സിനിമ സമരം ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ദേശവുമായി ഫെഫ്ക

കൊച്ചി: സിനിമ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാറിന്‍െറയും തിയറ്റര്‍ ഉടമകള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍ എന്നിവരുടെയും മുന്നില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതായി സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. സര്‍ക്കാര്‍ മുന്നോട്ടുവെച്ച പാക്കേജില്‍ ഭേദഗതി വരുത്തിയാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതെന്ന് അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

സമരം ലാഭവിഹിതത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായതിനാല്‍ ബന്ധപ്പെട്ട സംഘടനകള്‍ ചര്‍ച്ചയിലൂടെയാണ് പ്രശ്നം പരിഹരിക്കേണ്ടത്. ഇതില്‍ സര്‍ക്കാറിന് ഇടപ്പെടുന്നതില്‍ പരിമിതിയുണ്ട്. സിനിമാ ചിത്രീകരണം തുടരാന്‍ സാഹചര്യമൊരുക്കണം. സമരംമൂലം സാങ്കേതിക രംഗത്തെ തൊഴിലാളികള്‍ക്ക് തൊഴിലില്ലാതായിരിക്കുകയാണ്. പ്രശ്നം പഠിക്കാന്‍ സമയം വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്. സമയബന്ധിതമായി പ്രശ്നം പരിഹരിക്കാന്‍ ലാഭവിഹിത കാര്യത്തില്‍ തല്‍ക്കാലം തല്‍സ്ഥിതി നിലനിര്‍ത്തണം. സമരത്തിന് കാരണമായത് വ്യവസായ തര്‍ക്കമായതിനാലും വിഴുപ്പലക്കലില്‍ താല്‍പര്യമില്ലാത്തതിനാലും ഇതില്‍ അഭിപ്രായം പറയേണ്ടെന്നാണ് ഫെഫ്കയുടെ തീരുമാനം. ഈ പ്രശ്നത്തിന്‍െറ പശ്ചാത്തലത്തില്‍ സിനിമാ റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അതോറിറ്റി വന്നാല്‍ സിനിമ മേഖലക്ക് തിരിച്ചടിയാവും. സംഘടനസ്വാതന്ത്ര്യം നഷ്ടപ്പെടും. സര്‍ക്കാറിന്‍െറയും ഉദ്യോഗസ്ഥരുടെയും നിയന്ത്രണത്തിലാവും കാര്യങ്ങള്‍.

മലയാളിയുടെ അഭിമാനമായ എം.ടിയെ ഒരു ചതുരക്കള്ളിയിലേക്ക് മാറ്റരുത്. എം.ടിയെ നിന്ദിക്കുന്നത് മലയാളത്തെ നിന്ദിക്കുന്നതിന് തുല്യമാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ഫെഫ്ക പ്രസിഡന്‍റ് സിബി മലയിലും പങ്കെടുത്തു.

 

Tags:    
News Summary - Fefka on cinema strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.