വിദ്യാ ബാലനെതിരായ വിവാദ പരാമർശം; വിശദീകരണവുമായി കമൽ

കോഴിക്കോട്​: മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന സിനിമയായ ആമിയുടെ റിലീസിന്​ മുന്നോടി​യായി നൽകിയ അഭിമുഖത്തിലെ വിവാദ പരാമർശത്തിന്​ വിശദീകരണവുമായി കമൽ. വിദ്യ ബാലൻ ആമിയെ അവതരിപ്പിച്ചാൽ അതിൽ ലൈംഗികത കടന്നു വരുമായിരുന്നു എന്ന പ്രസ്​താവന കമൽ നടത്തിയെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്​. 

കമലി​​െൻറ വിശദീകരണ കുറിപ്പ്​:  എന്‍റെ അഭിമുഖത്തിലെ ഒരു പരാമര്‍ശത്തെ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ഒരു കാര്യം വ്യക്തമാക്കട്ടെ. സംസാരത്തിനിടെ സാന്ദര്‍ഭികമായി പറഞ്ഞ രണ്ടു കാര്യങ്ങള്‍ അടര്‍ത്തി മാറ്റി ഒരുമിച്ചുചേര്‍ത്തതുകൊണ്ടാണ് തെറ്റിദ്ധാരണാജനകമായ രീതിയില്‍ ആ പ്രസ്താവന അച്ചടിച്ചുവന്നത്. മാധവിക്കുട്ടിയുടെ ലൈംഗികതയെയും ശാലീനതയെയും സംബന്ധിച്ച വേറിട്ട രണ്ടു പരാമര്‍ശങ്ങള്‍ ചേര്‍ത്തുവെച്ചതുകൊണ്ട് ‘ആമി’യില്‍ ഞാന്‍ അവതരിപ്പിക്കുന്ന മാധവിക്കുട്ടി ശാലീനയായ നാട്ടിന്‍പുറത്തുകാരിയാണെന്ന ധാരണ സൃഷ്ടിക്കപ്പെട്ടു. വാസ്തവത്തില്‍ ഞാന്‍ പറഞ്ഞതും ഉദ്ദേശിച്ചതും അങ്ങനെയല്ല.

മാധവിക്കുട്ടി എന്ന, മലയാളം നെഞ്ചിലേറ്റുന്ന എഴുത്തുകാരി എന്തായിരുന്നോ, ആ വ്യക്തിത്വത്തിന്റെ എല്ലാ സങ്കീര്‍ണതകളും ഉള്‍ക്കൊള്ളുന്നുണ്ട് ‘ആമി’യിലെ മാധവിക്കുട്ടി. അതില്‍ നാട്ടിന്‍പുറത്തെ തെളിമയാര്‍ന്ന മലയാളത്തില്‍, അതിന്റെ മനോഹരമായ മൊഴിവഴക്കത്തില്‍ സംസാരിക്കുന്ന നാട്ടിന്‍പുറത്തുകാരിയായ മാധവിക്കുട്ടിയും സ്ത്രീലൈംഗികതയെക്കുറിച്ച് സങ്കോചമില്ലാതെ സംസാരിച്ചുകൊണ്ട് ആണ്‍കോയ്മയെയും കേരളത്തിന്റെ ഇസ്തിരിയിട്ട സദാചാരബോധത്തെയും പൊള്ളിച്ച വിപ്ലവകാരിയായ എഴുത്തുകാരിയും ഒരുപേലെ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.

