െകാച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ 85 ദിവസത്തെ ജയിൽവാസത്തിനുശേഷം നടൻ ദിലീപിന് ജാമ്യം. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കണക്കിലെടുത്ത് സാഹചര്യത്തിൽ മാറ്റമുള്ളതായി വിലയിരുത്തിയാണ് ഹൈകോടതി സിംഗിൾബെഞ്ച് ദിലീപിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
നിർണായക സാക്ഷികളെയെല്ലാം ചോദ്യം ചെയ്തതായി ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രോസിക്യൂഷൻ തെളിവുശേഖരണം ഏറക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്. ഏതാനും സാക്ഷികളുടെ ചോദ്യം ചെയ്യൽ മാത്രമാണ് ശേഷിക്കുന്നത്. േഫാറൻസിക് പരിശോധന റിപ്പോർട്ടും മറ്റ് ചില റിപ്പോർട്ടുകളും മാത്രമാണ് ഇനി ലഭിക്കാനുള്ളത്. നിശ്ചിത സമയപരിധിക്കകം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊക്കെ പരിഗണിക്കുേമ്പാൾ കഴിഞ്ഞ രണ്ടുതവണ ജാമ്യ ഹരജി തള്ളാനിടയായ സാഹചര്യത്തിൽ ഏറെ മാറ്റമുണ്ടെന്നത് വ്യക്തമാണ്.
ഹരജിക്കാരൻ ഉന്നത സ്വാധീനമുള്ളയാളായതിനാൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും വിചാരണ അട്ടിമറിക്കാനും ശ്രമിക്കുമെന്ന ആശങ്കയുയർത്തി ജാമ്യം നൽകുന്നതിനെ ഡി.ജി.പി എതിർക്കുന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. നടിയെ പീഡിപ്പിക്കുന്ന രംഗം ചിത്രീകരിച്ച മൊബൈൽ േഫാൺ ഇതുവരെ കണ്ടുകിട്ടിയിട്ടില്ലെന്നും കുറ്റകൃത്യത്തിൽ പങ്കാളിയായ മറ്റുള്ളവർക്കൊപ്പം തുല്യ പങ്കാളിയാണ് ഹരജിക്കാരനെന്നുമുള്ള വാദവും പ്രോസിക്യൂഷൻ ഉയർത്തുന്നുണ്ട്. പ്രോസിക്യൂഷെൻറ ആരോപണം ഏറെ ഗൗരവമുള്ളതാണ്.
എന്നാൽ, ഒന്ന് മുതൽ ആറ് വരെ പ്രതികൾക്കെതിരെയുള്ള ബലാത്സംഗക്കുറ്റത്തിൽ ഹരജിക്കാരൻ നേരിട്ട് പങ്കാളിയായിട്ടില്ല. ഗൂഢാലോചനയുടെ സഹായത്തോടെയാണ് കൂട്ട ബലാത്സംഗക്കുറ്റവും ചുമത്തിയിട്ടുള്ളത്. ഹരജിക്കാരന് ക്രിമിനൽ പശ്ചാത്തലമുള്ളതായും േപ്രാസിക്യൂഷന് പരാതിയില്ല. ഏറക്കുറെ നിർണായക സാഹചര്യത്തെളിവുകളും മൊഴികളും പ്രോസിക്യൂഷൻ ശേഖരിച്ചു. ഇൗ സാഹചര്യത്തിൽ വിചാരണയിൽ ഇടപെടാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയുടെ പേരിൽ ഹരജിക്കാരനെ കൂടുതൽ കാലം ജുഡീഷ്യൽ കസ്റ്റഡിയിൽ വെക്കണമെന്ന ആവശ്യം ന്യായീകരിക്കാനാവില്ല ^കോടതി ചൂണ്ടിക്കാട്ടി.
ജാമ്യം നൽകുന്നതിെൻറ പേരിൽ പ്രോസിക്യൂഷൻ ഉയർത്തുന്ന ആശങ്കക്ക് പരിഹാരമുണ്ടാക്കാൻ കടുത്ത ഉപാധികളാകാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. വിചാരണ തീരുന്നതുവരെ പീഡനത്തിനിരയായ നടിയും േപ്രാസിക്യൂഷൻ സാക്ഷികളും സാധ്യമായ എല്ലാ ഭീഷണികളിൽനിന്നും സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ സ്വന്തവും സമാന തുകക്കുള്ള മറ്റ് രണ്ട് പേരുടെ ജാമ്യ ബോണ്ടും കെട്ടിവെക്കണമെന്നതാണ് പ്രധാന ഉപാധി. ആവശ്യപ്പെടുേമ്പാഴെല്ലാം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണം. അന്തിമ റിപ്പോർട്ട് നൽകുന്നതുവരെ അന്വേഷണത്തിൽ ഇടപെടരുത്.
ഹരജിക്കാരൻ നേരിേട്ടാ മറ്റാരെങ്കിലും മുഖേനയോ നടിയേയോ സാക്ഷികളേയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ഭയപ്പെടുത്താനോ ശ്രമിക്കരുതെന്ന് ഉത്തരവിൽ പറയുന്നു. സ്വന്തം വാക്കുകളാലോ ഏതെങ്കിലും ഇലക്ട്രോണിക്, അച്ചടി, ദൃശ്യ മാധ്യമങ്ങൾ മുഖേനയോ ഇരക്കും സാക്ഷികൾക്കും നേരെ ഇത്തരത്തിലുള്ള ഒരു നടപടികളും ഉണ്ടാവരുത്. ഏഴ് ദിവസത്തിനകം പാസ്പോർട്ട് മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കണം. ഇൗ ഉപാധികളിലേതെങ്കിലും ലംഘിച്ചാൽ ജാമ്യം റദ്ദാക്കപ്പെടും. നോട്ടീസ് നൽകിയശേഷം ജാമ്യം റദ്ദാക്കലുൾപ്പെടെയുള്ള നടപടികൾ മജിസ്ട്രേറ്റിന് സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.