത് സംഘടനയുടെ നിലപാടാണെന്നും ജഗദീഷ് ആവർത്തിക്കുന്നു. പത്രക്കുറിപ്പിെൻറ പകർപ്പ് വാട്ട്സ്ആപ്പ് വഴി എല്ലാ എക്സിക്യൂട്ടിവ് അംഗങ്ങൾക്കും നൽകിയിരുന്നുവെന്നും ജഗദീഷ് പറയുന്നു. മോഹൻലാൽ സ്ഥാനം ഒഴിയാൻ താൽപര്യം പ്രകടിപ്പിച്ചതായും സൂചനയുണ്ട്.
വെള്ളിയാഴ്ച എക്സിക്യൂട്ടിവ് കമ്മിറ്റി കൂടാനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ, എക്സിക്യൂട്ടിവിലെ 17 അംഗങ്ങളിൽ 10 പേർ ചിത്രീകരണ സ്ഥലങ്ങളിലായതിനാൽ എത്താൻ കഴിയില്ലെന്ന് അറിയിച്ചതോടെ മറ്റ് അംഗങ്ങൾ അനൗദ്യോഗികമായി യോഗം ചേരാനാണ് ഉദ്ദേശിക്കുന്നത്. കൊച്ചിയിൽ മോഹൻലാലിെൻറ സാന്നിധ്യത്തിലായിരിക്കും യോഗം. ജഗദീഷിനെയും സിദ്ദീഖിനെയും ഒരുമിച്ചിരുത്തി പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനും ശ്രമമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.