കൊച്ചി: അനേകം കഥാപാത്രങ്ങൾക്ക് ജീവനേകിയ ക്യാപ്റ്റൻ രാജു മലയാളികളുടെ ഓർമകളിൽ പവനായി ആണ്. 1987ല്‍ നാടോടിക്കാറ്റ് എന്ന ചിത്രത്തിൽ, ആധുനിക യന്ത്രത്തോക്ക് മുതൽ അമ്പും വില്ലും മലപ്പുറം കത്തിയുമൊക്കെയായെത്തുന്ന പവനായി എന്ന പ്രഫഷനൽ കില്ലർ കഥാപാത്രം ചിരിമുഹൂർത്തങ്ങളിലൂടെയാണ് പ്രേക്ഷക മനസ്സിൽ ചേക്കേറിയത്. ഇൗ ജനപ്രിയ കഥാപാത്രത്തെ കേന്ദ്രീകരിച്ച് ഒരു സിനിമ ചെയ്യുക എന്നത് ക്യാപ്റ്റൻ രാജുവിെൻറ സ്വപ്നമായിരുന്നു.
2012ൽ ‘മിസ്റ്റര്‍ പവനായി 99.99’ എന്ന പേരിൽ ചിത്രം പൂർത്തിയാക്കിയെങ്കിലും റിലീസ് ചെയ്യാനായില്ല. ഒത്തിരി ഇഷ്്ടപ്പെട്ട കഥാപാത്രത്തെ ഒരിക്കൽകൂടി തിരശ്ശീലയിൽ കാണാനുള്ള വലിയ ആഗ്രഹം അവശേഷിപ്പിച്ചാണ് ക്യാപ്റ്റൻ യാത്രയാവുന്നത്.
1987ല്‍ ശ്രീനിവാസൻ-സത്യന് അന്തിക്കാട് കൂട്ടുകെട്ടിലാണ് നാടോടിക്കാറ്റ് പുറത്തുവരുന്നത്. സിദ്ദീഖ്-ലാൽ സഖ്യത്തിെൻറ കഥയാണ് ചിത്രത്തിനാധാരം. മമ്മൂട്ടിയോടാണ് ഇരുവരും ആദ്യം കഥ പറയുന്നത്. എന്നാൽ, കഥയിൽ മമ്മൂട്ടിയെ ആകർഷിച്ചത് ഏതാനും സീനുകളിൽ മാത്രമെത്തുന്ന പവനായിയെ ആയിരുന്നു. കഥാപാത്രത്തിെൻറ അസാധാരണ സ്വഭാവസവിശേഷതയായിരുന്നു മമ്മൂട്ടിയുടെ ആഗ്രഹത്തിനു കാരണം. എന്നാൽ, സത്യൻ അന്തിക്കാട് പരിഗണിച്ചത് ക്യാപ്റ്റനെയായിരുന്നു.
അക്കാലത്ത് കരുത്തുറ്റ പ്രതിനായകനായി നിറഞ്ഞുനിന്ന ക്യാപ്റ്റൻ വലിയ മേക്കോവറിലൂടെ പവനായി ആയി മാറിയത് പിന്നീട് നാം കണ്ടു... മുഖ്യ കഥാപാത്രങ്ങളായ ദാസനെയും വിജയനെയും വധിക്കാൻ മുംബൈയിൽനിന്നെത്തിയ മലയാളിയായ പവനായി. ഒരു പ്രഫഷനൽ കില്ലർക്ക് പി.വി. നാരായണൻ എന്ന പേര് ചേരില്ലെന്നുകണ്ട് പവനായി എന്ന ചുരുക്കപ്പേരു സ്വീകരിച്ചെന്നു പറയുന്നിടത്തു തുടങ്ങി അദ്ദേഹത്തിനുള്ള കൈയടി. പവനായിക്ക് അദ്ദേഹം നൽകിയ ശരീരഭാഷയും ചലനങ്ങളും പ്രേക്ഷകർ സ്വീകരിച്ചു. ഒടുവിൽ സംഘട്ടനത്തിനിടെ പവനായി ടവറിൽനിന്ന് വീണുമരിച്ചപ്പോൾ തിലകെൻറ അനന്തൻ നമ്പ്യാർ എന്ന കഥാപാത്രം പറയുന്ന, ‘അങ്ങനെ പവനായി ശവമായി’ എന്ന സംഭാഷണം ഉയർത്തിവിട്ട ചിരിയലകൾ ഇന്നും അവസാനിച്ചിട്ടില്ല.
