കൊച്ചി: വിമൻ ഇൻ സിനിമ കലക്ടിവ് (ഡബ്ല്യു.സി.സി) ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കാൻ ‘അമ്മ’ തീരുമാനിക്കുകയും സംഘടനയിലേക്ക് തൽക്കാലം ഇല്ലെന്ന് ദിലീപ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തതോടെ വിവാദങ്ങൾക്ക് താൽക്കാലിക വിരാമം. എന്നാൽ, ‘അമ്മ’ പ്രസിഡൻറ് മോഹൻലാലിനെതിരെ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ വെള്ളിയാഴ്ചയും അരങ്ങേറി. പുതിയ ഭാരവാഹികളുടെ സാന്നിധ്യത്തിൽ കൈക്കൊണ്ട ആദ്യ തീരുമാനംതന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച സാഹചര്യത്തിൽ ഇനിയുള്ള നീക്കം കരുതലോടെ മതിയെന്നാണ് ‘അമ്മ’യിലെ മുതിർന്ന അംഗങ്ങളുടെ നിലപാട്.
പ്രത്യേക യോഗം വിളിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ ‘അമ്മ’ തയാറായതോടെ യോഗത്തിെൻറ തീരുമാനം കാക്കുകയാണ് ഡബ്ല്യു.സി.സി. അതുവരെ മറ്റുപ്രതികരണങ്ങൾ വേണ്ടെന്നാണ് സംഘടനയുടെ കൂട്ടായ തീരുമാനമെന്നും അറിയുന്നു. മഞ്ജു വാര്യരും ഗീതു മോഹൻദാസും രമ്യ നമ്പീശനും അടക്കമുള്ളവർ വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് വിദേശത്താണ്. മോഹൻലാലും കേരളത്തിന് പുറത്താണ്.
ജൂലൈ രണ്ടാം വാരത്തോടെ മാത്രെമ ഇവർ നാട്ടിലെത്താൻ സാധ്യതയുള്ളൂ. ഇതിനുശേഷമാകും ‘അമ്മ’യുടെ പ്രത്യേക യോഗം നടക്കുക. ജൂലൈ 13നോ 14നോ യോഗം ചേരണമെന്ന് രേവതിയും പദ്മപ്രിയയും പാർവതിയും ആവശ്യപ്പെട്ടിരുന്നെങ്കിലും നടക്കാൻ സാധ്യതയില്ല. യോഗത്തിെൻറ രൂപവും ചർച്ച ചെയ്യേണ്ട വിഷയങ്ങളും സംബന്ധിച്ച് മുതിർന്ന അംഗങ്ങൾക്കിടയിൽ കൂടിയാലോചന ആരംഭിച്ചിട്ടുണ്ട്. വിവാദങ്ങൾക്ക് ഇടനൽകാതെയും ഡബ്ല്യു.സി.സിയെ കൂടുതൽ പ്രകോപിപ്പിക്കാതെയുമുള്ള തീരുമാനങ്ങളാകും കൈക്കൊള്ളുക. നിരപരാധിത്വം തെളിയിക്കുന്നതുവരെ സംഘടനയുടെ ഭാഗമാകാനില്ലെന്ന് ദിലീപ് രേഖാമൂലം അറിയിച്ച സാഹചര്യത്തിൽ ‘അമ്മ’ക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായിട്ടുണ്ട്.
എന്നാൽ, മഞ്ജു വാര്യർ ഇതുവരെ പ്രതികരിക്കാത്തത് ഡബ്ല്യു.സി.സിയെ പ്രതിരോധത്തിലാക്കി. മഞ്ജു ‘അമ്മ’യിൽ തുടരണമെന്നതും മറ്റ് നാലുപേർ രാജിവെക്കണമെന്നതും ആലോചിച്ചെടുത്ത തീരുമാനമാണെന്നാണ് സംഘടനനേതൃത്വം പറയുന്നത്. എന്നാൽ, ഇക്കാര്യത്തിൽ എന്തെങ്കിലും പരസ്യമായി പറയാൻ മഞ്ജു തയാറായിട്ടില്ല. ‘അമ്മ’ നേതൃത്വം പ്രതികരിക്കാൻ സന്നദ്ധമായതും പ്രത്യേകയോഗം ചേരാൻ തീരുമാനിച്ചതും വിഷയം ദേശീയതലത്തിൽവരെ ചർച്ചയാക്കാൻ കഴിഞ്ഞതും തങ്ങളുടെ നിലപാടുകളുടെ വിജയമായും ഡബ്ല്യു.സി.സി കാണുന്നു.
ഇതിനിടെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിലവിലെ സംഭവവികാസങ്ങൾ പൊലീസും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. സിനിമയിലെ ബന്ധങ്ങൾ ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും വിചാരണ വൈകിപ്പിക്കാനും ദിലീപ് ശ്രമിക്കുമെന്ന സംശയത്തിെൻറ അടിസ്ഥാനത്തിലാണ് ഇത്. ഇൗ സംശയം ബലപ്പെടുത്തുന്ന ചില സൂചനകൾ ലഭിച്ചതായും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.