യുദ്ധത്തെക്കാള്‍ ഭയാനകമായത് മറ്റെന്താണ്..?

‘There never was a good war,
or a bad peace...’ - Benjamin Franklin

ഒന്നാം ലോകമഹായുദ്ധത്തിൽ കാൽമുട്ടിന് വെടിയേറ്റ് അംഗപരിമിതനായി മാറിയ ഒരു സൈനികനെ ചുറ്റിപ്പറ്റിയാണ് ജയരാജി​​​െൻറ പുതിയ സിനിമയായ ‘ഭയാനകം’  മുന്നോട്ടുപോവുന്നത്. നല്ലതെന്ന് പറയാവുന്ന ഒരു യുദ്ധവും ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ല എന്ന് നമുക്കറിയാം. യുദ്ധത്തെക്കാൾ ഭയാനകമായതും മറ്റൊന്നുമില്ല. യുദ്ധഭൂമിയിൽ നിന്നും നേരിട്ടുള്ള ഒരു കാഴ്ചയോ വെടിയൊച്ച മുഴങ്ങുന്ന ഒരു ശബ്ദമോ പോലും പകർത്താതെ യുദ്ധത്തി​​​െൻറ ഭീതിദാവസ്ഥ പ്രേക്ഷകരിലേക്ക് പകരാനാണ് ‘ഭയാനക’ത്തിന്റെ ശ്രമം. അത് ഒരു പരിധിവരെ വിജയിക്കുകയും ചെയ്യുന്നു. കാരണം, യുദ്ധത്തി​​​െൻറ അനുരണനങ്ങളും പ്രത്യാഘാതങ്ങളും പടരുന്നത് അറിയപ്പെടാത്ത അകലങ്ങളിൽ കൂടി ആണല്ലോ..

ഒരുകാലിന് ചലനശേഷി നഷ്ടപ്പെട്ട കേന്ദ്രകഥാപാത്രം യുദ്ധത്തിൽ നിന്ന് വിരമിച്ച് 21 കൊല്ലങ്ങൾക്ക് ശേഷമാണ് 1939 ആഗസ്​റ്റിൽ കുട്ടനാട്ടിലെ ഒരു ദേശത്തേക്ക് പോസ്റ്റ്മാനായി ചുമതലയേൽക്കാൻ, കൊച്ചുവഞ്ചി തുഴഞ്ഞ് ചോദിച്ച് ചോദിച്ചെത്തുന്നത്. സ്ഥലം മാറിപ്പോയ പഴയ പോസ്റ്റ്മാൻ പറഞ്ഞതിൻ പ്രകാരം, ഗൗരിക്കുഞ്ഞമ്മ എന്നു പേരായ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു മധ്യവയസ്കയുടെ ഒറ്റപ്പെട്ട വീട്ടിലേക്കാണയാൾ എത്തുന്നത്​. അവർ ഹാർദ്ദമായിത്തന്നെ അയാളെ സ്വാഗതം ചെയ്യുകയും സദാചാരപോലീസിങി​​​​െൻറ ഭയമൊന്നും കൂടാതെ തെക്കേമുറിയിൽ താമസസൗകര്യമൊരുക്കുകയും ചെയ്യുന്നു. മുൻപരിചയമൊന്നുമൊന്നും ഇല്ലാത്തവരായിട്ടും പ്രണയം, രതി ഇത്യാദി വികാരങ്ങളൊന്നും തമ്മിൽ ഉരുത്തിരിഞ്ഞുവരുന്നില്ലെങ്കിലും പോസ്റ്റ്മാനും കുഞ്ഞമ്മയും തമ്മിൽ ഒന്നിച്ചുണ്ടുമുറങ്ങിയും ആധികളും സന്തോഷങ്ങളും പങ്കുവച്ചുമുള്ള ബന്ധം ഊഷ്മളമായിത്തന്നെ ജയരാജ് പകർത്തിയിട്ടുണ്ട് എന്നത് ആദ്യമേ എടുത്തുപറയേണ്ട ഒരു ഹൈലൈറ്റാണ്..; 1939 പോലൊരു കാലത്ത് കുട്ടനാട് പോലൊരു ദേശത്ത് അത് എത്രത്തോളം സാധ്യമായിരുന്നുവെന്നൊന്നും അറിയില്ലെങ്കിലും..

