ഉദാഹരണം സുജാത കെ.ആര്‍. നാരായണനെ അധിക്ഷേപിച്ചെന്ന് പരാതി 

കോട്ടയം: മഞ്ജു വാര്യർ മുഖ്യകഥാപാത്രത്തെ അഭിനയിച്ച 'ഉദാഹരണം സുജാത'' എന്ന സിനിമയിൽ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനെ അധിക്ഷേപിച്ചെന്ന് പരാതി. കെ.ആര്‍. നാരായണനെ ജാതീയമായി അധിക്ഷേപിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കും സെന്‍സര്‍ ബോര്‍ഡിനും എതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.ആര്‍. നാരായണന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് മുഖ്യമന്ത്രി, സാംസ്‌ക്കാരിക  പട്ടികജാതി വകുപ്പ് മന്ത്രി, പട്ടികജാതി, പട്ടികവകുപ്പ് കമീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

ഉദാഹരണം സുജാതയിൽ ചിത്രത്തില്‍ നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രം മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തോടു പറയുന്നതായിട്ടാണ് അധിക്ഷേപം അടങ്ങിയ ഭാഗം ചിത്രീകരിച്ചിട്ടുള്ളത്. പിതാക്കന്‍മാരുടെ ജോലി തന്നെ മക്കള്‍ ചെയ്യേണ്ടിവന്നാല്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ തെങ്ങുകയറ്റക്കാരനാകേണ്ടി വരുമെന്നാണ് നെടുമുടി വേണുവിന്‍റെ കഥാപാത്രം പറയുന്നത്. യഥാര്‍ഥത്തില്‍ നാരായണന്‍റെ പിതാവ് നാട്ടുവൈദ്യനാണെന്നിരിക്കെ ഇത്തരത്തിലൊരു പരാമര്‍ശം ഉള്‍പ്പെടുത്തിയത് അദ്ദേഹത്തെ ബോധപുര്‍വ്വം അധിക്ഷേപിക്കുന്നതിനു വേണ്ടിയാണെന്ന് എബി ജെ. ജോസ് ചൂണ്ടിക്കാട്ടി. 

കൂടാതെ മുന്‍ രാഷട്രപതി അബ്ദുള്‍ കലാം  മീന്‍പിടുത്തക്കാരനാകേണ്ടയാളാണെന്നും ഇതിനൊപ്പം പറയുന്നുണ്ട്. അബ്ദുൽ കലാമിന്‍റെ പിതാവ് ബോട്ടുകള്‍ വാടകക്കു കൊടുക്കുന്ന ജോലി നോക്കിയിരുന്ന വ്യക്തിയായിരുന്നുവെന്നിരിക്കെയാണ് തെറ്റായ പരാമര്‍ശം സിനിമയില്‍ ഉള്‍പ്പെടുത്തിട്ടുള്ളത്. കലയുടെ പേരില്‍ എന്തും പറയാമെന്ന ധാരണ ചലചിത്ര പ്രവര്‍ത്തകര്‍ വച്ചു പുലര്‍ത്തുന്നതാണ് ഇത്തരം സംഭവങ്ങള്‍ക്കു പിന്നിലെന്നു കെ.ആര്‍. നാരായണന്‍ ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി. പ്രദര്‍ശനത്തിനെത്തിച്ച സിനിമയില്‍ ഈ ഭാഗം ഉള്‍പ്പെട്ടത് സെന്‍സര്‍ ബോര്‍ഡിന്‍റെ പിടിപ്പുകേടാണ്. 

ഇതുമായി ബന്ധപ്പെട്ട സിനിമ പ്രവര്‍ത്തകര്‍ ഖേദം പ്രകടിപ്പിക്കണമെന്നും അധിക്ഷേപകരമായ ഭാഗം അടിയന്തിരമായി ചിത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും എബി ജെ. ജോസ് ആവശ്യപ്പെട്ടു.

Tags:    
News Summary - Insulted K R Narayanan-Complaint against Udaharanam sujatha: kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.