കൊച്ചി: കൊച്ചി മേയർ സൗമിനി ജയിനിനെ അപമാനിക്കുകയും ഭീഷണപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ ചലച്ചിത്ര സംവിധായകൻ ജൂഡ് ആൻറണി ജോസഫിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ബുധനാഴ്ച രാത്രി 10ഒാടെ സെൻട്രൽ സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടത്. തന്നെ ഭീഷണിപ്പെടുത്തുകയും അപകീർത്തികരമായ രീതിയിൽ സംസാരിക്കുകയും ചെയ്തെന്ന് കാണിച്ച് തിങ്കളാഴ്ച മേയർ സെൻട്രൽ പൊലീസിന് പരാതി നൽകിയിരുന്നു. ഭീഷണിപ്പെടുത്തലിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.
എറണാകുളത്തെ സുഭാഷ് പാർക്ക് സിനിമ ചിത്രീകരണത്തിന് വിട്ടുനൽകണമെന്ന് ജൂഡ് ആവശ്യപ്പെട്ടത് മേയർ നിരസിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. കൗൺസിൽ തീരുമാനപ്രകാരം പാർക്ക് ചിത്രീകരണത്തിന് വിട്ടുനൽകാനാവില്ലെന്ന് മേയർ അറിയിക്കുകയായിരുന്നു. ഇതിൽ ക്ഷുഭിതനായ സംവിധായകൻ മേയറെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുന്ന രീതിയിൽ സംസാരിച്ചെന്നുമാണ് കേസ്. ശനിയാഴ്ചയായിരുന്നു സംഭവം. തുടർന്ന്, മേയർ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. താൻ സ്ത്രീയായതുകൊണ്ടാണ് സംവിധായകൻ ഇത്തരത്തിൽ പെരുമാറിയതെന്നും പുരുഷനായിരുന്നെങ്കിൽ ധൈര്യപ്പെടില്ലെന്നും മേയർ പറഞ്ഞു. എന്നാൽ, താൻ മേയറെ അപമാനിച്ചിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ജൂഡ് ആൻറണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.