രൂപക് ആന്‍ഡ് നിഷാക് തിരക്കഥയിൽ 2012ൽ ക്യാപ്റ്റൻ ഒരുക്കിയ പവനായി 99.99ൽ വിജയരാഘവെൻറ മകൻ ദേവദേവൻ നായകനും നടി പൊന്നമ്മ ബാബുവിെൻറ മകള്‍ പിങ്കി നായികയുമായി. ഗണേഷ്, ഗിന്നസ് പക്രു, ഭീമന്‍രഘു, ഇന്ദ്രന്‍സ്, ജോണി, ടോണി, കവിയൂര്‍ പൊന്നമ്മ എന്നിവരും അഭിനയിച്ചു. എന്നാൽ, ചിത്രം തിയറ്ററിലെത്തിയില്ല. 1997ൽ ഇറങ്ങിയ ഇതാ ഒരു സ്നേഹഗാഥക്കുശേഷം ക്യാപ്റ്റൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു ഇത്.
അപ്രഖ്യാപിത വിലക്ക്, വിവാദങ്ങളുടെ ഇടക്കാലം കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെയും മുൻനിര താരങ്ങളുടെയും വിമർശകനായ വിനയെൻറ ചിത്രത്തിൽ അഭിനയിച്ചതിനാണ് ക്യാപ്റ്റൻ രാജുവിന് അപ്രഖ്യാപിത വിലക്കുണ്ടാകുന്നത്. മാക്ടയുടെ പിളർപ്പിന് പിന്നാലെ ഫെഫ്ക രൂപവത്കരിച്ചതോടെ വിനയൻ ചിത്രങ്ങൾക്ക് താരങ്ങളെ കിട്ടാതെയായിരുന്നു. അമ്മയുടെ അപ്രഖ്യാപിത വിലക്കുണ്ടായിരുന്ന സമയം തിലകൻ, ക്യാപ്റ്റൻ രാജു, മാള അരവിന്ദന്, സ്ഫടികം ജോര്‍ജ് എന്നിവർ വിനയെൻറ യക്ഷിയും ഞാനും എന്ന ചിത്രത്തിൽ അഭിനയിച്ചു.
വിലക്കില്ലായിരുന്നെങ്കിലും തിലകന് സിനിമകൾ ഇല്ലാതിരുന്ന കാലം കൂടിയായിരുന്നു. നിലപാടുകളിൽ ഉറച്ചുനിന്ന തിലകെൻറ പരാമർശങ്ങൾ വലിയ വിവാദമായി കത്തിപ്പടർന്നപ്പോൾ ക്യാപ്റ്റൻ രാജു അദ്ദേഹത്തിനൊപ്പം നിന്നു. എന്നാൽ, പിന്നീട് കടുത്ത ഭാഷയിൽ ക്യാപ്റ്റൻ പ്രതികരിച്ചത് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കി.
വിനയെൻറ മറ്റൊരു സിനിമയുടെ പൂജാവേളയിൽ, അമ്മയേർപ്പെടുത്തിയ വിലക്ക് പോലും മനസ്സിലാക്കാനുള്ള കഴിവ് ക്യാപ്റ്റനില്ലെന്ന് തിലകൻ പരസ്യമായി പറിഞ്ഞിരുന്നു. ഇത് ക്യാപ്റ്റനെ ചൊടിപ്പിച്ചു. വാർത്തസമ്മേളനം വിളിച്ച് തിലകൻ മലയാള സിനിമയുടെ ശാപമാണെന്നായിരുന്നു പ്രതികരണം. തിലകനൊപ്പം ഒരു സിനിമയിലും അഭിനയിക്കില്ല. അമ്മ വിലക്കേർപ്പെടുത്തിയിട്ടില്ല. വായിൽ തോന്നുന്നത് വിളിച്ചുപറയുകയാണ് തിലകൻ ചെയ്യുന്നതെന്നും പറഞ്ഞു.
