കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡൻറായി മോഹൻലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന് സൂചന. നാമനിർദേശപത്രിക സമർപ്പിക്കേണ്ട സമയം വെള്ളിയാഴ്ച അവസാനിച്ചപ്പോൾ മോഹൻലാലിനെതിരെ ആരും പത്രിക നൽകിയിട്ടില്ലെന്നാണ് അറിയുന്നത്. മറ്റ് ഭാരവാഹികളുടെ കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്.
24ന് കൊച്ചിയിൽ നടക്കുന്ന ‘അമ്മ’യുടെ വാർഷിക ജനറൽബോഡിയിൽ സ്ഥാനാർഥികളെ ഒൗപചാരികമായി പ്രഖ്യാപിക്കും. 17 വർഷമായി പ്രസിഡൻറ് സ്ഥാനത്ത് തുടരുന്ന ഇന്നസെൻറ് ഇത്തവണ ഒഴിയാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. മമ്മൂട്ടി ജനറൽ സെക്രട്ടറി സ്ഥാനവും ഒഴിയുകയാണ്. പ്രസിഡൻറ് സ്ഥാനത്തേക്ക് മറ്റാരെങ്കിലും നാമനിർദേശപത്രിക നൽകിയാൽ താൻ പിന്മാറുമെന്ന് മോഹൻലാൽ അറിയിച്ചിരുന്നു. എന്നാൽ, പൊതുസ്വീകാര്യതയുള്ള മോഹൻലാലിനെതിരെ മത്സരത്തിനില്ലെന്ന നിലപാടിലാണ് മറ്റ് താരങ്ങൾ.
നിലവിലെ സെക്രട്ടറി ഇടവേള ബാബുവാകും പുതിയ ജനറൽ സെക്രട്ടറി. മത്സരമുണ്ടായില്ലെങ്കിൽ വൈസ് പ്രസിഡൻറുമാരായി എം.എൽ.എമാർകൂടിയായ കെ.ബി. ഗണേഷ്കുമാർ, മുകേഷ് എന്നിവരും ജോയൻറ് സെക്രട്ടറിയായി സിദ്ദീഖും ദിലീപ് വഹിച്ചിരുന്ന ട്രഷറർ സ്ഥാനത്തേക്ക് ജഗദീഷും വരാനാണ് സാധ്യത.
അതേസമയം, നാമനിർദേശപത്രിക പിൻവലിക്കാൻ ഇൗ മാസം 11 വരെ സമയമുണ്ടെന്നും 14ന് ചിത്രം വ്യക്തമാകുമെന്നും ഇടവേള ബാബു പറഞ്ഞു. ആരൊക്കെയാണ് നാമനിർദേശപത്രിക സമർപ്പിച്ചെതന്നത് സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.