സിനിമകളിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ വിമർശിച്ച് എഴുതിയ ലേഖനത്തെ പരിഹസിച്ച സംവിധായകൻ രഞ്ജിത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം. കള്ളുകുടി നിര്‍ത്തിയത് നന്നായി ഇല്ലെങ്കില്‍ ഞാന്‍ നിന്നെ ബലാത്സംഗം ചെയ്‌തേനെ' എന്ന സ്പിരിറ്റിലെ സംഭാഷണത്തെ ' ഈ നിമിഷം ഭവതിയോട് തോന്നിയ ശാരീരികാകര്‍ഷണത്തിന്‍റെ പേരില്‍ ഞാന്‍ ഖേദിക്കുന്നു, എന്നോട് പൊറുക്കണം എന്ന് അപേക്ഷിക്കുന്നു' എന്ന് തിരുത്തിയെഴുതുന്നുവെന്നാണ് രഞ്ജിതിന്റെ പരിഹാസം.
മാതൃഭൂമിയില്‍ പ്രേംചന്ദ് എഴുതിയ' ലേഖനത്തോടുള്ള പ്രതികരണമായാണ് രഞ്ജിതിന്റെ പ്രതികരണം. ലേഖനമെഴുതിയ പ്രേംചന്ദിന്റെ ഭാര്യ ദീദിയുടെ പിതാവ് അന്തരിച്ച ടി ദാമോദരന്‍റെ സിനിമകളിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ ആര് തിരുത്തുമെന്ന ചോദ്യവും രഞ്ജിത് ചോദിക്കുന്നു. മാതൃഭൂമിയില്‍ 'ആക്ഷേപങ്ങളും അഭിപ്രായങ്ങളും' എന്ന പ്രതികരണത്തിലാണ് രഞ്ജിതിന്റെ പരാമര്‍ശം. ഇത് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ രഞ്ജിത്തിനെ രൂക്ഷമായി വിമർശിച്ച് നിരവധി പേർ രംഗത്തെത്തി.
സനൽകുമാർ ശശിധരൻ (സംവിധായകൻ)
ആ ഡയഗോലുകളൊന്നും കഥാപാത്രങ്ങളുടേതല്ലെന്നും സംവിധായകരുടെ ഉള്ളിൽ ഉറഞ്ഞുകിടക്കുന്ന മാടമ്പിത്തരത്തിന്റേയാണെന്നും മനസിലാക്കാൻ ഈ ഒരൊറ്റ വരി മതി.“ലേഖനകർത്താവിന്റെ ഭാര്യാപിതാവ് അന്തരിച്ചുപോയ...” തനിക്കിഷ്ടമില്ലാത്തത് പറഞ്ഞാൽ തന്തക്ക് ( പറ്റിയില്ലെങ്കിൽ ഭാര്യാപിതാവിനെയെങ്കിലും) വിളിക്കുമെന്നുള്ള ഒരുതരം ചൊറിച്ചിലുണ്ടല്ലോ അതിൽ നിന്നാണ് ഇത്തരം ഡയലോഗുകളും പിറക്കുന്നത്. താരങ്ങൾ തിരുത്തിയാൽ മാത്രം കാര്യമില്ല തിരുത്തേണ്ടത് സംവിധായകരും രചയിതാക്കളും തന്നെയാണ്. പക്ഷേ നിരൂപകരെ തന്തക്ക് വിളിക്കുമെങ്കിലും താരങ്ങൾ വരച്ച വരയ്ക്കപ്പുറം പോകാൻ ഇത്തിരി പുളിക്കും ഈ വീമ്പുകാർക്ക്. അതുകൊണ്ട് താരങ്ങൾ തിരുത്തിയാലും മതി. സംഗതി കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ്.
