ആലുവ : ‘ഇപ്പോള്‍ നിങ്ങള്‍ക്ക് ഇദ്ദേഹത്തെ കളിയാക്കാം കൂക്കിവിളിക്കാം. പക്ഷേ ഈ കേസില്‍ ഇദ്ദേഹത്തെ മനപ്പൂർവം ആരെങ്കിലും പെടുത്തിയതാണെങ്കില്‍ പിന്നെ നിങ്ങള്‍ കാണാന്‍ പോകുന്നത് ജനപ്രിയെൻറ രാജകീയ റീ എൻട്രിയായിരിക്കും. ദിലീപ് എന്ന കലാകാരനെ കുറ്റവാളിയായി ഇന്ത്യൻ ജുഡീഷ്യറി തീരുമാനിക്കുന്നതുവരെ പിന്തുണക്കുന്നു’- ആലുവ പൊലീസ് ക്ലബിന് മുന്നിൽ ‘മണപ്പുറം ബോയ്സി’െൻറ പേരിൽ സ്ഥാപിച്ച ഫ്ലക്സിലെ വാചകങ്ങളാണിത്. അറസ്റ്റിലായ നടന് ദിലീപിന് അനുകൂല തരംഗം സൃഷ്ടിക്കാൻ സാമൂഹിക മാധ്യമങ്ങളിലടക്കം ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും വേഷം കെട്ടിയവരുടെ തിരക്കാണ്. താരത്തിെൻറ പ്രതിച്ഛായയും മൂല്യവും തിരിച്ചുപിടിക്കലാണ് ലക്ഷ്യം. ഇതിനായി പി.ആർ. ഏജൻസികൾ കരാറെടുത്ത് പ്രവർത്തിക്കുന്നതായാണ് വിവരം.
ആലുവ പൊലീസ് ക്ലബിന് മുന്നിൽ കഴിഞ്ഞ ദിവസമാണ് ദിലീപിന് പിന്തുണ അറിയിച്ച് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. അറസ്റ്റിലായ ദിലീപിന് വ്യാപക ജനരോഷമാണ് നേരിടേണ്ടിവരുന്നത്. ഇത് മറികടക്കാനാണ് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചാരണം. ദിലീപ് അനുകൂല പോസ്റ്റുകള്‍ വ്യാപകമാണ്. ദിലീപ് നിരപരാധിയാണെന്ന നിലയിലാണ് പല പോസ്റ്റുകളും. കോടതി ശിക്ഷിക്കുന്നതുവരെ ദിലീപിനെ ക്രൂശിക്കുന്നത് ശരിയല്ലെന്നാണ് ചില പോസ്റ്റ്. ഇതിന് പിന്നാലെയാണ് ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്. ദിലീപിെൻറ സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമാണ് ഇതിനു പിന്നിലെന്നാണ് സംശയം.
ദിലീപിനെതിരായ കൂക്കിവിളിക്ക് ശക്തി കുറഞ്ഞുവരികയാണ്. അഭിവാദ്യം അർപ്പിക്കാനും ആളുകൾ എത്തിത്തുടങ്ങി. വെള്ളിയാഴ്ച ദിലീപിനെ അങ്കമാലി കോടതിയിൽ ഹാജരാക്കിയപ്പോൾ കഴിഞ്ഞദിവസങ്ങളിൽനിന്ന് വ്യത്യസ്തമായി പേരിന് മാത്രമായിരുന്നു കൂക്കിവിളി. ജനക്കൂട്ടത്തിനിടയിൽനിന്ന് യുവാക്കളുടെ സംഘം ‘ദിലീപേട്ടാ’ എന്ന് നീട്ടി വിളിച്ച് അഭിവാദ്യമർപ്പിക്കുകയും ചെയ്തു. ചിലർ അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചു. കോടതി കവാടത്തിലും വരാന്തയിലും പലരും കൈവീശി അഭിവാദ്യം ചെയ്തു. പ്രത്യഭിവാദ്യം ചെയ്ത ദിലീപ് ചിലരോട് ശബ്ദം താഴ്ത്തി ‘സുഖമല്ലേ’ എന്ന് കുശലം ചോദിക്കുകയും ചെയ്തു. ആരാധകരും അനുകൂലതരംഗം സൃഷ്ടിക്കാൻ രംഗത്തുവന്ന സംഘങ്ങളുമാണ് ഇതിന് പിന്നിലെന്നാണ് സൂചന.
കഴിഞ്ഞദിവസം ദിലീപിന് രണ്ടുമണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നതിനാൽ വെള്ളിയാഴ്ച നടപടി തുടങ്ങുന്നതിന് അൽപം മുമ്പാണ് കോടതിയിൽ എത്തിച്ചത്. പ്രതിക്കൂട്ടിൽനിന്ന് മാറി മജിസ്ട്രേറ്റിെൻറ ഇരിപ്പിടത്തിന് കിഴക്കുവശത്തെ ചുമരിനോട് ചേർന്നാണ് ദിലീപ് നിന്നത്. വരാന്തയിലും സമീപത്തെ പറമ്പിലും നിന്ന് ചിത്രങ്ങളെടുക്കുന്നത് ഒഴിവാക്കാനായിരുന്നു ഇത്. നടപടി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് അന്വേഷണ ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിൽ എത്തിച്ചെങ്കിലും താങ്കളുടെ സമയം ആയിട്ടില്ലെന്ന് പറഞ്ഞ് ജീവനക്കാർ മാറ്റിനിർത്തി. പഴയ നാല് കേസ് പരിഗണിച്ചശേഷമാണ് ദിലീപിെൻറ കേസിൽ വാദം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.