തിരുവനന്തപുരം: ത്രീഡി കണ്ണട െവച്ച് പഴയ ലക്ഷ്മി വീണ്ടും കുട്ടിച്ചാത്തനെ കണ്ടു. പഴയ ഏഴുവയസ്സുകാരിയുടെ കണ്ണുകളിലെ അതേ തിളക്കം, അമ്പരപ്പ്...അടക്കാനാകാത്ത ആഹ്ലാദത്തോടെ നടി സോണിയ വർഷങ്ങൾക്കുശേഷം അഭിനയജീവിതത്തിലെ വഴിത്തിരിവായ സിനിമയുടെ പ്രേക്ഷകയായപ്പോൾ ചുറ്റുമിരുന്ന കുട്ടികൾക്കും അത്ഭുതം. 1984ൽ ഇറങ്ങിയ ‘മൈഡിയര്‍ കുട്ടിച്ചാത്തന്’ എന്ന ചിത്രം കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഹൗസ്ഫുള് ആയാണ് പ്രദർശിപ്പിച്ചത്. മുഖ്യകഥാപാത്രങ്ങളിലൊരാളായ ലക്ഷ്മിയെ അവതരിപ്പിച്ച സോണിയക്ക് ചലച്ചിത്രോത്സവത്തിലേക്ക് പ്രത്യേക ക്ഷണമുണ്ടായിരുന്നു. ക്ഷണം ലഭിച്ചപ്പോൾ അതിയായ ആഹ്ലാദം തോന്നിയെന്നും അതാണ് ഭര്‍ത്താവും നടനുമായ ബോസ് വെങ്കിട്ടിനെയും കൂട്ടി എത്തിയതെന്നും സോണിയ പറഞ്ഞു.
ഇരുവരുടെയും വിവാഹവാര്‍ഷികമായിരുന്നു ഇന്നലെ. വേദിയിലിരുന്ന അമൃത എന്ന കുട്ടി ആശംസനേര്‍ന്നപ്പോള്‍ രണ്ടുപേര്‍ക്കും അടക്കാനാവാത്ത സന്തോഷം.
മലയാള സിനിമകള്‍ കണ്ടാണ് അഭിനയമോഹം ഉണ്ടായതെന്ന് ബോസ് വെങ്കിട് പറഞ്ഞു. ‘മൈഡിയര്‍ കുട്ടിച്ചാത്തന്’ പണ്ട് ഒരുപാട് തവണ കണ്ടിട്ടുണ്ട്. അന്നൊന്നും സോണിയ ഭാര്യയാകുമെന്ന് വിചാരിച്ചിട്ടില്ലെന്നും ബോസ് പറഞ്ഞു. 10 തമിഴ് സിനിമയില്‍ അഭിനയിക്കുന്നതിന് തുല്യമാണ് ഒരു മലയാളസിനിമ. ചെന്നൈയില്‍ ഇതുപോലെ കുട്ടി ചലച്ചിത്രമേള സംഘടിപ്പിക്കാന്‍ നടികര്‍ സംഘത്തില്‍ ആവശ്യപ്പെടുമെന്ന് ബോസ് പറഞ്ഞു.
മലയാളത്തിൽ ബാലതാരമായി അഭിനയം തുടങ്ങിയ സോണിയ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ 87 സിനിമകളില്‍ കുട്ടിത്താരമായി തിളങ്ങി. പിന്നീട് നായികയായി. ‘കറുത്തപക്ഷി’കളില്‍ ബാലതാരമായി അഭിനയിച്ച് സംസ്ഥാന അവാര്‍ഡ് നേടിയ മാളവിക നായര്‍, മാസ്റ്റര്‍ അജ്മല്‍, ബേബി ദേവപ്രഭ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ്.പി. ദീപക്, ട്രഷറര്‍ ജി. രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.