റിമ കല്ലിങ്കൽ
പൃഥ്വിയുടെ നിലപാട് വലിയ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. സ്ത്രീകള്‍ക്ക് മുകളില്‍ സമഗ്രാധിപത്യമുണ്ടെന്ന തരത്തില്‍ വളര്‍ത്തപ്പെടുന്ന പുരുഷന്മാരുള്ള സമൂഹത്തില്‍ പൃഥ്വിക്ക് അതിനപ്പുറം കാണാനായത് പ്രശംസിക്കപ്പെടേണ്ടതാണ്. ‘അറിവിന്റെ ഗിരിനിരകള്‍ കീഴടക്കുമ്പൊഴും ഒരുവന്റെയുള്ളില്‍ അലയടിക്കുന്ന ഉത്തരമില്ലാത്ത ചോദ്യം, ഞാനാര്?. അതിന്റെ അര്‍ഥമറിയുക എന്നതാണ് ഓരോ മനുഷ്യാത്മാവിന്റെയും ജീവിതനിയോഗം’ തന്റെ ഏറ്റവും ജനപ്രീതി നേടിയ സിനിമകളിലൊന്നില്‍ സംവിധായകന്‍ രഞ്ജിത്ത് എഴുതിയതാണിത്. സ്ത്രീത്വത്തെ മനസിലാക്കുകയും അറിയുകയും ചെയ്യുകയാണ് അതിന്റെ ഒരുതലം. പ്രപഞ്ചത്തിന്റെ തുലനാവസ്ഥയെക്കുറിച്ച് മനസിലാക്കുകയും.
വി.ടി ബൽറാം
ഒരു കോടി അംഗങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനമായ ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രശസ്ത ചലച്ചിത്ര സംവിധായകനും സാംസ്കാരിക നായകനുമായ ഇരട്ടച്ചങ്കുള്ള, നട്ടെല്ലുള്ള, ആൺകുട്ടിയായ ശ്രീ രഞ്ജിത്തിന് അഭിനന്ദനങ്ങൾ.
എം എ നിഷാദ്
രഞ്ജിത്ത് നിങ്ങൾ മാടമ്പി സംസ്കാരത്തിന്റെ കുഴലൂത്തുകാരനോ ?...മലയാള സിനിമയിൽ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ രഞ്ജിത്ത്..എന്റെ സുഹൃത്തുകൂടിയാണ്...
പക്ഷെ പറയുന്ന കാര്യങ്ങളിൽ ചിലത് ദഹിക്കില്ല, പ്രതികരിച്ച് പോകും...തിരുത്തലുകളുണ്ടാക്കാൻ സിനിമാ മേഘല ഒന്നായി ശ്രമിക്കുമ്പോൾ, കടുത്ത സ്ത്രീവിരുദ്ധതയിലൂന്നി ഇനിയും ബലാൽസംഘം ചെയ്യണമെന്ന് ആവർത്തിച്ചു പറയുകയാണോ? പത്രകുറിപ്പിലൂടെ താങ്കളുടെ നിലപാടുകൾ കണ്ട് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല...
കൈയ്യടി കിട്ടുന്നത് നല്ലതാ...പക്ഷെ ഇത്തരം പ്രസ്താവനകളിൽ കിട്ടുന്നത് മനോവൈകല്യമുളളവരുടെ കൈയ്യടിയാണ്...മറ്റുളളവരുടെ വേദനകളിൽ സന്തോഷം കണ്ടെത്തുന്നവരുടെ കൈയ്യടി....
പരിഹാസം,പുച്ഛം, ജാഢ...ഇതെല്ലാം എല്ലാവർക്കും അണിയാൻ പറ്റുന്ന ആവരണമാണ്....
