ചെന്നൈ: ആൾക്കൂട്ടത്തെയും കലെയയും സമന്വയിപ്പിച്ച് മലയാള സിനിമയെ ഉയരങ്ങളിലെത്തിച്ച സംവിധായകൻ െഎ.വി. ശശി (69) അന്തരിച്ചു. കരൾ അർബുദത്തിനു ചികിത്സയിലായിരുന്ന ശശി, ചൊവ്വാഴ്ച രാവിലെ 10.30ന് ഹൃദയസ്തംഭനത്തെ തുടർന്നാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറിന് ചെന്നൈ പൊരൂർ വൈദ്യുതി ശ്മശാനത്തിലാണ് സംസ്കാരം. പ്രമുഖ നടി സീമയാണ് ഭാര്യ. സംവിധായകൻ പ്രിയദർശനൊപ്പം പ്രവർത്തിക്കുന്ന സംവിധാന സഹായി അനി, അനു (ആസ്ട്രേലിയ) എന്നിവരാണ് മക്കൾ. മരുമകൻ: മിലൻ നായർ. ആസ്ട്രേലിയയിലുള്ള മകളുടെ അടുത്തേക്ക് ചൊവ്വാഴ്ച്ച വൈകുന്നേരം പോകാനുള്ള ഒരുക്കത്തിലായിരുന്നു. അനു ഇന്ന് വൈകീട്ട് മൂന്നോടെ ചെന്നൈയിെലത്തും.
മൃതദേഹം സാലിഗ്രാമം സ്റ്റേറ്റ് ബാങ്ക് കോളനി അബുസാലി സ്ട്രീറ്റിലെ വീട്ടിൽ െപാതുദർശനത്തിന് വെച്ചപ്പോൾ സംവിധായകന്മാരായ കെ.എസ്. സേതുമാധവൻ, ഹരിഹരൻ, പ്രിയദർശൻ, ഭാരതി രാജ, നടന്മാരായ മോഹൻലാൽ, കമൽ ഹാസൻ, നടിമാരായ ശാരദ, ലിസി, രാധിക ശരത്കുമാർ, രമ്യകൃഷ്ണൻ, പാർവതി, നടൻ നരേൻ. ഡി.എം.ഡി.കെ അധ്യക്ഷനും സിനിമാതാരവുമായ വിജയ്കാന്ത് തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിയായ ഇരുപ്പം വീട് ശശിധരൻ എന്ന െഎ.വി. ശശി മലയാളത്തിൽ ഏറ്റവും അധികം ചിത്രങ്ങൾ സംവിധാനം ചെയ്ത ഹിറ്റ് മേക്കറാണ്. 1975-2009 കാലത്ത് വിവിധ ഭാഷകളിൽ 150ഒാളം ചിത്രങ്ങൾ ഒരുക്കി. ഇവയിൽ നൂറോളം, നൂറു ദിവസം തിയറ്ററുകൾ തകർത്തോടി. സിനിമയുടെ പൊതുസദാചാരസങ്കൽപത്തെ കടപുഴക്കിയ ‘അവളുടെ രാവുകൾ’’ ശശിയുടെ മാസ്റ്റർപീസാണ്. ചിത്രത്തിലെ നായിക സീമയാണ് പിന്നീട് അദ്ദേഹത്തിെൻറ ജീവിതസഖിയായത്. ഹിറ്റുകൾക്കൊപ്പം എം.ടി. വാസുദേവൻ നായർ, പത്മരാജൻ എന്നിവർക്കൊപ്പം മികച്ച രചനകളും ശശിയുടെ സവിേശഷമുദ്രയിൽ ഇറങ്ങി.
1982ല്‍ ‘ആരൂഢ’ത്തിന് മികച്ച ദേശീയോദ്ഗ്രഥ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. രണ്ടുതവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ഒരുതവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡും ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡും നേടി. ആറു തവണ ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഫിലിം ഫെയറിെൻറ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരവും ലഭിച്ചു. 2015ൽ സമഗ്രസംഭാവനക്ക് ജെ.സി. ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചു.
മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽനിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. 1968ൽ ‘കളിയല്ല കല്യാണം’ എന്ന സിനിമയിൽ കലാസംവിധായകനായാണ് തുടക്കം. പിന്നീട് ഛായാഗ്രഹണ സഹായിയും തുടർന്ന് സഹ സംവിധായകനുമായി. 1975ല്‍ ഇറങ്ങിയ ‘ഉത്സവ’മാണ് ആദ്യ ചിത്രം. 2009ൽ പുറത്തിറങ്ങിയ വെള്ളത്തൂവൽ ആണ് അവസാന ചിത്രം. ശാരീരിക അസ്വസ്ഥതകൾക്കിടയിലും, അന്തരിച്ച ടി. ദാമോദരെൻറ രചന അഭ്രപാളിയിൽ എത്താനുള്ള ആഗ്രഹം ബാക്കിവെച്ചാണ് അദ്ദേഹം കടന്നുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.