കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനോട് രാജി ചോദിച്ചുവാങ്ങി മുഖംരക്ഷിച്ച അഭിനേതാക്കളുടെ സംഘടന അമ്മ വീണ്ടും വിവാദത്തിൽ. സംഘടനയിൽ പുതുതായി രൂപവത്കരിച്ച വനിത സെല്ലിെൻറ ആദ്യയോഗത്തിൽ ചില നടിമാർ മുതിർന്ന നടന്മാരുടെ മോശം പെരുമാറ്റത്തിനെതിരെ തുറന്നടിച്ചതാണ് പുതിയ വിവാദം. തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് നടി ശ്രീദേവിക ‘അമ്മ’ക്ക് നൽകിയ കത്തും ചർച്ചയാവുകയാണ്.
സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളുയർത്തി വനിത കൂട്ടായ്മ ഡബ്ല്യു.സി.സി രംഗത്തുവന്നതിന് പിന്നാലെയാണ് ‘അമ്മ’ നേതൃത്വം മുൻകൈയെടുത്ത് കെ.പി.എ.സി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരൻ എന്നിവരെ ഉൾപ്പെടുത്തി വനിത സെൽ രൂപവത്കരിച്ചത്. വെള്ളിയാഴ്ച കൊച്ചിയിൽ സംഘടനയുടെ അെവയ്ലബിൾ എക്സിക്യൂട്ടിവിന് ശേഷമാണ് സെൽ ആദ്യയോഗം ചേർന്നത്. സെൽ അംഗങ്ങൾക്കൊപ്പം നടിമാരായ ബീന ആൻറണി, പ്രിയങ്ക, ലിസി ജോസ്, തെസ്നി ഖാൻ, മഞ്ജുപിള്ള, സീനത്ത്, ഷംന കാസിം, ലക്ഷ്മിപ്രിയ, ഉഷ എന്നിവർ പെങ്കടുത്തു.
വനിത സെൽ യോഗമാണ് ചേരുന്നതെന്ന് ഇവർക്കോ ‘അമ്മ’ എക്സിക്യൂട്ടിവ് അംഗങ്ങൾക്കോ അറിവുണ്ടായിരുന്നില്ല. പ്രശ്നങ്ങളുണ്ടെങ്കിൽ തുറന്നുസംസാരിക്കാൻ ഒരുവേദി എന്നുമാത്രം പറഞ്ഞാണ് ക്ഷണിച്ചത്. ദിലീപ്, ഡബ്ല്യു.സി.സി വിഷയങ്ങൾ ഉയർന്നെങ്കിലും ചർച്ചക്കെടുത്തില്ല. ഇതോടെയാണ് ചില നടിമാർ മുതിർന്ന നടന്മാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ഉടൻ പ്രതികരിക്കാനാണ് തീരുമാനം. ചർച്ച പൂർണമായും റെക്കോഡ് ചെയ്തതിനാൽ തെളിവും പരാതിയും ഇല്ലെന്നുപറഞ്ഞ് ഒഴിഞ്ഞുമാറാനാവാത്ത അവസ്ഥയിലാണ് ‘അമ്മ’. എന്നാൽ, ഇക്കാര്യത്തിൽ എന്ത് തുടർനടപടി വേണമെന്ന് തീരുമാനമായിട്ടില്ല. നടിമാർ വെളിപ്പെടുത്തൽ നടത്തിയെന്ന കാര്യം സംഘടനയിലെ മുതിർന്ന അംഗം സ്ഥിരീകരിച്ചു.
ഇതിനിടെയാണ് സിനിമയിലെ ദുരനുഭവങ്ങൾ വിവരിച്ച് നടി ശ്രീദേവിക അയച്ച കത്ത് പുറത്തുവന്നത്. 2006ൽ സംവിധായകെൻറ മോശം പെരുമാറ്റത്തിനെതിരെ പരാതിപ്പെട്ടതിന് താൻ അഭിനയിച്ച രംഗങ്ങളും സംഭാഷണങ്ങളും വെട്ടിച്ചുരുക്കി കഥാപാത്രത്തിെൻറ പ്രാധാന്യം കുറച്ചതായി കത്തിൽ പറയുന്നു.
സിനിമയിൽ അവസരം ലഭിക്കാൻ നിർമാതാവിനോ സംവിധായകനോ നടനോ വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട അവസ്ഥയാണ്. വാഗ്ദാനം ചെയ്ത പ്രതിഫലം നൽകാത്ത നിർമാതാവിനെതിരെ നേതൃത്വത്തോട് പറഞ്ഞപ്പോൾ പരാതിയിൽനിന്ന് പിന്മാറാനായിരുന്നു ഉപദേശം. ഇതേചൊല്ലി ഒരു എക്സിക്യൂട്ടിവ് അംഗം ദേഷ്യപ്പെട്ടു. പരാതികൾ പൂഴ്ത്തിവെച്ച് സംഘടനയിൽ പ്രശ്നങ്ങളില്ലെന്ന് വരുത്താനാണ് ‘അമ്മ’യുടെ ശ്രമമെന്നും കത്തിൽ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.