തിരുവനന്തപുരം: ഈ വർഷത്തെ ഐ.എഫ്.എഫ്.കെ ഡിസംബർ 7മുതൽ 13 വരെയുള്ള തീയതികളിൽ നടക്കും. പ്രളയത്തിൻെറ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കിയാണ് നടത്തുക. ഏഴ് ദിവസം മാത്രം നീണ്ടു നിൽക്കുന്ന മേളയിൽ 14 തിയേറ്ററുകളിലായി 150ഓളം സിനിമകൾ പ്രദർശിപ്പിക്കും. ചലച്ചിത്ര അക്കാദമി പ്രവർത്തകർ വാർത്തതാസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഡെലിഗേറ്റ് ഫീസ് 2000 രൂപയും വിദ്യാർഥികൾക്ക് 1000 രൂപയുമാണ് ഈടാക്കുക.റീജിയണൽ സെന്ററുകൾ വഴി 2500 പാസുകൾ നൽകും. അഞ്ച് സെന്ററുകളിലായി 500 പാസുകൾ വീതമാണ് നൽകുക. നവംബർ 10ന് ഓണലൈൻ രജിസ്‌ട്രേഷൻ തുടങ്ങും. ഇത്തവണ ഫ്രീ പാസുകൾ ഉണ്ടാകില്ല. ഗസ്റ്റുകൾക്ക് മാത്രമായിരിക്കും ഫ്രീ പാസ് ലഭിക്കുക. 200 പാസുകൾ 50 വയസ് കഴിഞ്ഞവർക്കായി നീക്കിവെക്കും. പണം നൽകിയുള്ള സാംസ്കാരിക പരിപാടികൾ ഇത്തവണ ഉണ്ടാകില്ലെന്നും സംഘാടകർ അറിയിച്ചു.
ഇത് കൂടാതെ ഐ.എഫ്.എഫ്.കെ ചാലഞ്ച് കാമ്പയിൻ തുടങ്ങാനും ചലച്ചിത്ര അക്കാദമി തീരുമാനിച്ചിട്ടുണ്ട്. മുൻ നിശ്ചയിച്ച പ്രകാരം സ്പോണസർഷിപ്പിലുടെ കൂടുതൽ തുക കണ്ടെത്താൻ ശ്രമിക്കുമെന്നും അക്കാദമി അറിയിച്ചു. മേളയിൽ 14 മലയാള സിനിമകൾ പ്രദർശിപ്പിക്കും. 93 സിനിമകളിൽ നിന്നാണ് 14 ചിത്രങ്ങൾ തിരഞ്ഞെടുത്തത്. മലയാളത്തിൽ നിന്ന് സുഡാനി ഫ്രം നൈജീരിയയും ഈ.മ.യൗവും മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിൽ തെരഞ്ഞെടുത്തവരിൽ പത്തും നവാഗത സംവിധായകരുടെ സിനിമയാണ്. കെ.എസ്.എഫ്.ഡി.സി തിയേറ്റർ, നിശാഗന്ധി, ടാഗോർ എന്നിവ സൗജന്യമായി ലഭിച്ചെന്നും ചലച്ചിത്ര അക്കാദമി പ്രവർത്തകർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.