കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം മുറുകിയതോടെ പ്രശ്നപരിഹാരത്തിന് ‘അമ്മ’യുടെ നീക്കം.
സംഘടനയിൽനിന്ന് രാജിവെച്ച നടിമാരായ ഭാവന, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ എന്നിവർക്ക് പിന്തുണയുമായി കൂടുതൽ പേർ രംഗത്തെത്തുകയും വിഷയം ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കണമെന്ന് അംഗങ്ങളായ രേവതി, പത്മപ്രിയ, പാർവതി എന്നിവർ ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെ അടിയന്തര നിർവാഹക സമിതി വിളിക്കാൻ ‘അമ്മ’ തീരുമാനിച്ചു.
നിരപരാധിത്വം തെളിയിക്കുംവരെ ഒരു സംഘടനയുടെയും ഭാഗമാകാനില്ലെന്നുകാണിച്ച് ദിലീപ് ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് കത്തയച്ചതും ‘അമ്മ’യെ പ്രതികരണത്തിന് നിർബന്ധിതമാക്കി.
അടിയന്തര എക്സിക്യൂട്ടിവ് ചേർന്ന് വിഷയം ചർച്ച ചെയ്യുമെന്ന് ഇടവേള ബാബുവാണ് അറിയിച്ചത്.
കേരളത്തിന് പുറത്തുള്ള മോഹൻലാൽ എത്തിയശേഷം തീയതി തീരുമാനിക്കും. ദിലീപിെൻറ കത്തും രാജിവെച്ച നടിമാരുമായി കൂടിക്കാഴ്ച നടത്തുന്ന കാര്യവും ചർച്ച ചെയ്യും. പ്രതിഷേധിച്ച നടിമാർ ‘അമ്മ’യുടെ ശത്രുക്കളല്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.
ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ഡബ്ല്യു.സി.സി (വിമൻ ഇൻ സിനിമ കലക്ടിവ്) അംഗങ്ങളായ നടിമാരാണ് ബുധനാഴ്ച ‘അമ്മ’യിൽനിന്ന് രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.