ആലപ്പുഴ: കമല്‍ സംവിധാനം ചെയ്യുന്ന മാധവിക്കുട്ടിയെക്കുറിച്ച സിനിമയില്‍ ആമിയായി വേഷമിടുന്ന മഞ്ജു വാര്യര്‍ക്ക് പിന്തുണയുമായി കെ.സി. വേണുഗോപാല്‍ എം.പി. അഭ്രപാളികളിലെ ആമിയെ അനശ്വരമാക്കാന്‍ മഞ്ജുവിനും ആമിയോട് സത്യസന്ധത പുലര്‍ത്താന്‍ കമലിനും കഴിയട്ടേയെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആശംസിച്ചു.
കലയും കലാകാരനും ജനാധിപത്യ സമൂഹത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കരുത്. മലയാളത്തിലെ പല നടീനടന്മാരും പല ജാതിയിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അബ്ദുല്‍ ഖാദര്‍ എന്ന അനശ്വരനായ പ്രേംനസീറാണ് ശ്രീകൃഷ്ണന്‍െറ വേഷവും വടക്കന്‍പാട്ടുകളിലെ മിക്ക കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്. ആ സിനിമകളിലൊക്കെ വില്ലന്‍ വേഷത്തില്‍ ഉമ്മര്‍ ആയിരുന്നു. മഹാനായ ഗസല്‍ ഗായകന്‍ ഗുലാം അലി ഇന്ത്യയില്‍ പാടിയപ്പോള്‍ ഗോവിന്ദ് പന്‍സാരെയെപ്പോലുള്ളവരോടും കല്‍ബുര്‍ഗി, തബോല്‍ക്കര്‍ തുടങ്ങിയ എഴുത്തുകാരോടും മറ്റും കാണിച്ച അസഹിഷ്ണുത നാം കണ്ടതാണ്. വര്‍ഷങ്ങളായി ശ്രദ്ധേയമായ സിനിമകള്‍ സംവിധാനം ചെയ്ത കമലിനെ ‘കമാലുദ്ദീ’നാക്കാനാണ് ഇക്കൂട്ടര്‍ക്ക് താല്‍പര്യം.
മാധവിക്കുട്ടിയുടെ കൃതികളേക്കാള്‍ അവരുടെ മതത്തെ ചര്‍ച്ച ചെയ്യുന്നവര്‍ മറ്റെന്തിനോവേണ്ടി തിളക്കുകയാണെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.