തിരുവനന്തപുരം: പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റും അഭിനേത്രിയുമായ സി.ആർ. ആനന്ദവല്ലി (6 7) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഉച്ചക്ക് 3.15ഒാടെയായിരുന്നു അന് ത്യം. ഏറെനാളായി രക്താർബുദത്തിന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയോടെ രോഗം മൂർച ്ഛിക്കുകയായിരുന്നു. കൊല്ലം വെളിയത്ത് മണിപ്പുഴ വീട്ടിൽ രാമൻപിള്ളയുടെയും ചെമ്പകക്കുട്ടിയമ്മയുടെയും മകളായി 1952 ജനുവരി 14ന് ജനിച്ച ആനന്ദവല്ലി നാല് പതിറ്റാണ്ടുകാലം സിനിമ ഡബ്ബിങ് രംഗത്തെ നിറസാന്നിധ്യമായിരുന്നു. മൂവായിരത്തിലേറെ സിനിമകളിൽ പ്രവർത്തിച്ചു. കെ.പി.എ.സി, കാളിദാസ കലാകേന്ദ്രം തുടങ്ങി നിരവധി സമിതികളുടെ നാടകവേദികളിൽ സജീവമായിരുന്നു.
1969ൽ കോട്ടയം ചെല്ലപ്പെൻറ ‘ചിതല് കയറിയ ഭൂമി’ എന്ന നാടകത്തിലായിരുന്നു അരങ്ങേറ്റം. ‘എനിക്ക് മരണമില്ല’ നാടകത്തിലെ അഭിനയത്തിന് 1978ൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. തോപ്പിൽ ഭാസിയുമായുള്ള പരിചയത്തിലൂടെയാണ് സിനിമയിലെത്തിയത്. 1973ലെ ‘ദേവി കന്യാകുമാരി’ എന്ന മെറിലാൻഡ് ചിത്രത്തിനാണ് ആദ്യം ഡബ്ബ് ചെയ്തത്. ഏണിപ്പടികളാണ് അഭിനയിച്ച ആദ്യചിത്രം. പൂർണിമ ജയറാം, ഗീത, സുമലത, മാധവി, മേനക, അംബിക, ഉർവശി, കാർത്തിക, പാർവതി, ഗൗതമി, സുഹാസിനി, ശോഭന തുടങ്ങിയ പ്രമുഖ നടിമാർക്ക് ശബ്ദം നൽകി. 1992ൽ ‘ആധാര’ത്തിലൂടെ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. തൂവാനത്തുമ്പികളിലെ ക്ലാരയും മഞ്ഞിൽ വിരിഞ്ഞപൂക്കളിലെ പ്രഭയും കന്മദത്തിലെ മുത്തശ്ശിയുമെല്ലാം ആനന്ദവല്ലിയുടെ കരിയറിലെ ശ്രദ്ധേയപ്രകടനങ്ങളാണ്.
1997ൽ സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷെൻറ കലൈ സെൽമം പുരസ്കാരം, 1997ൽ ചലച്ചിത്ര പ്രതിഭക്കും 2007ൽ മികച്ച കഥാകാരിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്, 2009ൽ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം, 2011ൽ സൗത്ത് ഇന്ത്യൻ സിനി ആർട്ടിസ്റ്റ് ആൻഡ് ഡബ്ബിങ് യൂനിയെൻറ കുറൽ സെൽവം, 2015ൽ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള കേരള ടെലിവിഷൻ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2002ൽ പുറത്തിറങ്ങിയ ‘മഴത്തുള്ളിക്കിലുക്ക’ത്തിൽ നടി ശാരദക്കുവേണ്ടിയാണ് അവസാനം ഡബ്ബ് ചെയ്തത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘നീലക്കുയിൽ’ എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിെക്കയാണ് മരണം. മക്കൾ: പരേതനായ സംവിധായകൻ ദീപൻ, അനുലക്ഷ്മി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് നേമം മേരിലാൻറ് സ്റ്റുഡിയോക്ക് സമീപത്തെ വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.