മനില സി മോഹൻ
ചലച്ചിത്രകാരനായ രഞ്ജിത്ത്,
"കള്ളുകുടി നിർത്തിയത് നന്നായി ഇല്ലെങ്കിൽ ഞാൻ നിന്നെ ബലാത്സംഗം ചെയ്തേനെ " എന്ന് സ്പിരിട്ട് സിനിമയിൽ എഴുതിയ ഡയലോഗിനെ "ഈ നിമിഷം ഭവതിയോട് തോന്നിയ ശാരീരികാകർഷണത്തിന്റെ പേരിൽ ഞാൻ ഖേദിക്കുന്നു. എന്നോട് പൊറുക്കണം "
എന്ന് അൽപത്തരത്തിന്റെ കൊടുമുടിയിലിരുന്നു കൊണ്ട് നടത്തിയ പരിഹാസ്യമായ തിരുത്തലുണ്ടല്ലോ... അത്രയേയുള്ളൂ രഞ്ജിത്ത് എന്ന ചലച്ചിത്രകാരൻ.
അതിനപ്പുറത്തേക്ക് സ്ത്രീയെക്കുറിച്ച് ചിന്തിക്കാനോ സ്ത്രീയെ മനസ്സിലാക്കാനോ ബഹുമാനിക്കാനോ വ്യക്തിയെന്ന നിലയിലും ചലച്ചിത്രകാരൻ എന്ന നിലയിലും താങ്കൾക്ക് കഴിഞ്ഞിട്ടില്ല, ഇനിയൊട്ട് കഴിയുകയുമില്ല എന്നു തന്നെയാണ് താങ്കളുടെ സിനിമകളും സിനിമയ്ക്ക് പുറത്തുള്ള വാക്കുകളും തെളിയിക്കുന്നത്.കുറിപ്പിൽ താങ്കൾ പറഞ്ഞു: " ഇനിയും ഞാനും പ്രേക്ഷകരും മറന്നു പോയിരിക്കാനിടയുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾ എന്റെ സിനിമയിൽ എത്രയുണ്ട് എന്ന് കണ്ടെത്തിത്തന്നാൽ ഇതുപോലെ മാറ്റിയെഴുതാൻ തയ്യാറാണ്" എന്ന്.
മറന്നു പോയിരിക്കാനിടയുള്ളതെങ്കിലും അവയെല്ലാം സ്ത്രീവിരുദ്ധ പരാമർശങ്ങളായിരുന്നു എന്ന് താങ്കൾക്ക് ഉറപ്പുണ്ട് അല്ലേ? അത്രയും നല്ലത്. പക്ഷേ താങ്കൾക്ക് തിരുത്തൽ വഴങ്ങാൻ സാധ്യതയില്ല.തിരുത്തൽ എന്നത് ഒരു പാട് ആഴമുള്ള വാക്കാണ് രഞ്ജിത്ത്. എൻ.എസ്.മാധവൻ തിരുത്തിൽ ഒരൊറ്റ വാക്കാണ് തിരുത്തിയത്. ആ തിരുത്ത് ചരിത്രത്തിലെ ഒരു പാട് തെറ്റുകളുടെ തിരുത്തായിരുന്നു. അതിന് കഴിയണമെങ്കിൽ തെറ്റ് എന്താണ് എന്ന ബോധ്യം ഉണ്ടാവണം. വാക്കുകൾ ചരിത്രത്തെയും കാഴ്ചപ്പാടുകളേയും രാഷ്ട്രീയത്തേയും
നിർമിക്കുന്നതെങ്ങനെയാണ് എന്ന് തിരിച്ചറിയാൻ പറ്റണം. പെണ്ണിനു മേൽ വാക്ക് കൊണ്ടും നോക്കു കൊണ്ടും ദൃശ്യങ്ങൾ കൊണ്ടും സ്ഥാപിച്ചെടുത്തിട്ടുള്ള അധികാരത്തിൽ നിന്ന് പുറത്തു വരാൻ സ്വയം കഴിയണം.സ്ത്രീവിരുദ്ധ പരാമർശങ്ങൾ തിരുത്തുക എന്ന് പറഞ്ഞാൽ ശരിയും നന്മയും മാത്രമുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കുക എന്നല്ല അർത്ഥം എന്ന മിനിമം ധാരണയെങ്കിലും വേണം.താങ്കളുടെ തിരുത്ത് തിരുത്തല്ല, സ്ത്രീവിരുദ്ധതയുടെ ആവർത്തനമാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.