ഗൗരിക്കുഞ്ഞമ്മയുടെ രണ്ടുമക്കളും പട്ടാളത്തിലാണ്. മക്കളെക്കുറിച്ച് ഓർക്കുമ്പോഴും പോസ്റ്റ്മാനോട് പറയുമ്പോഴും അവർ ആവേശഭരിതയാണ്. വീട്ടിലെ പട്ടിണി കാരണവും സ്വന്തമായ സാഹസികത കാരണവും വീട്ടിൽ പറയാതെയും കുട്ടനാട്ടിലെ നല്ലൊരു വിഭാഗം യുവാക്കൾ സൈന്യത്തിലേക്ക് പോവുന്നുണ്ട്. (റിക്രൂട്ട്മ​​െൻറി​​​െൻറ ദൃശ്യങ്ങളും പടത്തിൽ പലയിടത്തുമുണ്ട്) ഇവരെല്ലാം അയയ്ക്കുന്ന കത്തുന്ന മണി ഓർഡറുകളുമായി എല്ലാ വീടുകളിലുമെത്തുന്ന പോസ്റ്റ്മാന് ആളുകൾ സ്നേഹസമ്പൂർണമായ ബഹുമാനമാണ് തിരികെ നൽകുന്നത്. അയാളെ കണികാണുന്നത് ശുഭശകുനമാണെന്ന് വരെ പ്രചരിക്കപ്പെടുന്നു.. കളർഫുള്ളാണ് ഈ ഭാഗത്തിന്റെ ഫ്രെയിമുകൾ.. എന്നാൽ അത് അധികം നീണ്ടുനിൽക്കുന്ന ഒന്നായിരുന്നില്ല.

യുദ്ധത്തി​​​െൻറ ഇരയും ജീവിച്ചിരിക്കുന്ന രക്തസാക്ഷിയുമായ ആ പാവം മനുഷ്യനെ യുദ്ധത്തി​​​​െൻറ പ്രതിരൂപവും വെറുക്കപ്പെട്ടവനുമായി കണ്ട് കുട്ടനാട്ടിലെ ആളുകൾ തെറിവിളിക്കുകയും കല്ലെറിയുകയും ചെയ്യുന്ന രീതിയിലേക്കാണ് പിന്നീട് കാര്യങ്ങൾ തകിടം മറിയുന്നത്. 1939 സെപ്തംബറിൽ രണ്ടാം ലോകമഹായുദ്ധം തുടങ്ങിയതിനെതുടർന്ന് പട്ടാളക്കാർ മരിച്ച വിവരവുമായെത്തുന്ന ടെലഗ്രാമുകൾ കൂട്ടമായി പ്രവഹിക്കാൻ തുടങ്ങിയതിനെ തുടർന്നായിരുന്നു അത്. മരണത്തി​​​​െൻറ സന്ദേശവാഹകനായി മാറേണ്ടി വരുന്ന പോസ്റ്റ്മാനെ കാല​​​​െൻറ പ്രതിപുരുഷനായി കാണാൻ തുടങ്ങുന്നതോടെ പെരുമഴയത്ത് കേറിനിന്നിടത്തുനിന്നുപോലും അംഗവിഹീനനും നിസ്വനുമായ അയാൾ ആട്ടിയിറക്കപ്പെടുകയാണ്..