ഇരുവരും തമ്മിലുള്ള ബന്ധം അതോടെ വഷളായി. അതേസമയം, തിലകനെതിരായ അഭിപ്രായ പ്രകടനത്തിനുപിന്നാലെ കൂടുതൽ സിനിമകൾ ക്യാപ്റ്റനെ തേടിവന്നിരുന്നു. ഒടുവിൽ തിലകൻ മരിച്ചപ്പോൾ വിദ്വേഷമെല്ലാം മറന്ന് ക്യാപ്റ്റൻ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. ഷൂട്ടിങ് നിർത്തിവെച്ചെത്തിയ ക്യാപ്റ്റൻ സല്യൂട്ട് നൽകിയാണ് അദ്ദേഹത്തിന് വിടചൊല്ലിയത്.
ക്യാപ്റ്റൻ രാജുവിെൻറ വിയോഗം വലിയ നഷ്ടം –പിണറായി വിജയൻ
കൊച്ചി: നടന് ക്യാപ്റ്റന്‍ രാജുവിെൻറ നിര്യാണം ചലച്ചിത്രലോകത്തിന് വലിയ നഷ്ടമാണ്. അദ്ദേഹത്തിെൻറ നിര്യാണത്തില്‍ അനുശോചിക്കുന്നു. വില്ലന്‍വേഷങ്ങള്‍ക്ക് പുതുമാനം നല്കിയ കലാകാരനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കില്‍ കുറിച്ചു.
വിസ്മയിപ്പിച്ച നടൻ–മമ്മൂട്ടി
ആകാരസൗഷ്ഠവവും അഭിനയവുംകൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച നടനാണ് ക്യാപ്റ്റന്‍ രാജു. രൂപഭംഗിയും അഭിനയ ചാതുര്യവുംതന്നെയാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. കുറെ സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചു. അദ്ദേഹത്തിെൻറ വിയോഗം മലയാള സിനിമക്ക് വലിയ നഷ്ടമാണ്.
സ്നേഹിക്കാൻ മാത്രമറിയുന്ന ഒരാൾ –മോഹന്‍ലാല്‍
ക്യാപ്റ്റന്‍ രാജുവിെൻറ വിയോഗത്തിലൂടെ നഷ്ടമായത് ജ്യേഷ്ഠസഹോദരന് തുല്യനായ ഒരാളെയാണ്. ഏറെ മാനസിക അടുപ്പമുള്ള വ്യക്തിയായിരുന്നു. എല്ലാവരെയും സ്നേഹിക്കാൻ മാത്രമേ അറിയാമായിരുന്നൂള്ളൂ. അദ്ദേഹത്തിെൻറ വിയോഗത്തിൽ സങ്കടമുണ്ട്.
നല്ല സുഹൃത്ത് –ഇന്നസെൻറ്
മനുഷ്യസ്നേഹിയെയും നല്ല വ്യക്തിത്വത്തിെൻറ ഉടമയെയുമാണ് ക്യാപ്റ്റന്‍ രാജുവിെൻറ വിയോഗത്തിലൂടെ മലയാള സിനിമക്ക് നഷ്ടമായത്. കുടുംബക്കാര്യം ചോദിച്ചറിയുന്ന നല്ല സുഹൃത്തായിരുന്നു ക്യാപ്റ്റന്‍. കുടുംബത്തിെൻറ ദുഃഖത്തില്‍ പങ്കുചേരുന്നു.
പ്രവർത്തനങ്ങളിലെ സജീവാംഗം –‘അമ്മ’
നടന് ക്യാപ്റ്റന്‍ രാജുവിെൻറ നിര്യാണത്തില്‍ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ അനുശോചിച്ചു. ‘അമ്മ’യുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ക്യാപ്റ്റന്‍ രാജു സജീവമായിരുന്നുവെന്ന് അമ്മ പ്രസിഡൻറ് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ബി. ഉണ്ണികൃഷ്ണന്, മണിയന്‍പിള്ള രാജു, സംവിധായകൻ ഹരിഹരന്, സുരേഷ് ഗോപി എം.പി, മന്ത്രി ഇ.പി. ജയരാജന് എന്നിവരും ക്യാപ്റ്റൻ രാജുവിെൻറ നിര്യാണത്തിൽ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.