‘ആമി’യിലെ മാധവിക്കുട്ടിയെ അവതരിപ്പിച്ചത് വിദ്യാബാലനായിരുന്നെങ്കില്‍ ലൈംഗികതയുടെ സ്പര്‍ശമുള്ള രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ സംവിധായകനെന്ന നിലയില്‍ എനിക്ക് കൂടുതല്‍ സ്വാതന്ത്ര്യം കിട്ടുമായിരുന്നു എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. സില്‍ക് സ്മിതയുടെ ജീവിതം പറയുന്ന ‘ദ ഡേര്‍ട്ടി പിക്ചറി’ല്‍ നായികാവേഷമണിഞ്ഞ വിദ്യാബാലന്റെ പ്രതിച്ഛായ പ്രേക്ഷകര്‍ക്ക് പരിചിതമാണല്ലോ. എന്നാല്‍ മഞ്ജു വാര്യര്‍ക്ക് കേരളത്തിലുള്ള പ്രതിച്ഛായ അങ്ങനെയല്ല. അതുകൊണ്ടുതന്നെ ചിത്രീകരണവുമായി ബന്ധപ്പെട്ട ഒരു സ്വാതന്ത്ര്യത്തിന്റെ പരിമിതി എനിക്കുണ്ടായിരുന്നു.

എന്നാല്‍, ലൈംഗികതയുടെ ശക്തമായ അടിയൊഴുക്കുള്ള ഒരു രംഗം അവതരിപ്പിക്കാന്‍ മഞ്ജുവിന് കഴിയും. അതിനുള്ള ഉത്തമ ഉദാഹരണമാണ് ‘കണ്ണെഴുതി പൊട്ടുംതൊട്ട്.’ ജയഭാരതി ‘ഇതാ ഇവിടെ വരെ’യില്‍ അവതരിപ്പിച്ചതുപോലുള്ള വേഷമാണ് മഞ്ജു അതില്‍ അവതരിപ്പിച്ചത്. വൈകാരികത ഒട്ടും ചോര്‍ന്നുപോവാതെയാണ് അത്തരം രംഗങ്ങള്‍ മഞ്ജു അവതരിപ്പിച്ചിട്ടുള്ളതെന്നു കാണാം. അതുകൊണ്ടുതന്നെ മാധവിക്കുട്ടിയുടെ വൈകാരിക ലോകത്തെ അതിന്റെ എല്ലാവിധ സങ്കീര്‍ണതകളോടെയും ഭാവങ്ങളിലൂടെ അനായാസമായി ആവിഷ്‌കരിക്കാന്‍ മഞ്ജു വാര്യര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

‘എന്റെ കഥ’യില്‍ നാം കണ്ടിട്ടുള്ള മാധവിക്കുട്ടി മാത്രമല്ല ‘ആമി’യില്‍ ഉള്ളത്. അതിനപ്പുറത്തും അവര്‍ക്കൊരു ജീവിതമുണ്ടായിരുന്നു. തനി നാട്ടുഭാഷയില്‍ സംസാരിക്കുന്ന ശാലീനയായ ഒരു നാട്ടിന്‍പുറത്തുകാരിയെ നാം അവരില്‍ കണ്ടിട്ടുണ്ട്. ആ ഭാഷയും ഭാവവും മഞ്ജു അതിമനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.

ഇരുവരെയും താരതമ്യം ചെയ്യുമ്പോള്‍ മഞ്ജു തന്നെയാണ് ഈ വേഷം അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യം എന്ന് ബോധ്യപ്പെട്ടുവെന്ന കാര്യമാണ് ഞാന്‍ വായനക്കാരുമായി പങ്കുവെക്കാന്‍ ഉദ്ദേശിച്ചത്. അത് ലൈംഗികതയെയും ശാലീനതയെയും സംബന്ധിച്ച വേറിട്ട പരാമര്‍ശങ്ങളെ ചേര്‍ത്തുവെച്ചതിനാലും എന്റെ സംസാരം കേട്ടെഴുതിയപ്പോള്‍ വന്ന പിഴവുകളാലും തെറ്റിദ്ധാരണാജനകമായി മാറുകയായിരുന്നു. അക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഈ വിശദീകരണക്കുറിപ്പ്

Tags:    
News Summary - Kamal On Vidya Balan Controversy - Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.