61 ദശലക്ഷം ആളുകൾക്ക് ജീവഹാനി നേരിടേണ്ടി വന്ന രണ്ടാം ലോകമഹായുദ്ധം അന്നത്തെ ലോകജനസംഖ്യയുടെ മൂന്നുശതമാനത്തെ ഇല്ലായ്മ ചെയ്തു എന്ന് ചരിത്രത്തി​​​െൻറ കണക്കുപുസ്തകങ്ങളിൽ കാണാം.. അന്ന് കൊല്ലപ്പെട്ട 87,000 ഇന്ത്യൻ പട്ടാളക്കാരിൽ 650ലധികം പേർ കുട്ടനാട് പ്രദേശങ്ങളിൽ നിന്ന് മാത്രമുള്ളവരായിരുന്നു.  തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാതമായ ‘കയറി’​​​​െൻറ വിശാലമായ കാൻവാസിൽ നിന്നും രണ്ട് അധ്യായങ്ങൾ എടുത്ത്, അതിലേക്ക് ഈ ഭീതിദമായ കണക്ക്, സന്നിവേശിപ്പിച്ചാണ് ജയരാജ് ഭയാനകത്തി​​​​െൻറ തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുദ്ധത്തി​​​​െൻറ സങ്കീർണതകളും ഭയാനകതകളും ലോകത്തിൽ എവിടെയുള്ള മനുഷ്യനിലേക്കും വിനിമയം ചെയ്യപ്പെടും മട്ടിൽ ലളിതമായിട്ടാണ് സിനിമയുടെ അവതരണം. ഒരു തരത്തിൽ ഇൻറർനാഷണൽ മാർക്കറ്റ് തന്നെയാണ് സംവിധായകൻ ഇത്തരം സിനിമകളിലൂടെ ലക്ഷ്യം വെക്കുന്നത് എന്നും മനസിലാക്കാം. (അതൊരു തെറ്റല്ല താനും)

ഒന്നാലോചിച്ചാൽ മലയാളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രവചനാതീതനായ സംവിധായകൻ എന്ന് നിസ്സംശയം വിളിക്കപ്പെടാവുന്ന ആളാണ് ജയരാജ്. ‘വിദ്യാരംഭം’ മുതൽ ‘ദേശാടനം’ വരെയും ‘ജോണിവാക്കർ’ മുതൽ ‘കളിയാട്ടം’ വരെയും ‘തിളക്കം’ മുതൽ ‘ഫോർ ദ പീപ്പിൾ’  വരെയും അയാൾക്ക് സാധ്യമാണ്. ഇത്രമാത്രം വിഭിന്നമായ ഴോണറുകളിൽ സിനിമകളെടുത്ത മറ്റൊരു സംവിധായകൻ മലയാളസിനിമാ ചരിത്രത്തിൽ തന്നെ ഉണ്ടാകുമോ എന്ന് സംശയവുമാണ്.

‘ക്യാമൽ സഫാരി’ പോലൊരു ഗുഡ് ഫോർ നതിംഗ്  നിർമിതിക്ക്  ശേഷം ജയരാജ് വന്നത് ‘ഒറ്റാൽ’ പോലൊരു അവിസ്മരണീയ സൃഷ്ടിയുമായിട്ടായിരുന്നു. അതിന് ശേഷം വന്ന ‘വീരം’ ഭീമമായ ബജറ്റിൽ വടക്കൻ പാട്ടിനെ പുനർനിർവചിക്കാനുള്ള ഒരു നല്ല ശ്രമമായിരുന്നെങ്കിലും മലയാളികൾ പഴയ രാജാപ്പാർട്ട് യുദ്ധകഥകളിൽ നിന്നും താഴെയിറങ്ങാത്തതുകൊണ്ടോ എന്തോ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. നവരസ സീരിസിൽ ആറാമതായി ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ‘ഭയാനക’മാവട്ടെ മികച്ച സംവിധായകനും അവലംബിത തിരക്കഥയ്ക്കുമുള്ള രണ്ട് ദേശീയ അവാർഡുകൾ സ്വന്തം നിലയ്ക്ക് തന്നെ നേടിക്കൊടുത്തു ജയരാജി​​​െൻറ ഖ്യാതി ഉയർത്തുന്നതിനോടൊപ്പം പ്രസക്തമായ ഒരു സിനിമാനുഭവം പ്രേക്ഷകനിലേക്ക് പകർന്നുകൊടുക്കുന്നതിലും വിജയിച്ചിരിക്കുന്നു.

ഫ്രെയിമുകളും ലൊക്കേഷനും ലൈറ്റിംഗും കളറിംഗുമാണ് ഭയാനകത്തി​​​െൻറ തീമിനോടൊട്ടിക്കിടക്കുന്ന മറ്റ് സവിശേഷതകൾ. യുദ്ധത്തി​​​െൻറ ഭീതി ആവേശിച്ചുകിടക്കുന്ന ഡാർക്ക് ടോണുകളാണ് രണ്ടാം പാതിയിൽ ഉടനീളം. പുതുമുഖ ഛായാഗ്രാഹകനായ നിഖിൽ എസ് പ്രവീണിന് ‘ഭയാനക’ത്തി​​​െൻറ ക്യാമറക്ക്​ ലഭിച്ച നാഷണൽ അവാർഡ് അർഹമായ അംഗീകാരമാണ്.

