മോഹൻലാൽ ചിത്രം 'ലൂസിഫറി'ന്‍റെ ലൊക്കേഷൻ ദൃശ്യങ്ങൾ ലീക്കാകുന്നതിൽ അതൃപ്തി വ്യകാതമാക്കി ചിത്രത്തിന്‍റെ തിരക്കഥാകൃതും നടനുമായ മുരളീ ഗോപി. സിനിമയോടുള്ള സ്നേഹവും പ്രതീക്ഷയുമാണ് ഇത്തരം ലീക്കുകൾക്ക് പിന്നിലെന്ന് മനസ്സിലാക്കുന്നു. എന്നാൽ ആ ദൃശ്യങ്ങളെ ആസ്പദമാക്കി സിനിമയുടെ ഉള്ളടക്കം തോന്നുംപോലെ ഊഹിച്ചെടുത്ത്, അത് പ്രസിദ്ധപ്പെടുത്തി നിർവൃതിയടയുന്ന ഒരുപാട് ഓൺലൈൻ കച്ചവടക്കാരുടെ കാലാമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഇത്തരം നിരൂപിക്കലുകൾ ഒരു സിനിമയോടുള്ള സ്നേഹത്താൽ ഉണ്ടാവുന്നവയല്ല മറിച്ച്, വിപണന വൈകല്യത്തിൽ നിന്ന് പിറക്കുന്നതാണ്. ഇങ്ങനെ ചെയ്യുന്നവർക്ക് തീറ്റയാകാനേ ഇത്തരം ലൊക്കേഷൻ ലീക്കുകൾ ഉപകരിക്കൂ. സിനിമ ഇറങ്ങുന്നതിനു മുമ്പ് അതിനെ കുറിച്ച് ഊഹാപോഹങ്ങൾ പടച്ച് വിടുന്നത് ഒരു കല എന്ന നിലയിലും വ്യവസായം എന്ന നിലയിലും സിനിമയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്. ദയവുചെയ്ത് അത് പ്രോത്സാഹാഹിപ്പിക്കരുതെന്നും മുരളീ ഗോപി വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
പ്രിയപ്പെട്ടവരേ,
“ലൂസിഫർ” എന്ന ഞാൻ എഴുതി, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചലച്ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയ നാൾ മുതൽ, ഇതിന്റെ സെറ്റിൽ നിന്നും പുറത്ത് വരുന്ന അനൗദ്യോഗിക സ്റ്റില്ലുകളും വീഡിയോ ക്ലിപ്പുകളും നിരവധിയാണ്.
സിനിമയോടുള്ള സ്നേഹവും പ്രതീക്ഷയും ആണ് ഇത്തരം ലീക്കുകൾക്ക് പിന്നിൽ എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ: ഇത്തരം ലീക്കുകൾ
ആസ്പദമാക്കി സിനിമയുടെ ഉള്ളടക്കം തോന്നുംപോലെ ഊഹിച്ചെടുത്ത്, അത് പ്രസിദ്ധപ്പെടുത്തി നിർവൃതിയടയുന്ന ഒരുപാട് ഓൺലൈൻ കച്ചവടക്കാരുടെ കാലമാണിത്.
ഇത്തരം നിരൂപിക്കലുകൾ ഒരു സിനിമയോടുള്ള സ്നേഹത്താൽ ഉണ്ടാവുന്നവയല്ല മറിച്ച്, ഒരുതരം വിപണന വൈകല്യത്തിൽ നിന്ന് പിറക്കുന്നതാണ്. ഇങ്ങനെ ചെയ്യുന്നവർക്ക് തീറ്റയാകാനേ ഇത്തരം ലൊക്കേഷൻ ലീക്കുകൾ ഉപകരിക്കൂ.
യഥാർഥ സിനിമ സ്നേഹികൾ അറിയാൻ വേണ്ടി ഒരു കാര്യം വിനയപുരസ്സരം പറഞ്ഞുകൊള്ളട്ടെ:
ഒരു സിനിമ ഇറങ്ങുന്നതിനു മുൻപ് അതിനെ കുറിച്ച് ഊഹാപോഹങ്ങൾ പടച്ച്, അത് പറഞ്ഞു പരത്താൻ നോക്കുന്നത്, ഒരു കല എന്ന നിലയിലും വ്യവസായം എന്ന നിലയിലും സിനിമയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്. അത് ചെയ്യുന്നവരെ ദയവുചെയ്ത് പ്രോത്സാഹാഹിപ്പിക്കാതിരിക്കുക.സസ്നേഹം,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.