'ഫഹദ്; ഒന്നും പറയാനില്ല, ആ അഭിനയത്തികവ് വിശദമാക്കാനാവില്ല'

മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിച്ച  തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തെ പുകഴ്ത്തി സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. നമ്മുടെ നിയമവ്യവസ്ഥയെ ഇത്ര ഫലപ്രദമായി 'സ്പൂഫ്‌' ചെയ്യുകയും കുറ്റം/ വിചാരണ/ ശിക്ഷ എന്നീ സംവർഗ്ഗങ്ങളെ നിശിതമായ ഹാസ്യത്തിലൂടെ അപനിർമ്മിക്കുകയും ചെയ്യുന്ന ഒരു സിനിമ അടുത്ത കാലത്ത്‌ കണ്ടിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നടൻ ഫഹദ് ഫാസിലിനെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. ഫഹദ്‌! ഒന്നും പറയാനില്ല. അയാളുടെ അഭിനയത്തിന്റെ തികവ്‌ എഴുതി വിശദമാക്കേണ്ട ഒന്നല്ല; അത്‌, കണ്ടറിയേണ്ട ഒന്നാണെന്നും അദ്ദേഹം കുറിച്ചു. 


ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

മറ്റ്‌ പലരേയും പോലെ, ഞാനും ഏറെ ആവേശത്തോടെ, പ്രതീക്ഷയോടെ കാണാൻ കാത്തിരുന്ന ചിത്രമാണ്‌, "തൊണ്ടിമുതലും ദൃക്സാക്ഷിയും." കണ്ടു. ഇഷ്ടമായി, വളരെയധികം. ലളിതമായ ഒരു കഥ. വളരെ റിയലിസ്റ്റിക്കായ ആഖ്യാനം, അഭിനേതാക്കളുടെ ഗംഭീരപ്രകടനം, മികച്ച സാങ്കേതിക ഘടകങ്ങൾ, രാജീവ്‌ രവിയുടെ ഛായാഗ്രഹണം, സജിയുടെ തിരക്കഥ, ശ്യാം പുഷ്ക്കരന്റെ സർഗ്ഗാത്മക ഇടപെടൽ, സർവ്വോപരി ദിലീഷ്‌ പോത്തന്റെ ആവിഷ്ക്കാര മികവ്‌... നമ്മുടെ നിയമവ്യവസ്ഥയെ ഇത്ര ഫലപ്രദമായി 'സ്പൂഫ്‌' ചെയ്യുകയും, കുറ്റം/ വിചാരണ/ ശിക്ഷ എന്നീ സംവർഗ്ഗങ്ങളെ നിശിതമായ ഹാസ്യത്തിലൂടെ അപനിർമ്മിക്കുകയും ചെയ്യുന്ന ഒരു സിനിമ അടുത്ത കാലത്ത്‌ കണ്ടിട്ടില്ല. മജിസ്റ്റ്രേറ്റിന്റെ മകൻ ആർത്തിപിടിച്ച്‌ ഭക്ഷണം കഴിക്കുന്നതിനെ പരിഹസിക്കുന്ന പോലിസുകാരനോട്‌, "കളിയാക്കല്ലേ,സാറെ, ഈ പ്രായത്തിൽ നല്ല വിശപ്പ്‌ കാണുമെന്നു" ( യഥാർത്ഥ വാചകങ്ങൾ ഇതാവണമെന്നില്ല, ഓർമ്മയിൽ നിന്നെഴുതുന്നത്‌) പറയുന്ന കള്ളൻ, തിരക്കഥയിലെ ഒരു 'brilliant stroke' ആണ്‌. ആ ഒരു 
ചെറിയ സ്പർശ്ശത്തിലൂടെ കള്ളന്റെ യാതനാഭരിതമായ ഭൂതം മാത്രമല്ല ‌, കള്ളന്മാരെ ഉണ്ടാക്കുന്ന വിശപ്പിന്റെ രാഷ്ട്രീയം കൂടിയാണ്‌ വെളിപ്പെടുന്നത്. ഇങ്ങനെ എത്രയോ മുഹൂർത്തങ്ങളുണ്ട്‌, ഈ സിനിമയിൽ. സുരാജും നായികയായ നിമിഷയും അലൻസിയറും മാത്രമല്ല, പോലിസുകാരായ പുതിയ അഭിനേതാക്കളെല്ലാം തകർത്തു. ഫഹദ്‌! ഒന്നും പറയാനില്ല. അയാളുടെ അഭിനയത്തിന്റെ തികവ്‌ എഴുതി വിശദമാക്കേണ്ട ഒന്നല്ല; അത്‌, കണ്ടറിയേണ്ട ഒന്നാണ്‌. നിർമ്മാതാവ്‌ സന്ദീപിനും, കൂട്ടാളിക്കും അഭിനന്ദനങ്ങൾ. പ്രിയ ദിലീഷ്‌ പോത്തൻ, എന്റെ സ്നേഹം, ആദരവ്‌, ആശ്ലേഷം.
Full View
Tags:    
News Summary - B Unnikrishnan praises Fahad Faasil and Thondimuthalum Driksaakshiyum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.