എം കെ അർജ്ജുനൻ മാസ്റ്റർക്ക് ചരിത്രത്തിലാദ്യമായി ഈ സിനിമയിലൂടെ സംഗീതസംവിധാനത്തിനുള്ള  സംസ്ഥാനചലച്ചിത്ര അവാർഡ് ലഭിച്ചത് കൗതുകവാർത്തയായിരുന്നു. കുട്ടനാടൻ നാട്ടുപാട്ടി​​​െൻറ ശീലുകളാണ് പശ്ചാത്തലങ്ങളിൽ ഇഴനെയ്യുന്നത്. വരികൾ എഴുതിയത് ശ്രീകുമാരൻ തമ്പിയാണ്. ആർട്ട് ഡിസൈനിംഗ് ഡിപ്പാർട്ട്മ​​െൻറി​​​െൻറ നേരെ എഴുതിക്കാണിക്കുന്ന ആർട്ടിസ്റ്റ് നമ്പൂതിരിയുടെ പേരാണ് പിന്നണിയിലെ മറ്റൊരു കൗതുകം. വസ്ത്രാലങ്കാരം ചില കഥാപാത്രങ്ങളിലെങ്കിലും  കാലത്തിനോട് നീതി പുലർത്തുന്നില്ല എന്നത് സിനിമയുടെ കല്ലുകടിയാണ് . ഗൗരിക്കുഞ്ഞമ്മയുടെ കെട്ടും മട്ടും  എൺപതുകളിലെ (ഏറിയാൽ 70കളുടെ ഉത്തരാർദ്ധം) സിനിമാനായികകളുടേതിന് സമാനമാണ്. പട്ടാള റിക്രൂട്ട്മ​​െൻറിന്​ പോകുന്ന യുവാക്കളും വരമ്പത്ത് കളിച്ചിരിക്കുന്ന കുട്ടികളും എല്ലായ്പോഴും തൂവെള്ളവസ്ത്രങ്ങൾ ധരിച്ചിരിക്കുന്നതും കുഞ്ഞമ്മയുടെ വീട്ടിലുള്ള ക്രോസ്ബ്രീഡ് നായയും ഒക്കെ മറ്റുചില കല്ലുകടികൾ..

കഥാപാത്രങ്ങളിൽ പോസ്റ്റ്മാനായി വരുന്ന രൺജിപണിക്കർ സിനിമയുടെ ആത്മാവാണ്. നിസ്സഹായതയും അംഗപരിമിതിയും എങ്ങും വിട്ടുപോവാതെ ഉൾക്കൊള്ളുന്നതിൽ അദ്ദേഹം വ്യവസ്ഥ ജയിക്കുന്നു. മുൻപ് പറഞ്ഞപോലെ  വേഷവിതാനങ്ങൾ ഉൾക്കൊള്ളാൻ പാടുണ്ടെങ്കിലും ആശാശരത് ത​​െൻറ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിന്ന് ഗൗരിക്കുഞ്ഞമ്മ അവസരമൊരുക്കുന്നു. ഒട്ടും തന്നെ നാടകമോ നൃത്തമോ സീരിയലോ കേറി വരാത്ത ആശാശരത്തിനെ ഇതാദ്യമായി  ഭയാനകത്തിൽ കാണാമെന്നർത്ഥം.

യുദ്ധങ്ങൾ അവസാനിച്ചാലും അവയെക്കുറിച്ചുള്ള ഓർമ്മകൾ ഒരിക്കലും  അവസാനിക്കുന്നേയില്ലല്ലോ എന്നും യുദ്ധത്തേക്കാൾ ഭയാനകമാണല്ലോ  ആ അവശേഷിപ്പുകൾ എന്നും പോരുമ്പോൾ വെറുതെ ഓർത്തു. പരിഹാരമില്ലാത്ത ഒരു ബാക്കിപത്രം.

Tags:    
News Summary - bhayanakam movie review-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.